അകാലത്തിലുള്ള ഞെട്ടിക്കുന്ന വേര്‍പാട് ആയിരുന്നു കലാഭവന്‍ നവാസിന്റേത്. അതിന്റെ വേദനയില്‍ നിന്നും ആഘാതത്തില്‍ നിന്നും പുറത്തേക്ക് വരാന്‍ നവാസിന്റെ ഭാര്യയ്ക്കും മക്കള്‍ക്കും ഇപ്പോഴും കഴിഞ്ഞിട്ടില്ല. ഭര്‍ത്താക്കന്മാര്‍ മരിച്ചാല്‍ മറയിരിക്കല്‍ എന്ന ചടങ്ങുണ്ട്. മൂന്നരമാസത്തോളമുള്ള ആ ചടങ്ങ് കഴിഞ്ഞെങ്കിലും വീടിന് പുറത്തേക്ക് പോലും ഇറങ്ങാറില്ല രഹ്ന. ഇപ്പോഴിതാ, അഞ്ചു മാസങ്ങള്‍ക്കിപ്പുറം നവാസ് അവസാനമായി അഭിനയിച്ച പ്രകമ്പനം എന്ന ചിത്രം റിലീസായപ്പോള്‍ അതുകാണാന്‍ മൂന്നു മക്കള്‍ക്കും ഒപ്പം തീയേറ്ററിലേക്ക് എത്തുകയായിരുന്നു രഹ്ന.
സാധാരണ നവാസിന്റെ കൈപിടിച്ച് തിളങ്ങുന്ന ഉടുപ്പിട്ട് മെയ്ക്കപ്പുകള്‍ ചെയ്ത് ഇണക്കുരുവികളെ പോലെ തീയേറ്ററിലേക്ക് എത്തിയിരുന്ന ആളായിരുന്നു രഹ്ന. ഇരുവരും ഒരുമിച്ച് അഭിനയിച്ച ഒരു ചിത്രം കാണുവാന്‍ ഒരുമിച്ച് തീയേറ്ററിലേക്കെത്തിയ ദൃശ്യങ്ങള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയിലുണ്ട്. എന്നാല്‍ മാസങ്ങള്‍ക്കിപ്പുറം രഹ്ന മക്കള്‍ക്കൊപ്പം എത്തിയത് കറുപ്പ് വീണ കണ്ണുകളോടെയായിരുന്നു.
വെളുത്ത ചുരിദാറിട്ട് മുഖത്ത് ഒരു തരി മേക്കപ്പു പോലും ഇല്ലാതെ ഇപ്പോഴും സങ്കടം തളംകെട്ടി നില്‍ക്കുന്ന മുഖമായിരുന്നു തീയേറ്ററില്‍ എത്തിയവര്‍ രഹ്നയുടെ മുഖത്ത് കണ്ടത്. കണ്ണിനു ചുറ്റും കറുപ്പ് ബാധിച്ച് മെലിഞ്ഞ് രൂപത്തില്‍ തന്നെ ഏറെ മാറ്റങ്ങള്‍ വന്നിട്ടുണ്ട് രഹ്നയ്ക്ക്. മകള്‍ക്കും ഇളയ മകനും അരികെ നിന്നിരുന്ന രഹ്നയ്ക്ക് മുന്നിലേക്ക് ക്യാമറകള്‍ എത്തിയപ്പോള്‍ ചോദിച്ച ചോദ്യങ്ങളോട് ഒന്നും ചോദിക്കല്ലേ.. എനിക്കൊന്നും പറയാനില്ല.. എന്നു ശബ്ദം പോലും പുറത്തുവരാതെ ആംഗ്യത്തിലൂടെ പറഞ്ഞൊപ്പിച്ച രഹ്ന പിന്നാലെ പൊട്ടിക്കരയുകയായിരുന്നു.
തൊട്ടടുത്ത് നിന്നിരുന്ന ഇളയമകന്‍ ഓടിയെത്തിയപ്പോഴേക്കും മകന്റെ നെഞ്ചിലേക്ക് ചാഞ്ഞ് കരയുകയായിരുന്നു രഹ്ന. അല്‍പം ദൂരെയായിരുന്ന മൂത്തമകന്‍ പിന്നാലെ എത്തുകയും മൂന്നു മക്കളും ചേര്‍ന്ന് ഉമ്മയേയും കൊണ്ട് അവിടെ നിന്നും പോവുകയും ആയിരുന്നു.
എന്നാല്‍ നവാസിന്റെ കുടുംബത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയും ചോദ്യങ്ങള്‍ ചോദിച്ചും ബുദ്ധിമുട്ടിച്ച യുട്യൂബേഴ്‌സിനെതിരെ സമൂഹമാധ്യമങ്ങളില്‍ കടുത്ത അമര്‍ഷം ഉയരുകയാണ്. രഹ്ന കരയുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച യുട്യൂബേഴ്‌സിന്റെ ഔചിത്യമില്ലാത്ത പെരുമാറ്റത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.
വിതുമ്പി നില്‍ക്കുന്ന രഹ്നയുടെ അടുത്തേക്ക് മൈക്കുമായി ചെന്ന് പ്രതികരണം ചോദിക്കുകയായിരുന്നു ചില യുട്യൂബേഴ്‌സ്. ഒരാളുടെ സ്വകാര്യത പോലും മാനിക്കാതെ ഇത്തരത്തില്‍ കടന്നുകയറുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് സിനിമാ പ്രേമികളും അഭിപ്രായപ്പെട്ടു.
കലാഭവന്‍ നവാസിനെക്കുറിച്ച് വികാരാധീനനായി സംസാരിക്കുന്ന ഭാര്യാപിതാവും നാടകപ്രവര്‍ത്തകനുമായ കൊച്ചിന്‍ ഹസ്സനാറിന്റെ വീഡിയോയും പുറത്ത് വരുന്നുണ്ട്. കലാഭവന്‍ നവാസ് രചനയും സംവിധാനവും നിര്‍വഹിച്ച നാടകത്തിന്റെ അവതരണ വേദിയിലായിരുന്നു വികാരനിര്‍ഭരമായ രംഗങ്ങള്‍ അരങ്ങേറിയത്. നവാസ് അവസാനമായി അഭിനയിച്ച സിനിമയെക്കുറിച്ച് പരാമര്‍ശിച്ച് സംസാരിക്കുന്നതിന് ഇടയില്‍ കൊച്ചിന്‍ ഹസ്സനാരുടെ വാക്കുകള്‍ ഇടറി.
എനിക്ക് രണ്ട് പെണ്‍കുട്ടികള്‍ ആണ്. അതില്‍ ഇളയ ആളാണ് രഹന. എന്റെ രണ്ടു മക്കളും മരുമക്കളാണ്. വീട്ടിലേക്കു വന്നു കയറിയ പുത്രന്മാര്‍ രണ്ടുപേരും നല്ല പുത്രന്മാരായിരുന്നു. 22 വര്‍ഷമായി എന്റെ കൂടെ ആയിരുന്നു എന്റെ മരുമോന്‍. മരുമോന്‍ അല്ലായിരുന്നു, മകനായിരുന്നു. എല്ലാം അറിഞ്ഞു ചെയ്യുന്ന ആളായിരുന്നു. ഇതുവരെ ഒരാളെ പറ്റി പോലും മോശം പറഞ്ഞിട്ടില്ല. നവാസ്.. നീറ്റല്‍ തന്നു പോയി. പുതിയ നാടകം എഴുതിക്കൊണ്ടിരിക്കുകയായിരുന്നു. 12 പേജോളം എഴുതി. എന്നോട് കഥ പറഞ്ഞു തന്നു. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന നാടകം മാറ്റി ഇതു ചെയ്യാമെന്നു പറഞ്ഞു. പക്ഷേ, അവന്‍ പോയി,' ഹസ്സനാരിന്റെ വാക്കുകള്‍.
കലാഭവന്‍ നവാസ് രചനയും സംവിധാനവും നിര്‍വഹിച്ച 'ഇന്ന്' എന്ന നാടകം കാണാന്‍ കുടുംബാംഗങ്ങള്‍ക്കു പുറമെ അടുത്ത സുഹൃത്തുക്കളും എത്തിയിരുന്നു. 'നവാസിന്റെ സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും കാണുമ്പോള്‍ സ്‌നേഹവും സന്തോഷവുമാണ് തോന്നുന്നത്,' ഹസ്സനാര്‍ പറഞ്ഞു. അകാലത്തില്‍ വിട പറഞ്ഞ നവാസ് അവസാനമായി അഭിനയിച്ച പ്രകമ്പനം എന്ന സിനിമയെക്കുറിച്ചും ഹസ്സനാര്‍ വാചാലനായി. 'എന്റെ മകന്‍' എന്നു പരാമര്‍ശിച്ചുകൊണ്ടായിരുന്നു അദ്ദേഹം കലാഭവന്‍ നവാസിനെക്കുറിച്ച് സംസാരിച്ചത്. 'എന്റെ മകന്‍ അവസാനമായി അഭിനയിച്ച സിനിമ പ്രകമ്പനം റിലീസ് ആവുകയാണ്. എല്ലാവരും കാണണം. തിയറ്ററില്‍ പോയി തന്നെ കാണണം,' കൊച്ചിന്‍ ഹസ്സനാര്‍ പറഞ്ഞു. ഇനിയൊരു സിനിമയില്‍ അദ്ദേഹത്തെ കാണാന്‍ കഴിയില്ലല്ലോ എന്നൊരു ദുഃഖവും ഹസ്സനാര്‍ പങ്കുവച്ചു.
നവാസിന്റെ അപ്രതീക്ഷിത വിടവാങ്ങലിന്റെ ആഘാതത്തിലാണ് കുടുംബം. 2025 ഓഗസ്റ്റ് ഒന്നിനായിരുന്നു ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ നവാസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.