യുവനടന്‍ അമന്‍ ജയ്‌സ്വാളിന്റെ (23) അപകടമരണത്തില്‍ ഞെട്ടിയിരിക്കുകയാണ് സീരിയല്‍ ലോകം. വെള്ളിയാഴ്ച വൈകിട്ട് 3ന് മുംബൈ ജോഗേശ്വരിയിലെ ഹില്‍പാര്‍ക്ക് പ്രദേശത്ത് ഇരുചക്ര വാഹനത്തില്‍ ട്രക്കിടിച്ച് കയറിയായിരുന്നു അപകടം 'ധര്‍ത്തിപുത്ര നന്ദിനി' എന്ന പരമ്പരയിലൂടെ ശ്രദ്ധേയനായ നടനാണ് അമന്‍.
മറ്റൊരു പരമ്പരയുടെ ഓഡിഷനായി അമന്‍ പോകുന്നതിനിടെയായിരുന്നു അപകടം. ഉത്തര്‍പ്രദേശ് സ്വദേശിയാണ്. അപകടമുണ്ടാക്കിയ ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിഭാശാലിയായ യുവനടനെയാണു നഷ്ടപ്പെട്ടതെന്നു സഹപ്രവര്‍ത്തകര്‍ അനുസ്മരിച്ചു. സമൂഹമാധ്യമങ്ങളില്‍ അമന്റെ വിഡിയോയും ചിത്രങ്ങളും വൈറലാകാറുണ്ട്. അമന്റെ ഇന്‍സ്റ്റഗ്രാമിലെ അവസാന പോസ്റ്റാണ് ആരാധകര്‍ സങ്കടത്തോടെ ഷെയര്‍ ചെയ്യുന്നത്
പുതിയ സ്വപ്നങ്ങളും അനന്തസാധ്യതകളും തേടി 2025ലേക്ക് പ്രവേശിക്കുന്നു' എന്ന കുറിപ്പോടെ അമന്‍ പങ്കുവച്ച വിഡിയോ പോസ്റ്റിനു താഴെ അനുശോചന സന്ദേശങ്ങള്‍ നിറയുകയാണ്. കഥാപാത്രങ്ങളിലൂടെ ജീവിക്കണമെന്ന് ആഗ്രഹിച്ച അമന്റെ അകാലവിയോഗത്തിന്റെ സങ്കടത്തിലാണു വീട്ടുകാരും സുഹൃത്തുക്കളും.
സഹതാരം ഷഗുന്‍ സിങും വേദനയില്‍ കുറിപ്പുമായി രംഗത്തെത്തി. ധര്‍ത്തിപുത്ര് നന്ദിനിയില്‍ നായികയായിരുന്നു ഷഗുന്‍. കണ്‍മുമ്പില്‍ വച്ച് ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടൊരാള്‍ നഷ്ടപ്പെടുന്നതിന്റെ വേദന വാക്കുകളില്‍ വിവരിക്കാന്‍ കഴിയില്ലെന്ന് പൊട്ടിക്കരഞ്ഞു കൊണ്ട് ഷഗുന്‍ പറഞ്ഞു.
ഷഗുന്‍ സിങ്ങിന്റെ വാക്കുകള്‍: ഇത് ബുദ്ധിമുട്ടേറിയ സമയമാണ്. അമന്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആയിരുന്നുവെന്നത് എല്ലാവര്‍ക്കും അറിയാം. അദ്ദേഹം എന്റെ കുടുംബാംഗം പോലെയായിരുന്നു. തീര്‍ത്തും അപരിചതനായിരുന്നതില്‍ നിന്ന് എന്റെ അടുത്ത കൂട്ടുകാരനായി മാറി. പിന്നെ, എല്ലാം പങ്കുവയ്ക്കാന്‍ കഴിയുന്ന പിരിയാനാകാത്ത സുഹൃത്തുക്കളായി മാറി. സന്തോഷങ്ങളും വിഷമങ്ങളും നമ്മള്‍ ആദ്യം പറയാനാഗ്രഹിക്കുന്ന സുഹൃത്ത് ഉണ്ടാവില്ലേ. അങ്ങനെയൊരാള്‍. ഞങ്ങള്‍ പരസ്പരം ടോമും ജെറിയും എന്നായിരുന്നു വിളിച്ചുകൊണ്ടിരുന്നത്. ഞങ്ങളുടെ ഓണ്‍സ്‌ക്രീന്‍ ജോടിയെ പലരും അങ്ങനെയാണ് പറയാറുള്ളത്. അമന്‍ എപ്പോഴും എന്റെ ടോം ആയിരിക്കും.
കണ്‍മുമ്പില്‍ വച്ച് ജീവിതത്തില്‍ ഏറ്റവും സ്‌നേഹിക്കുന്ന ഒരാളെ നഷ്ടപ്പെടുക എന്നു പറയില്ലേ... എനിക്ക് ആ സങ്കടം വിവരിക്കാന്‍ വാക്കുകളില്ല. എനിക്ക് ആരുടെയും ഫോണ്‍ കോളുകള്‍ എടുക്കാന്‍ കഴിഞ്ഞില്ല. ക്ഷമിക്കണം. ആരോട് എന്തു പറയണം എന്ന് എനിക്കറിയുന്നുണ്ടായിരുന്നില്ല. എവിടെ ആണെങ്കിലും അമന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ. എന്നെ ഇങ്ങനെ കാണുന്നത് അദ്ദേഹത്തിന് ഒട്ടും ഇഷ്ടമാകില്ല എന്ന് എനിക്ക് അറിയാം. പക്ഷേ, എന്നെക്കോണ്ട് കഴിയുന്നില്ല. ഇനിയൊരു ജന്മമുണ്ടെങ്കില്‍ ഈ ജന്മത്തില്‍ സാധിക്കാതെ പോയതും പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയതുമായ എല്ലാ സ്വപ്നങ്ങളും ജോലികളും അദ്ദേഹത്തിന് സാക്ഷാത്ക്കരിക്കാന്‍ കഴിയട്ടെ,ഷഗുന്‍ സിങ് പറഞ്ഞു.
ധര്‍ത്തിപുത്രി നന്ദിനി എന്ന സീരിയലിലാണ് അമനും ഷഗുനും ഒരുമിച്ച് അഭിനയിച്ചത്. അമന്‍-ഷഗുന്‍ ജോടികള്‍ക്ക് നിരവധി ആരാധകരും ഉണ്ടായിരുന്നു. യഥാര്‍ഥ ജീവിതത്തിലും ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു.