മമ്മൂട്ടിയെ രാജ്യം ഒടുവില്‍ പത്മഭൂഷണ്‍ നല്‍കി ആദരിച്ചതിന്റെ സന്തോഷത്തിലാണ് ഓരോ മനുഷ്യനും. മമ്മൂട്ടിയെന്ന മനുഷ്യസ്‌നേഹിയെക്കുറിച്ച് നിരവധി അനുഭവങ്ങള്‍ കുറിപ്പുകളായി എത്താറുണ്ട്. ഇപ്പോളിതാ അത്തരത്തിലൊരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
നടനും സംവിധായകനും നിര്‍മാതാവുമായ പി ശ്രീകുമാറിന്റെ മകള്‍ ദേവി കൃഷ്ണകുമാര്‍ മമ്മൂട്ടിയെ കുറിച്ചെഴുതിയ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരുന്നത്. മമ്മൂട്ടി എന്ന മഹാമനുഷ്യന്‍ എന്ന അടിക്കുറിപ്പോടെയാണ് സുദീര്‍ഘമായ കുറിപ്പ് ദേവി പങ്കുവച്ചത്.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
മമ്മൂട്ടി എന്ന മഹാമനുഷ്യന്‍
എന്റെ കൗമാരപ്രായം.
നല്ല സിനിമ എടുക്കാനുള്ള പാച്ചിലില്‍ ഞങ്ങള്‍ക്ക് സ്വന്തം വീടൊക്കെ നഷ്ടമായി. വാടക വീട്ടില്‍ നിന്ന് വാടക വീട്ടിലേക്ക് ചേക്കേറുന്ന കാലം. അച്ഛന്റെ മാത്രം ശമ്പളത്തില്‍ അരിഷ്ടിച്ച് ജീവിക്കുന്ന സമയത്താണ് അച്ഛന്‍ ഒരു കഥ കണ്ടെത്തുന്നത്. പൊടുന്നനെ തന്നെ അതിന്റെ തിരക്കഥയും എഴുതി. മമ്മൂട്ടി എന്ന മഹാനടന്‍ അതില്‍ അഭിനയിക്കുകയാണെങ്കില്‍ നല്ല പ്രൊഡ്യൂസറിനെ കിട്ടും.
വീട്ടില്‍ അതേക്കുറിച്ചുള്ള ചര്‍ച്ചകളാണ് എന്നും. അദ്ദേഹത്തിന്റെ ഡേറ്റ് കിട്ടുകയാണെങ്കില്‍ ഞങ്ങളുടെ ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍ ഞാനും ഏട്ടനും സ്വപ്നം കാണാന്‍ തുടങ്ങി. അച്ഛന്റെ കണക്ക് കൂട്ടലുകളെക്കാള്‍ വലുതായിരുന്നു ഞങ്ങളുടെ സ്വപ്നങ്ങള്‍. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പൊയ്‌ക്കൊണ്ടിരിക്കുന്ന ഞങ്ങളുടെ ജീവിതം കളര്‍ ആകാന്‍ പോകുന്നു എന്ന ഒരു പ്രതീക്ഷ. അതൊരു ചെറിയ പ്രതീക്ഷ അല്ല.... അങ്ങനെ അച്ഛന്‍ മമ്മൂട്ടിയോട് കഥ പറയാന്‍ പോകുന്ന ദിവസം, സ്ഥലം ഒക്കെ തീരുമാനിച്ചു.
മമ്മൂട്ടി പൊന്തന്‍മാടയുടെ സെറ്റിലാണ് .താമസം ഗുരുവായൂരിലും.. ക്യാമറാമാന്‍ ഗോപി അങ്കിളിന്റെ കാറില്‍ ഗുരുവായൂര് പോകാന്‍ തീരുമാനിച്ചു. കാറില്‍ പിന്നെയും സ്ഥലം ഉണ്ടായിരുന്നതിനാല്‍ അമ്മയും എന്നെയും അച്ഛന്‍ കൂടെ കൂട്ടി ഗുരുവായൂരും തൊഴാമല്ലോ.. അങ്ങനെ കുചേല കുടുംബം ഗുരുവായൂരില്‍ കൃഷ്ണനെ കാണാന്‍ പോകുന്നു.
ഭഗവാനെ കാണാന്‍ കുചേലന്‍ പോകുന്നതുപോലെ അവില്‍ ഒന്നും പൊതിഞ്ഞു കെട്ടി പോയില്ല .. പക്ഷേ കയ്യില്‍ ഉണ്ടായിരുന്ന ഒരു മഞ്ഞ പട്ടുപാവാടയും കാപ്പിപ്പൊടി നിറത്തില്‍ ടിഷ്യൂ ബ്ലൗസും ഇട്ടാണ് ഞാന്‍ പോയത്. ഭഗവാനും മഞ്ഞ നിറം ഇഷ്ടമാണല്ലോ. ഗുരുവായൂര് ചെന്നാല്‍ ആദ്യം ഭഗവാനെ തൊഴണം. മമ്മൂട്ടിയുടെ ഡേറ്റ് കിട്ടാന്‍ പ്രാര്‍ത്ഥിക്കണം .
അതോടെ ജീവിതം മാറിമറിയും. അറിഞ്ഞോ അറിയാതെയോ എവിടെയോ ഭഗവാനും മമ്മൂട്ടിയും അനുഗ്രഹിക്കണം എന്ന് തന്നെയാവും ഞാന്‍ ആഗ്രഹിച്ചത്. നീണ്ട യാത്രയ്ക്ക് ശേഷം രാത്രി ഞങ്ങള്‍ ഗുരുവായൂരില്‍ എത്തി .എത്തിയ ഉടനെ അച്ഛനു മമ്മൂട്ടിയെ കാണാന്‍ അവസരം കിട്ടി. മുറിയില്‍ എത്തിയ ഞാന്‍ കണ്ണടച്ച് പ്രാര്‍ത്ഥിച്ചു
'ഭഗവാനെ....
നിന്നെകാണും മുമ്പേ ആണല്ലോ അച്ഛന്‍ മമ്മൂട്ടിയുടെ മുറിയില്‍ പോയത്.'
എന്താകും? ഏതാകും? എന്നറിയാതെ ഉല്‍ക്കണ്ഠ യോടു കൂടി കാത്തിരുന്നു.. കുറച്ചു കഴിഞ്ഞപ്പോള്‍ അച്ഛന്‍ വന്നു എന്നെ മമ്മൂട്ടിയുടെ മുറിയിലേക്ക് കൊണ്ടുപോയി. ഒരു സ്യൂട്ട് റൂം.. ആദ്യമായിട്ടാണ് ഞാന്‍ ഒരു സ്യൂട്ടറും കാണുന്നത്. രാവിലെ മുഴുവന്‍ അഭിനയിച്ച തളര്‍ന്ന് ഇരിക്കുന്ന മമ്മൂട്ടി.. പൊന്തന്‍ മാടക്കു വേണ്ടി തന്റെ സൗന്ദര്യം അദ്ദേഹം നശിപ്പിച്ചിരിക്കുന്നു. എന്നിട്ടും എന്തൊരു തേജസ് മുഖത്ത്. എന്തെന്നറിയാത്ത നിര്‍വൃതി എന്റെ മനസ്സില്‍.
ഇന്നും ഞാനാ നിമിഷങ്ങള്‍ ഓര്‍ത്തു വച്ചിരിക്കുന്നുവെങ്കില്‍ ആ നിര്‍വൃതി എന്തായിരിക്കും എന്ന് നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ? എന്നെ കണ്ടപ്പോള്‍ സിനിമയില്‍ കാണുന്നതുപോലെ തന്നെ അദ്ദേഹം ചിരിച്ചു. ക്ലാസും സ്‌കൂളും ഒക്കെ ചോദിച്ചു. പിന്നെ ചോദിച്ചു നിനക്ക് ഇഷ്ടമുള്ള നടന്‍ ആരാണ്? അദ്ദേഹം ആ ചോദ്യം ചോദിച്ചപ്പോള്‍ ഉത്തരം നല്‍കിയത് അച്ഛനാണ് ആമിര്‍ ഖാന്‍....
പക്ഷേ ആമിര്‍ ഖാന്‍ ...എന്റെ ചേട്ടന്റെ പ്രിയപ്പെട്ട നടനായിരുന്നു. അച്ഛന്‍ എന്തുകൊണ്ട് അത് എന്റെ ഉത്തരം ആക്കി... എനിക്കന്ന് heroherolal ലില്‍ അഭിനയിച്ച നസറുദ്ദീന്‍ ഷായെ യായിരുന്നു ഇഷ്ടം. അച്ഛന്റെ ഉത്തരം കേട്ട് അദ്ദേഹം ചിരിച്ചു. മമ്മൂട്ടിയെ കാണുകയാണെങ്കില്‍ ചോദിക്കാന്‍ എന്തൊക്കെ ചോദ്യങ്ങളാണ് ഞാന്‍ കരുതിയിരുന്നത്.പക്ഷേ എല്ലാം എന്റെ മനസ്സില്‍ നിന്ന് അപ്പാടെ മാഞ്ഞിരിക്കുന്നു.
അദ്ദേഹം അച്ഛനുമായി ചിരിച്ച് എന്തൊക്കെയോ സംസാരിക്കുന്നു. എല്ലാം അന്തംവിട്ട് ഞാന്‍ നോക്കിയിരുന്നു.. എന്റെ മുന്നില്‍ ഒരു സൂപ്പര്‍ ഹീറോ ഇരിക്കുന്നു. അത് വിശ്വസിക്കാനാവാതെ ഒരു സ്വപ്നം പോലെ ഞാന്‍ കണ്ടിരിക്കുകയാണ്. ആരും എന്നെ ഈ സ്വപ്നലോകത്തില്‍ നിന്നും തട്ടി ഉണര്‍ത്തരുത് എന്ന് എന്റെ ഉപബോധമനസ്സ് പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു.
അദ്ദേഹത്തെ കണ്ടതിനു ശേഷം അടുത്ത ദിവസം വിശദമായി കഥ പറയാന്‍ ടി.വി ചന്ദ്രന്റെ പൊന്തന്‍മാടെയുടെ സെറ്റിലേക്ക് പോയി. പക്ഷേ അന്ന് അവിടെ നസറുദ്ദീന്‍ ഷാ ക്ക് ഷൂട്ട് ഇല്ല. അദ്ദേഹത്തെ കാണാന്‍ കഴിയില്ലല്ലോ എന്ന ഒരു വിഷമം എന്നെ അലട്ടി.
ഒരു വലിയ വീടിന്റെ കൈവരിയില്‍ കിടന്ന് 'മാട'അച്ഛന്റെ കഥയൊക്കെ കേട്ടു. ഒരു ദിവസം മുഴുവന്‍ ആ ഷൂട്ടിംഗ് ലൊക്കേഷനില്‍ അദ്ദേഹത്തിന്റെ അഭിനയവും പെരുമാറ്റവും ഒക്കെ കണ്ടു. ഞങ്ങള്‍ക്കൊപ്പം ചിരിച്ചു കളിച്ചിരിക്കുന്ന മമ്മൂട്ടി എന്ന മഹാനടന്‍ നിമിഷനേരം കൊണ്ട് ഒരു മാടയായി മാറുന്നത് അത്ഭുതം ഉളവാക്കി.
ഒരു ദിവസം അദ്ദേഹവുമായി ചെലവഴിച്ചപ്പോള്‍ നസറുദ്ദീന്‍ ഷായെ കാണാത്ത വേദനയൊക്കെ പമ്പ കടന്നു .ഒടുവില്‍ ഞങ്ങള്‍ ഗുരുവായൂരില്‍ നിന്ന് യാത്രതിരിച്ചു. ഭഗവാനെ നടയില്‍ നിന്ന് അല്ലാതെ അടുത്തുചെന്ന് തൊഴാന്‍ എനിക്ക് കഴിഞ്ഞില്ല. മാത്രമല്ല അച്ഛന്റെ കഥ മമ്മൂട്ടിക്ക് ഇഷ്ടമായോ ഇല്ലയോ എന്ന് വീട്ടില്‍ എത്തുമ്പോള്‍ വിളിച്ചറിയിക്കാം എന്നാണ് പറഞ്ഞിരിക്കുന്നത്.
തിരിച്ചുള്ള യാത്ര എന്ന അലോസരപ്പെടുത്തി കൊണ്ടേയിരുന്നു. ഭഗവാനെ ഒന്ന് നേരെ തൊഴാന്‍ സാധിച്ചില്ല. മമ്മൂട്ടി എന്ന നടനെ കണ്ട് അന്താളിച്ചു നിന്നതല്ലാതെ ഒന്നും സംസാരിച്ചില്ല. പിന്നെ അച്ഛന്റെ കഥ ഇഷ്ടപ്പെട്ടോ ഇല്ലയോ എന്നൊരു ഉത്തരവും കിട്ടിയില്ല. ശരിക്കും പറഞ്ഞാല്‍ കുചേലന്‍ ഭഗവാനെ കണ്ട് തിരിച്ചു വീട്ടിലേക്ക് പോയ അതേ അവസ്ഥ. വഴി നീളെ ആശങ്കകള്‍, ഉത്കണ്ഠകള്‍.... അച്ഛന്റെ കഥ സിനിമയാകുമോ?
മമ്മൂട്ടിയുടെ തീരുമാനം എന്താകും? മമ്മൂട്ടി അറിയുന്നുണ്ടോ ഒരു പാവം പെണ്‍കുട്ടിയുടെ പോലും ഭാവി തീരുമാനങ്ങള്‍ അദ്ദേഹത്തിന്റെ കൈയില്‍ ആണെന്ന്....
വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ നല്ല ക്ഷീണം ആയിരുന്നു . ബോധം കെട്ട് കിടന്നുറങ്ങി... പിറ്റേന്ന് ഉറക്കം എണീറ്റപ്പോള്‍ വീട്ടില്‍ ഒരു ഉത്സവ പ്രതീതിയാണ്. മമ്മൂട്ടിയുടെ ഫോണ്‍ വന്നിരിക്കുന്നു. കഥ ഇഷ്ടമായി.... ഇനി സ്വപ്നങ്ങള്‍ ഒക്കെ യാഥാര്‍ത്ഥ്യമാവാന്‍ പോവുകയാണ്. പല തീരുമാനങ്ങള്‍ ഇനി ഉറപ്പിച്ചെടുക്കാം. ഒന്നും വിശ്വസിക്കാനാവാതെ ഞാന്‍ വടക്കേപ്പുറത്ത് വന്നിരുന്നു. എന്റെ മഞ്ഞ പട്ടുപാവാട കഴുകാന്‍ ഇട്ടിരിക്കുന്നു.
ഞാന്‍ മെല്ലെ അതെടുത്തു. എന്റെ നെഞ്ചത്തോട്ട് ചേര്‍ത്തുവച്ചു. ഭഗവാന് കൊടുക്കാന്‍ സ്‌നേഹം മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. പക്ഷേ അതിനു പകരം അവന്‍ എന്റെ മനസ്സ് കണ്ടിരിക്കുന്നു. എന്റെ സ്വപ്നങ്ങള്‍ കണ്ടിരിക്കുന്നു. നടയില്‍ നിന്ന് തൊഴുത എനിക്ക് ഭഗവാന്റെ മുഖം കാണാന്‍ കഴിഞ്ഞില്ല... അതുകൊണ്ടുതന്നെ ഭഗവാന്റെ മുഖത്തിന് പകരം ഞാന്‍ കണ്ടത് മമ്മൂട്ടിയുടെതായിരുന്നു...
പില്‍ക്കാലത്ത് എന്റെ കല്യാണത്തിന് എന്നെ അനുഗ്രഹിക്കാന്‍ വന്ന അദ്ദേഹം വിലപിടിപ്പുള്ള സമ്മാനം എനിക്ക് തന്നു. എല്ലാരും പറഞ്ഞു എത്ര വിലപിടിപ്പുള്ള സമ്മാനമാണിതെന്ന്. അത് കേട്ടപ്പോള്‍ ഞാന്‍ എന്നോട് തന്നെ ഉള്ളില്‍ പറഞ്ഞു ഇതിനേക്കാള്‍ വലിയ ഒരു സമ്മാനമാണ് അദ്ദേഹം എനിക്ക് തന്നത്.. ചിരിക്കാന്‍ മറന്നു നിന്നിരുന്ന ഒരു കുടുംബത്തിന് അദ്ദേഹം സമ്മാനിച്ചത് ചിരിയായിരുന്നു... അന്നത്തെ ആ കൗമാരക്കാരിക്കു അതായിരുന്നു വേണ്ടിയിരുന്നത്....
ഇന്നും ഗുരുവായൂരില്‍ പോകുമ്പോള്‍ ഭഗവാന്‍ മനുഷ്യരൂപത്തില്‍ വന്ന കഥ ഞാന്‍ ഓര്‍ക്കാറുണ്ട്
(പദയാത്രയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ അച്ഛന്‍ അഭിനയിക്കാന്‍ പോകുമ്പോള്‍ മമ്മൂ അങ്കിളിനു കൊടുക്കാന്‍ കരുതിയിരുന്ന ഒരു അനുഭവക്കുറിപ്പ് ആയിരുന്നു.. പക്ഷേ മടിച്ചു. എന്നാല്‍ പത്മഭൂഷന്‍ കിട്ടി എന്നറിഞ്ഞപ്പോള്‍ സന്തോഷം അടക്കാന്‍ ആയില്ല. ആ അനുഭവം എല്ലാവരോടും പങ്കിടാന്‍ തീരുമാനിച്ചു)