ഗായകന്‍ അര്‍ജിത് സിങ്ങിന്റെ വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ പിന്തുണയുമായി ഗായിക ശ്രേയ ഘോഷാല്‍. സംഗീതം ചെയ്യുന്നത് താന്‍ നിര്‍ത്തില്ലെന്ന് അര്‍ജിത് സിങ് ആരാധകര്‍ക്ക് ഉറപ്പുനല്‍കിയെങ്കിലും, സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് ഈ പ്രഖ്യാപനം വഴിവെച്ചത്. അര്‍ജിത് സിങ് പങ്കുവെച്ച പോസ്റ്റില്‍ കമന്റായാണ് ശ്രേയ ഘോഷാല്‍ തന്റെ പിന്തുണ അറിയിച്ചത്.
'അര്‍ജിത് സിങ്ങിന്റെ പുതിയൊരു ഘട്ടത്തിന്റെ തുടക്കമാണിത്. ഈ പ്രതിഭയുടെ അടുത്ത സൃഷ്ടി കേള്‍ക്കാനും അനുഭവിക്കാനും എനിക്ക് ശരിക്കും ആവേശമുണ്ട്. ഇതൊരു യുഗത്തിന്റെ അവസാനമാണെന്ന് ഒരിക്കലും പറയാനാകില്ല,' ശ്രേയ കുറിച്ചു. പരമ്പരാഗതമായ ഉപാധികളും മാധ്യമങ്ങളും ഉപയോഗിച്ച് ഒരു മികച്ച കലാകാരനെ നിര്‍വചിക്കാനോ ഒരു നിശ്ചിത ഫോര്‍മുലയില്‍ ഉള്‍പ്പെടുത്താനോ കഴിയില്ലെന്നും, തന്റെ പ്രിയപ്പെട്ട അര്‍ജിത്തിന് കൂടുതല്‍ ഉയരങ്ങളിലേക്ക് പറക്കാന്‍ സമയമായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സിനിമാ മേഖലയിലും സംഗീത ലോകത്തുമുള്ള നിരവധി പ്രമുഖരും അര്‍ജിത് സിങ്ങിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. വിരമിക്കല്‍ പ്രഖ്യാപനം ആരാധകരെ ആശങ്കയിലാഴ്ത്തിയെങ്കിലും, സംഗീതം ചെയ്യുന്നത് നിര്‍ത്തുന്നില്ലെന്ന് അര്‍ജിത് സിങ് തന്നെ വ്യക്തമാക്കിയത് വലിയ ആശ്വാസം പകര്‍ന്നു. ഗായകന്‍ അര്‍മാന്‍ മാലിക് എക്‌സ് പ്ലാറ്റ്ഫോമില്‍ കുറിച്ചത് ശ്രദ്ധേയമായിരുന്നു.
'എല്ലായ്‌പ്പോഴും സ്‌നേഹവും ബഹുമാനവും. നിങ്ങള്‍ നല്‍കിയ എല്ലാത്തിനും നന്ദി,' എന്ന് അദ്ദേഹം കുറിച്ചു. തുടര്‍ന്ന്, 'നമ്മുടെ ആത്മാവിന് മാറി ചിന്തിക്കേണ്ടത് എപ്പോഴാണെന്ന് അറിയാം. നദി വീണ്ടും കടലില്‍ ചേരുന്നത് എവിടെയാണെന്ന് എനിക്കറിയില്ല, പക്ഷേ ഞാന്‍ ഒഴുക്കിലും അതിനെ നയിക്കുന്ന കൃപയിലും വിശ്വസിക്കുന്നു. പിന്നണി ഗാന രംഗത്ത് നിങ്ങള്‍ നല്‍കിയ എല്ലാത്തിനും നന്ദി,' എന്നും അര്‍മാന്‍ മാലിക് രേഖപ്പെടുത്തി.
'നിങ്ങളുടെ ശബ്ദമില്ലാത്ത ഒരു ബ്ലോക്ബസ്റ്റര്‍ സിനിമ സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. പക്ഷേ എല്ലാ ആശംസകളും നേരുന്നു സാര്‍, നിങ്ങളുടെ സോളോ ഗാനങ്ങള്‍ക്കായി ഞങ്ങള്‍ കാത്തിരിക്കുന്നു,' എന്ന് പേര് വെളിപ്പെടുത്താത്ത ഒരു പ്രമുഖനും അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. അര്‍ജിത് സിങ്ങിന്റെ ഭാവിയിലെ സംഗീത സംഭാവനകള്‍ക്കായി വലിയ ആകാംഷയോടെയാണ് ആരാധകരും സംഗീത ലോകവും ഇപ്പോള്‍ ഉറ്റുനോക്കുന്നത്.