ലൂസിഫര്‍ സിനിമ വന്‍ വിജയത്തിലേക്ക് കുതിക്കുമ്പോള്‍ ചിത്രത്തെ തേടിയെത്തിയതാണ് പോസ്റ്റര്‍ വിവാദം. ചിത്രത്തിലെ നായകനായ മോഹന്‍ലാല്‍ യൂണിഫോമിലുള്ള പൊലീസ് ഓഫീസറുടെ നെഞ്ചില്‍ ചവിട്ടി നില്‍ക്കുന്ന ചിത്രവും അതിലെ തലവാചകവും ആണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ഇത് തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടികാട്ടി കേരള പൊലീസ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഇപ്പോഴിതാ നടന്‍ ആദിത്യന്‍ ജയന്‍ ഇതിനെതിരെ ശക്തമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കയാണ്.
കഴിഞ്ഞ ദിവസമാണ് വിവാദത്തിന് ആധാരമായ ഫോട്ടോ ദിനപത്രങ്ങളിലും സോഷ്യല്‍മീഡിയയിലും പ്രത്യേക്ഷപ്പെട്ടത്. സമൂഹത്തില്‍ വലിയ സ്വാധീനമുള്ള ഒരു നടന്‍ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുന്ന തരത്തിലുള്ള പരസ്യത്തില്‍ പ്രത്യക്ഷപ്പെടാന്‍ പാടില്ലെന്നും നിയമം നടപ്പിലാക്കാന്‍ ഇറങ്ങുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ആക്രമിക്കപ്പെടേണ്ടതാണ് എന്ന ചിന്ത പൊതുജനങ്ങളില്‍ ഉണ്ടാക്കുമെന്നും പറഞ്ഞാണ് പോലീസ് അസോസിയേഷന്‍ പരാതി നല്‍കിയത്. ഈ പരാതിക്കെതിരെയും ലൂസിഫര്‍ എന്ന ചിത്രത്തെ ബോധപൂര്‍വ്വം ചിലര്‍ ആക്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയുമാണ് നടന്‍ ആദിത്യന്‍ ജയന്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
ലൂസിഫര്‍ ഹിറ്റ് ആയപ്പോള്‍ ചിലര്‍ക്ക് ചൊറിച്ചിലുണ്ടായതാണ് ഇപ്പോള്‍ ചിത്രത്തിനെ വിവാദങ്ങളിലേക്ക് എത്തിക്കുന്നതെന്നാണ് ആദിത്യന്‍ പറയുന്നത്. രാവണപ്രഭു എന്ന സിനിമയില്‍ സിദ്ധിക്ക് അഭിനയിച്ച പോലീസ് കഥാപാത്രത്തെ നടു റോഡില്‍ ഇട്ടു ചവിട്ടിയപ്പോള്‍ കേരള പൊലീസ് അസോസിയേഷന്‍ ഉറങ്ങി പോയിരുന്നോ? എന്നും താരം ചോദിക്കുന്നു. ലാലേട്ടനെ ഇഷ്ടപെടുന്നവര്‍ ഈ സിനിമ പോയി കാണുക തന്നെ ചെയ്യും അവരുടെ ആവേശം കുറക്കാന്‍ ആര്‍ക്കും പറ്റില്ല, മോഹന്‍ലാല്‍ എന്ന വ്യക്തി അല്ല പോലീസിനെ ചവിട്ടി നിര്‍ത്തിയത് അതിലെ കഥാപാത്രമാണ് അതെന്നും ആദിത്യന്‍ പോസ്റ്റില്‍ കുറിക്കുന്നു. ഒരു തെറ്റ് കണ്ടാല്‍ പ്രതികരിക്കാത്ത ആരാണ് ഇന്ന് കേരളത്തിലുള്ളത്. അത് വളരെ ഭംഗിയായി ഒരു ഡയറക്ടര്‍ എന്ന നിലയില്‍ പൃഥ്വിരാജ് പ്രേക്ഷകരിലേക്ക് എത്തിച്ചു. സത്യത്തില്‍ ഇവരില്‍ ആരെയാണ് വിവാദങ്ങള്‍കൊണ്ട് ലക്ഷ്യം വെച്ചത് എന്നും ആദിത്യന്‍ ചോദിക്കുന്നു.
ഇന്ത്യയില്‍ എത്രയോ സിനിമകളിലും എത്രയോ ഭാഷകളിലായി പലതരം ആശയങ്ങളില്‍ ഇറങ്ങുന്നുണ്ട് അതിന്റെ ഒക്കെ പിന്നാലെ പോയാല്‍ എത്ര നടീ നടന്മാര്‍ക് എതിരെ കേസ് കൊടുക്കേണ്ടിവരുമെന്നും ഒരു നല്ല സിനിമ ജനങ്ങള്‍ ഏറ്റെടുത്തതിന്റെ വേദനയാണ് ഈ കാട്ടുന്നത് എന്നും ആദിത്യന്‍ കൂട്ടിച്ചേര്‍ക്കുന്നു. മോഹന്‍ലാലിന്റെ തന്നെ സൂപ്പര്‍ഹിറ്റ് ചിത്രമായ സ്ഫടികം ഇറങ്ങിയപ്പോഴും സമാനമായ രീതിയില്‍ കോലാഹലങ്ങള്‍ ഉണ്ടായിരുന്നു. കേരളത്തില്‍ ഇത് നടക്കില്ലെന്നും ഇത്തരം വിവാദം വളരെ കഷ്ടമാണെന്നും നടന്‍ ചൂണ്ടിക്കാട്ടുന്നു. ആദിത്യന്റെ ശക്തമായ നിലപാടിന് വലിയ പിന്തുണയാണ് മോഹന്‍ലാല്‍ ആരാധകര്‍ നല്‍കുന്നത്. നിരവധി പേരാണ് ആദിത്യന്റെ പോസ്റ്റിനെ അനുകൂലിച്ച് കമന്റുകള്‍ ഇടുന്നതും ഷെയര്‍ ചെയ്യുന്നതും. മറ്റ് നടന്‍മാര്‍ മിണ്ടാതിരുന്നപ്പോള്‍ പരാതിക്കെതിരെ പ്രതികരിച്ച നടന്റെ ധൈര്യത്തെയും ആരാധകന്‍ അഭിനന്ദിക്കുന്നുണ്ട്.