മലയാളി പ്രേക്ഷകര്‍ക്ക് മറക്കാനാകാത്ത സീരിയലാണ് ജ്വാലയായി. 2000 ത്തിന്റെ തുടക്കത്തില്‍ സംപ്രേക്ഷണം ചെയ്ത സീരിയല്‍ പ്രയഭേദമന്യേ എല്ലാവരും ഏറ്റെടുത്തിരുന്നു. മുകുന്ദന്‍ എന്ന നടന്റെ ജീവിതത്തില്‍ വഴിത്തിരിവായതും ജ്വാലയായി എന്ന സീരിയലാണ്. സീരിയല്‍ പ്രേക്ഷകര്‍ക്ക് വളരെ സുപരിചിതമായ മുഖമാണ് നടന്‍ മുകുന്ദന്റേത്. പ്രശസ്ത സീരിയലായ ജ്വാലയായിലെ നിറ സാന്നിധ്യമായിരുന്നു താരം. പിന്നീട് നിരവധി സീരിയലുകളിലും സിനിമകളിലും താരം അഭിനയിച്ചു. അഭിനയരംഗത്ത് 20 വര്‍ഷം പിന്നിട്ടിട്ടും ഇപ്പോഴും അഭിനയരംഗത്ത് സജീവനായ താരം മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഭ്രമണം എന്ന സീരിയലില്‍ ഹരിലാല്‍ എന്ന കഥാപാത്രത്തെയാണ് ഇപ്പോള്‍ അവതരിപ്പിക്കുന്നത്. മലയാളത്തിലെ ഒട്ടു മിക്ക ഹിറ്റ് സീരിയലുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. തന്റെ വീടിനെക്കുറിച്ചും മറ്റു വിശേഷങ്ങളും താരം പങ്കുവയ്ക്കുകയാണിപ്പോള്‍.
ഒറ്റപ്പാലത്തുള്ള അമ്മവീട്ടിലാണ് താന്‍ ജനിച്ചത്. കിഴക്കേപ്പാട്ട് പാലാട്ട് എന്നായിരുന്നു തറവാടിന്റെ പേര്. പുരാതനമായ എട്ടുകെട്ടായിരുന്നു. മൂന്നുനിലകളുള്ള എട്ടുകെട്ട് അക്കാലത്ത് ഒരു നിര്‍മാണവിസ്മയമായിരുന്നു. അച്ഛന്‍ ഗംഗാധരമേനോന്‍, അമ്മ രുക്മിണിയമ്മ. അഞ്ചു മക്കളില്‍ ഏറ്റവും ഇളയതാണ് മുകുന്ദന്‍. തന്റെ അമ്മയുടെ എട്ടു സഹോദരിമാരും ഒരുമിച്ച് ആ തറവാട്ടിലാണ് താമസിച്ചിരുന്നത്. തന്റെ ഓര്‍മ്മയിലെ തറവാടിനെക്കുറിച്ചാണ് താരം കൂടുതലും വാചാലനാകുന്നത്. നാലുവശത്തുനിന്നും തേക്കില്‍ കടഞ്ഞെടുത്ത ഗോവണികള്‍. മൂന്നാം നിലയില്‍ നിന്നും വെള്ളം മഴവെള്ളം താഴെയെത്തിക്കുന്ന പാത്തി ചെമ്പിന്റെ കുഴലുകള്‍ കൊണ്ടായിരുന്നു. നമ്മുടെ വാസ്തുശില്പ പാരമ്പര്യത്തില്‍ ക്രോസ് വെന്റിലേഷന് ഉണ്ടായിരുന്ന പ്രാധാന്യം ഈ തറവാടുകളില്‍ കാണാനാകും. ഭീമന്‍ വാതിലുകളും ജനാലകളും രണ്ടു നടുമുറ്റവുമെല്ലാം വീടിനകം സജീവമാക്കി നിര്‍ത്തിയിരുന്നു. അതുകൊണ്ട് കറന്റ് ഇല്ലാഞ്ഞ അക്കാലത്തും വീടിനുള്ളില്‍ കാറ്റും വെളിച്ചവും നിറഞ്ഞിരുന്നു.ജനിച്ചത് അമ്മ വീട്ടിലാണെങ്കിലും മുകുന്ദന്‍ വളര്‍ന്നത് രാമനാട്ടുകരയുള്ള കല്‍പ്പള്ളി പുലാപ്പറ എന്ന അച്ഛന്‍വീട്ടിലായിരുന്നു. അതും ഈസ്റ്റ് ഇന്ത്യ കമ്പനിക്കാലത്ത് പണിത പുരാതനമായ തറവാടാണ്. കുളത്തിലേക്ക് ദര്‍ശനമായാണ് ആ തറവാട് പണിതത്. കളരിപ്പയറ്റും അഭ്യാസവും കഴിഞ്ഞു ആളുകള്‍ വിശ്രമിച്ചിരുന്നത് ആ കല്‍പടവുകളിലാണ്. തന്റെ ബാല്യകാലവും കൗമാരവുമെല്ലാം താന്‍ ചിലവഴിച്ചത് കേരളത്തനിമയാര്‍ന്ന തറവാടുകളിലായിരുന്നുവെന്ന് താരം പറയുന്നു. പിന്നീട് രണ്ടു തറവാടുകളും പൊളിച്ചു.
സ്‌കൂള്‍ കാലം മുതല്‍ തന്നെ സ്റ്റേജില്‍ സജീവയായിരുന്നു മുകുന്ദന്‍. പിന്നീട് അത് തന്നെ തന്റെ വഴിയായി തിരഞ്ഞെടുക്കുകയായിരുന്നു. പിന്നീട് സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ബിരുദമെടുത്തു. ജി ശ്ങ്കരപ്പിളള വഴിയാണ് താന്‍ സീരിയലിലേക്ക് എത്തിയതെന്ന് താരം പറയുന്നു. പിന്നീട് സീരിയലിന്റെ തലസ്ഥാനം തിരുവനന്തപുരം ആയത് കൊണ്ട് അവിടേക്ക് മാറുകയായിരുന്നു. 20 വര്‍ഷമായി ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കുമൊപ്പംതാരം തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവ് എന്ന സ്ഥലത്ത് വാടക വീട്ടിലാണ് താമസം.11 വര്‍ഷമായി ആ വീട്ടില്‍ താമസിക്കാന്‍ തുടങ്ങിയിട്ട്.നഗരത്തിന്റെ തിരക്കില്‍ പെടാതെ ഗ്രാമത്തിന്റെ അന്തരീക്ഷമുളള പ്രദേശമാണ് ഇവിടം. സീരിയലില്‍ സജീവനായ മുകുന്ദന്‍ സ്വന്തമായി വീടു വയ്ക്കാത്തതിന് കാരണം പലപ്പോഴും ആരാധകര്‍ ചോദിക്കാറുണ്ട് ഇപ്പോള്‍ അത് കൂടി വ്യക്തമാക്കുകയാണ് താരം. തിരുവനന്തപുരത്ത് വീടു വച്ചവരാരും തിരികെ പോയിട്ടില്ലെന്ന് കേട്ടിട്ടുണ്ടെന്ന് മുകുന്ദന്‍ പറയുന്നു. അതു കൊണ്ടാണ് വര്‍ഷം ഇത്രയായിട്ടും താന്‍ തിരുവനന്തപുരത്ത് വീടുവയ്ക്കാത്തതെന്ന് താരം വ്യക്തമാക്കി. എന്നാല്‍ രാമനാട്ടുകരയില്‍ അച്ഛന്റെ തറവാട് പൊളിച്ച് പരമ്പരാഗത ശൈലിയിലുളള ഒരു വീട് താരം പണിതിട്ടുണ്ട്. മൂന്ന് കിടപ്പുമുറികളും അടുക്കളയും ഹാളുമുള്ള ഇരുനില വീട്. കുളപ്പുരയിലേക്കാണ് വീടിന്റെ മിക്ക ഇടങ്ങളുടെയും ദര്‍ശനം. പരിപാലനം പ്രശ്‌നമായപ്പോള്‍ ഇടയ്ക്ക് വീട് വാടകയ്ക്ക് നല്‍കിയെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു. കലാജീവിതത്തിന്റെ അവസാനകാലങ്ങള്‍ അവിടെ സ്വസ്ഥമായി ചെലവഴിക്കണം എന്നാണ് ആഗ്രഹംമെന്നും താരം പറയുന്നു.വിദ്യാലക്ഷ്മിയാണ് മുകുന്ദന്റെ ഭാര്യ, മകള്‍ ആത്മന ഡിഗ്രിക്കും മകന്‍ ധനുര്‍ സ്‌കൂളിലും പഠിക്കുന്നു.