നടന്‍ സന്തോഷ് കെ നായരുടെ മരണ വാര്‍ത്ത കേട്ടാണ് ഇന്നലെ സിനിമാ ലോകം ഉണര്‍ന്നത്. വില്ലനായും സഹനടനായുമെല്ലാം കയ്യടി നേടിയിട്ടുള്ള നടനാണ് സന്തോഷ് നായര്‍. ഈയ്യടുത്ത് വലിയ വിജയമായ മോഹിനിയാട്ടത്തിലാണ് ഒടുവിലായി സന്തോഷ് നായരെ സ്‌ക്രീനില്‍ കണ്ടത്. സന്തോഷിന്റെ മരണ വാര്‍ത്തയ്ക്ക് പിന്നാലെ സിനിമയോടുള്ള അദ്ദേഹത്തിന്റെ അര്‍പ്പണ ബോധം വ്യക്തമാക്കുന്ന വാക്കുകള്‍ വൈറലായി മാറുകയാണ്.
എത്ര റിസ്‌കുള്ള രംഗമാണെങ്കിലും രണ്ടാമതൊന്ന് ചിന്തിക്കാതെ ചെയ്യാന്‍ തയ്യാറാകുന്നതിനെക്കുറിച്ചാണ് സന്തോഷ് സംസാരിക്കുന്നത്. അങ്ങനെ പറ്റിയൊരു പരുക്ക് കാരണം വര്‍ഷങ്ങള്‍ക്ക് ശേഷവും പിന്തുടര്‍ന്ന വേദനയെക്കുറിച്ചും സന്തോഷ് സംസാരിച്ചിരുന്നു. ആ വാക്കുകളിലേക്ക്:
83 ല്‍ ഓമനിക്കാന്‍ ഓര്‍മ്മ വയ്ക്കാന്‍ എന്ന സിനിമ ചെയ്യുമ്പോള്‍ സംഭവിച്ചതാണ്. ഫൈറ്റിനിടെ സ്ലിപ്പ് ആയതാണ്. അന്ന് ഒരാള്‍ അവിടെ വച്ച് തന്നെ സെറ്റാക്കി തന്നത് അതുപോലെ തന്നെയിരുന്നു. രണ്ട് മൂന്ന് വര്‍ഷത്തിന് മുമ്പ് അതൊന്ന് ഷേക്ക് ആയി ഇളകി. അതിനാല്‍ ചെറിയൊരു വേദനയുണ്ട്. പക്ഷെ ഇത്രയും കൊല്ലം ഇതുവച്ചു തന്നെയാണ് ചെയ്തത്. ഇനിയും ഇത് വച്ച് തന്നെയാണ് ചെയ്യാന്‍ പോകുന്നതും. ഓടണം എന്ന് പറഞ്ഞാല്‍ ഓടാന്‍ ഒക്കില്ലെന്ന് പറയില്ല. ഓടും. ചാടണം എന്ന് പറഞ്ഞാല്‍ ചാടും. ഇളകിയാല്‍ പിന്നേയും പിടിച്ചിടും. അത്ര തന്നെയല്ലേ ഉള്ളൂ.
ആ സമയത്തെ എല്ലാവരും അങ്ങനെയാണ്. കൈ പൊള്ളിയാല്‍ അയ്യോ എന്ന് വിളിക്കാം, പക്ഷെ മുറിയില്‍ ചെന്ന് മാത്രം. നമ്മളെ വിളിക്കുന്നു, എനിക്ക് ഇത്ര രൂപ തരണമെന്ന് പറയുന്നു. അവരത് തരാമെന്ന് പറയുന്നു. പിന്നീട് എന്നില്‍ നിന്നും അവര്‍ക്ക് വേണ്ടത് കൊടുക്കുകയെന്നത് എന്റെ ചുമതലയാണ്. വെള്ളത്തില്‍ ചാടാന്‍ പറഞ്ഞാല്‍ ചാടും. ഫൈറ്റ് ചെയ്യുന്ന എല്ലാവര്‍ക്കും കയ്യിനും കാലിനും പ്രശ്നമുണ്ട്.
പണ്ട് സൈന്യം ചെയ്യുന്ന സമയത്ത് വെള്ളത്തില്‍ ചാടാന്‍ പറഞ്ഞപ്പോള്‍ ഹാജ ചോദിച്ചു, അയ്യോ ഇവിടെ എങ്ങനെ ചാടും? ജോഷിയേട്ടന്‍ ചാടുന്നവരെ കാണിച്ച് തരാമെന്ന് പറഞ്ഞിട്ട് എന്നോട് ഇത് ചെയ്തൂടെടാ എന്ന് ചോദിച്ചു. ഓ പിന്നെന്താ ചെയ്യാം എന്ന് ഞാന്‍ പറഞ്ഞു. ഷോട്ട് എടുത്തു. നിങ്ങള്‍ എന്തോന്ന് കാണിക്കുന്നതെന്ന് ഹാജ ചോദിച്ചു. വെള്ളത്തിലല്ലേ വീഴുന്നത് അതിന് എന്ത് പ്രശ്നം എന്ന് ഞാന്‍ ചോദിച്ചു. പാറയുടെ പുറത്തല്ലല്ലോ. പാറയുടെ പുറത്താണെങ്കിലും ചാടുക തന്നെ.
കടലിലൊക്കെ ചാടുമ്പോള്‍ നിനക്ക് നീന്താനറിയില്ലല്ലോ നീയിതെങ്ങനെ കടലിലൊക്കെ ചാടുന്നുവെന്ന് വിജയരാഘവന്‍ ചോദിച്ചിട്ടുണ്ട്. വെള്ളത്തില്‍ വീണാല്‍ എടുത്ത് വെളിയിലിടില്ലേ, പിന്നെന്താണ് എന്നാണ് ഞാന്‍ ചോദിക്കാറുള്ളത്. ഞാന്‍ മരിച്ചു പോകണമെങ്കില്‍ എന്റെ ആയുസ് തീര്‍ന്നിരിക്കണം. അതിന് ഞാന്‍ വീടിന്റെ അകത്തിരുന്നാലും മതി. ഒരു ഫാന്‍ പൊട്ടി വീണാല്‍ പോരെ. സമയം അവസാനിക്കാനാണെങ്കില്‍ അത് മതി. അപ്പോള്‍ ഒരു പ്രവര്‍ത്തി ചെയ്തു കൊണ്ടിരിക്കുമ്പോള്‍ ആയാലെന്താണ്? ഇതാണ് നടന്‍ പങ്ക് വച്ചത്.
നടന്റെ വേര്‍പാടില്‍ റഹ്‌മാനും നടി അഞ്ജു അരവിന്ദും മമ്മൂട്ടിയും ഹൃദയഭേദകമായ കുറിപ്പുമായി എത്തി.വാർത്ത കേട്ടതിന്റെ നടുക്കത്തിലും ഹൃദയവേദനയിലുമാണ് താനെന്ന് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. "സന്തോഷിന്റെ അപ്രതീക്ഷിത വിയോഗ വാർത്ത കേട്ടതിന്റെ നടുക്കത്തിലും ഹൃദയവേദനയിലുമാണ്. ഞങ്ങൾ ഒരുമിച്ച് അഭിനയിച്ച നിമിഷങ്ങൾ സ്നേഹത്തോടെ ഓർക്കുന്നു. ഈ പ്രയാസകരമായ സമയത്ത് എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പമാണ്" - മമ്മൂട്ടി കുറിച്ചു.
സ്‌ക്രീനില്‍ പരസ്പരം പോരടിക്കുന്ന വില്ലനും നായകനുമായിരുന്നുവെങ്കിലും ജീവിതത്തില്‍ തങ്ങള്‍ അത്രമേല്‍ അടുത്ത സുഹൃത്തുക്കളായിരുന്നുവെന്ന് റഹ്‌മാന്‍ അനുസ്മരിച്ചു. സിനിമയില്‍ ഒരുമിച്ച് വളര്‍ന്നവരാണ് തങ്ങളെന്ന് റഹ്‌മാന്‍ പറയുന്നു. 'ഒരുപാട് സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചു. മിക്കപ്പോഴും അദ്ദേഹം എന്റെ വില്ലനായിരുന്നു. എന്നാല്‍ സ്‌ക്രീനിന് പുറത്ത് ഏറെ കനിവുള്ള ഹൃദയത്തിന് ഉടമയായിരുന്നു സന്തോഷ്. പാക്കപ്പിന് ശേഷമായിരുന്നു ഞങ്ങളുടെ സൗഹൃദം കൂടുതല്‍ ദൃഢമാകുന്നത്. ഹോട്ടല്‍ മുറികളില്‍ ഭക്ഷണം പങ്കിട്ടും ടിവി കണ്ടും ആകുലതകളില്ലാതെ ചിരിച്ചും ചിലവിട്ട ആ പഴയ കാലം നിഷ്‌കളങ്കമായ സന്തോഷത്തിന്റേതായിരുന്നു'- റഹ്‌മാന്‍ കുറിച്ചു.
സ്ഥിരമായി വിളിക്കാറില്ലായിരുന്നെങ്കിലും ഇടയ്ക്ക് ഫോണിലൂടെ പഴയ ഓര്‍മ്മകള്‍ പങ്കിടുമായിരുന്നു. അദ്ദേഹത്തോട് വിശദീകരിക്കാനാവാത്ത ഒരു പ്രത്യേക സ്‌നേഹം എപ്പോഴും ഉണ്ടായിരുന്നുവെന്നും റഹ്‌മാന്‍ ഓര്‍ത്തെടുത്തു. 'ഈ വാര്‍ത്ത കേട്ടപ്പോള്‍ ഹൃദയം ഭാരപ്പെട്ടു. ഇത്രയധികം ഞാന്‍ ഉലഞ്ഞുപോകുന്നത് അപൂര്‍വ്വമാണ്. ആത്മാവിന് നിത്യശാന്തി നേരുന്നു, നിങ്ങളെ എന്നും ഓര്‍ക്കും സുഹൃത്തേ'- സന്തോഷിന്റെ കുടുംബത്തിന് റഹ്‌മാന്‍ അനുശോചനം അറിയിച്ചു.
ഒരു ജ്യേഷ്ഠന്റെ സ്‌നേഹത്തോടെയും കരുതലോടെയും മാത്രം പെരുമാറിയിരുന്ന വ്യക്തിയായിരുന്നു സന്തോഷ് നായരെന്ന് അഞ്ജു അനുസ്മരിച്ചു. 'ചന്ദനക്കുറിയില്ലാതെ സന്തോഷേട്ടനെ ഞാന്‍ കണ്ടിട്ടേയില്ല. ഒരുമിച്ച് അഭിനയിക്കുമ്പോഴും മീറ്റിങ്ങുകളില്‍ കാണുമ്പോഴുമെല്ലാം സ്‌നേഹത്തോടെയുള്ള ശാസനയും ഒരു ഏട്ടന്റെ ഉപദേശവും നല്‍കുമായിരുന്നു. ഇടയ്ക്ക് ഗുരുവായൂരില്‍ വെച്ച് കണ്ടപ്പോള്‍, ഇനി വരുമ്പോള്‍ വിളിക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് ഗുരുവായൂരപ്പനെ തൊഴുത് മടങ്ങുന്നതിനിടെയാണ് ആ പ്രിയപ്പെട്ടവന്റെ വിയോഗ വാര്‍ത്ത തേടിയെത്തിയത്' - അഞ്ജു പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ ആറരയോടെ അടൂര്‍ ഏനാത്ത് വെച്ചായിരുന്നു അപകടം. സന്തോഷ് സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം തെറ്റി പാഴ്‌സല്‍ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഉടന്‍തന്നെ അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ സന്തോഷിന്റെ ഭാര്യ രാജലക്ഷ്മിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സിനിമ-സീരിയല്‍ മേഖലയിലെ സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.