പ്രേക്ഷകരുടെ കാത്തിരിപ്പിനും 100 ദിവസത്തെ വാശിയേറിയ പോരാട്ടങ്ങള്‍ക്കുമൊടുവില്‍ ബിഗ്ബോസ് സീസണ് 6 ലെ വിജയിയെ പ്രഖ്യാപിച്ചു.പ്രവചനങ്ങള്‍ മാറിമറിഞ്ഞ ഈ സീസണില്‍ മുന്‍ മിസ്റ്റര്‍ കേരളയും ബോഡിബില്‍ഡറുമായ കൊച്ചി സ്വദേശി ജിന്റൊ കിരീടം ചൂടി.അമ്പത് ലക്ഷം രൂപയും ബിഗ്ബോസ് ട്രോഫിയും ഉള്‍പ്പെടുന്നതാണ് സമ്മാനം.രണ്ടാം സ്ഥാനത്തിന് അര്ജ്ജുന് ശ്യാംഗോപനും മൂന്നാം സ്ഥാനത്തിന് ജാസ്മിന് ജാഫറും അര്‍ഹരായി.വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ മത്സരത്തിന്റെ ഭാഗമായ ചെങ്ങന്നൂര്‍ സ്വദേശി അഭിഷേക് ശ്രീകുമാര്‍,ഉപ്പുംമുളകും ഫെയിം പ്രേക്ഷകരുടെ പ്രിയങ്കരനായ മുടിയന് എന്നിവര്‍ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ഒരുഘട്ടം കഴിഞ്ഞപ്പോള്‍ ബിഗ് ബോസിന്റെ ഫൈനലില്‍ ഉണ്ടാകുമെന്ന് തീര്‍ച്ചപ്പെടുത്തിയ ഒരു മത്സരാര്‍ത്ഥി ജിന്റോയാണ്. പ്രേക്ഷകരുമായി വേഗത്തില്‍ ഒരു കണക്ഷന് ഉണ്ടാക്കിയെടുക്കാന്‍ ജിന്റോക്ക് കഴിഞ്ഞിരുന്നു.പ്രേക്ഷകരെക്കൊണ്ട് ഞങ്ങളില്‍ ഒരാളാണ് എന്ന് തോന്നിപ്പിക്കാനായത് തന്നെയാണ് ജിന്റോയുടെ വിജയം. അത്ര കണ്‍സിസ്റ്റന്റായ ഗ്രാഫ് ആയിരുന്നില്ല ജിന്റോയുടേത്.ആദ്യയാഴ്ചയില് അത്രയൊന്നും ഇമ്പാക്റ്റ് ഉണ്ടാക്കാന്‍ ജിന്റോക്ക് കഴിഞ്ഞില്ലെന്ന് മാത്രമല്ല, മുന്‍ സീസണുകളിലെ ജിമ്മന്മാരെപ്പോലെ ഒരാളെന്ന നിലയില്‍ പലരും ജിന്റോയെ തള്ളിക്കളയുകയും ചെയ്തു.എന്നാല്‍ പടിപടിയായി പിന്നീട് പ്രേക്ഷകര്‍ക്ക് തന്നെക്കുറിച്ചുള്ള മുഴുവന്‍ ഇമേജും ജിന്റോ മാറ്റിമറിച്ചു.
രണ്ടാംസ്ഥാനം നേടിയ അര്ജുന് ശ്യാം ഗോപന് സീസണിലെ ഏറ്റവും കൂള്‍ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു.ശ്രീനിഷ്, മണിക്കുട്ടന്, ബ്ലെസ്ലി, റിനോഷ് തൂടങ്ങിയവരെല്ലാം പിന്തുടര്‍ന്ന പാതയിലൂടെയായിരുന്നു അര്‍ജുന്റെയും യാത്ര.പലപ്പോഴും വളരെ സൈലന്റായ വ്യക്തിയായിരുന്നു അര്ജുന്. അധികം ബഹളങ്ങളിലോ പ്രശ്നങ്ങളിലോ ഇടപെടാത്ത ആള്. അതേസമയം പല ഇമ്പാക്റ്റുകളും ഉണ്ടാക്കാന്‍ അര്ജുന് കഴിഞ്ഞിട്ടുണ്ട്.എങ്കിലും അര്‍ജുനെ സത്യത്തില്‍ തുണച്ചത് ശ്രീതുവുമായുള്ള കോംബോയാണ്. ആകോംബോയ്ക്കുമപ്പുറത്ത് തന്റേതായ കോണ്ട്രിബ്യൂഷന് ഉണ്ടാകണമെന്ന് ബോധ്യപ്പെട്ട അര്ജുന് ഗെയ്മില്‍ ആക്റ്റീവ് ആകുകയും ചെയ്തു.ഇതാണ് അര്‍ജ്ജുനെ രണ്ടാം സ്ഥാനം വരെ എത്തിച്ചത്.
ജിന്റോയെപ്പോലെ തന്നെ ടൈറ്റില്‍ വിന്നര്‍ ആകുമോയെന്ന് പലയാവര്‍ത്തി ചര്‍ച്ച ചെയ്യപ്പെട്ട പേരാണ് ജാസ്മിന് ജാഫറിന്റെത്. സീസണിലെ പ്രധാനപ്പെട്ട കണ്ടന്റ് മേക്കേഴ്സും ജാസ്മിന് ആയിരുന്നു.ജാസ്മിന് ബിഗ് ബോസ് ആറിന്റെ ഫൈനലില്‍ എത്തിയിരിക്കുന്നത് പൊസിറ്റീവിനേക്കാളേറെ നെഗറ്റീവുമായ അഭിപ്രായങ്ങള്‍ നേടിയാണ്. ഗബ്രിയുമായുള്ള ഒരു കോംബോ ആയിരുന്നു ജാസ്മിനെ നെഗറ്റീവ് ആക്കിയതില്‍ പ്രധാന പങ്കുവഹിച്ചതും. ഒരുപക്ഷേ ഗബ്രി ഇല്ലായിരുന്നെങ്കില്‍ എന്തായാലും ജാസ്മിന്റെ ബിഗ് ബോസ് മറ്റൊന്നായേനേയെന്ന് വിലയിരുത്തുന്നുവരുണ്ട്. ബിഗ് ബോസ് വീട്ടില്‍ കൂടുതല്‍ എതിരാളികളുണ്ടായതും ജാസ്മിന് ആണ്.
നാലാംസ്ഥാനത്തിന് അര്‍ഹനായ അഭിഷേക് ശ്രീകുമാര്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴിയാണ് ഇത്തവണ ബിഗ്ബോസ് ഹൗസിന്റെ ഭാഗമായത്.ആദ്യ ദിവസം തന്നെ വലിയ ഇമ്പാക്ടോടെയാണ് അഭിഷേക് വരവറിയിച്ചത്.ഷോയില്‍ വര്‍ക്ക്ഔട്ട് ആയ ഇമോഷണല്‍ ഇമ്പാക്റ്റാണ് പിന്നീട് അയാള്‍ക്കൊരു വലിയ സ്വീകാര്യത നല്‍കുന്നത്. സാബുമോന് മറുപടി എന്നൊണം അഭിഷേക് പറഞ്ഞ വാക്കുകളും ചര്‍ച്ചയായി. ആ സമയത്തുഉണ്ടായ ഫാമിലി വീക്കും തുടര്‍ന്നുള്ള ടിക്കറ്റ് റ്റു ഫിനാലെയിലെ അഭിഷേകിന്റെ മിന്നുന്ന പ്രകടനവുമെല്ലാം ചേര്‍ന്നപ്പോള്‍ അഭിഷേകും ഈ സീസണിലെ കരുത്തുറ്റ മത്സരാര്‍ത്ഥിയായി മാറി.ടാസ്കുകള് ജയിച്ച അഭിഷേക് നേരിട്ട് ഫിനാലെയില്‍ എത്തുകയായിരുന്നു. ഇങ്ങനെ ഒരു നേട്ടമുണ്ടാക്കിയ ആദ്യ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയും മലയാളത്തില്‍ അഭിഷേകാണ്.
ഫൈനല്‍ 5 ല്‍ പലര്‍ക്കും അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു കണ്ടസ്റ്റന്റായിരുന്നു ഉപ്പുംമുളകും ഫെയിം ഋഷി.ഒരിക്കല്‍ പോലും താരത്തിന് ഇമ്പാക്ട് ഉണ്ടാക്കാന്‍ ആയില്ല എന്നതാണ് പലരും ചൂണ്ടിക്കാട്ടുന്ന വസ്തുത.തുടക്കം മുതല്‍ പലരുടെയും നിഴലില്‍നിന്ന താരം ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ അന്സിബയ്ക്കുവേണ്ടിയാണ് നില്‍ക്കുന്നതെന്നും തോന്നിപ്പിച്ചു. ഇമോഷണലി വളരെ വള്‍നറബിളായ ഋഷി തന്നെക്കുറിച്ച് ഒരാളുടെയും വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ആള് കൂടിയാണെന്നും പലരും അഭിപ്രായപ്പെട്ടു.
'ഒന്ന് മാറ്റിപ്പിടിച്ചാലോ' എന്ന ടാഗ് ലൈനില്‍ ആരംഭിച്ച ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ആ ടാഗ് ലൈനിനെ അന്വര്‍ത്ഥമാക്കുന്ന തരത്തിലുള്ള കാഴ്ചകള്‍ കൊണ്ട് സമ്പന്നമായിരുന്നു.അതില്‍ പ്രധാനം രാജാവില്ലാത്ത അല്ലെങ്കില്‍ ഒരു ഹീറോയോ ഹീറോയിനോ ഇല്ലാത്ത സീസണ് ആയിരുന്നു 6 എന്നതാണ്.19 പേരുമായി തുടങ്ങിയ ഷോ പുതിയ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ കൂടി വന്നതോടെ കളിയുടെ സ്ഥിതിഗതികള്‍ അകെ മാറിമറിഞ്ഞു.25 മത്സരാര്‍ഥികളാണ് ഈ സീസണില്‍ പലപ്പോഴായി എത്തിയത്. ഇതില്‍ ആറ് പേര് വൈല്‍ഡ് കാര്‍ഡുകള്‍ ആയിരുന്നു.സിറോയില്‍ നിന്ന് ഹീറോയാകുന്നതും ഹീറോയില്‍ നിന്ന് സീറോയാകുന്നതും ബിഗ് ബോസ് സീസണ് സിക്സില് പതിവ് കഴിച്ചയായി.
കഴിഞ്ഞ ഓരോ സീസണുകളിലും ഒരാള്‍ രാജാവായി വാഴ്ത്തപ്പെടാറുണ്ട്.വണ്‍ മാന്‍ ഷോ, ഷോ സ്റ്റീലര്‍ എന്നൊക്കെ അവരെ ബിബി ആരാധകര്‍ തന്നെ വിശേഷിപ്പിക്കാറുണ്ട്.എന്നാല്‍ ഈ സീസണില്‍ അങ്ങനെയായിരുന്നില്ല.ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ടിക്കറ്റ് ടു ഫിനാലെ സ്വന്തമാക്കിയ വൈല്‍ഡ് കാര്‍ഡ് എന്്രട്രിക്കും ഈ സീസണ് സാക്ഷിയായി.അഭിഷേകായിരുന്നു ഇ മത്സരാര്‍ത്ഥി.നാല് മുറികളും അതിലൊന്ന് ബിഗ് ബോസിലെ സര്വ്വാധികാരികളായ പവര്‍ ടീമും ഒക്കെയായി ബിഗ് ബോസ് അടിമുടി മാറ്റിപ്പിടിച്ച സീസണായിരുന്നു സീസണ് 6. അതിനാല്‍ത്തന്നെ മത്സരാര്‍ഥികള്‍ക്ക് മുന്‍ മാതൃകകളെ ആശ്രയിക്കുക അസാധ്യമായിരുന്നു.
കഴിഞ്ഞ സീസണുകളില്‍ മറ്റ് ഭാഷകളിലെ അവതാരകരെ വച്ച് താരതമ്യം ചെയ്യുമ്പോള്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്ന മോഹന്‍ലാല്‍ സ്റ്റാറായ കാഴ്ച്ചയ്ക്കും ഈ സിസണ് സാക്ഷിയായി.മത്സരാര്‍ത്ഥികള്‍ പിന്നോക്കം പോയ ആദ്യ ദിവസങ്ങളില്‍ പരിപാടിയെ തന്നെ താങ്ങി നിര്‍ത്തിയത് മോഹന്‍ലാലിന്റെ സാന്നിദ്ധ്യവും ഇടപെടലും ആയിരുന്നു.ഒപ്പം വിവാദങ്ങളും ഇത്തവണത്തെ സീസണിനെ തേടിയെത്തി.ഇത്തവണ പുറത്തായ മത്സാര്ത്ഥികള്ക്കൊപ്പം കഴിഞ്ഞ സീസണുകളിലെ മത്സരാര്‍ത്ഥികളും പലതരം വാഗ്വാദങ്ങളുമായി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞപ്പോള്‍ മത്സരം കൂടുതല്‍ ചൂടേറിയതായി.
സീസണിന്റെ ഫിനാലെ ദിനവും വേറിട്ട രീതിയിലാണ് ബിഗ് ബോസ് ഒരുക്കിയത്.വേക്കപ്പ് സോംഗിന് പകരം ഗായകന് നേരിട്ട് ഹൗസിനുള്ളിലേക്ക് എത്തുകയായിരുന്നു.പ്രശസ്ത ഗായകനും സ്റ്റാര്‍ സിംഗര്‍ ജഡ്ജസുമായ വിധു പ്രതാപും സിതാര കൃഷ്ണകുമാറുമാണ് ഹൗസിനുള്ളിലേക്ക് ഒരു സംഘം നര്‍ത്തകര്‍ക്കൊപ്പം ഹൗസിനുള്ളിലേക്ക് എത്തിയത്.വേക്കപ്പ് സോംഗുമായി ഗായകര്‍ നേരിട്ട് എത്തിയപ്പോഴും മത്സരാര്ഥികളില് പലരും കരുതിയത് അത് റെക്കോര്‍ഡ് പ്ലേ ചെയ്തതാണ് എന്നായിരുന്നു. പിന്നീടാണ് അവര്‍ ഗായകരെയും നര്‍ത്തകരെയും കണ്ടത്.
എന്തായാലും കഴിഞ്ഞ സീസണുകള്‍ പോലെ സാബുമോന്, രജിത് കുമാര്‍, മണിക്കുട്ടന്, റോബിന്, അഖില്‍ മാരാര്‍ പോലുള്ള സോളോ ഷോ സ്റ്റീലര്‍ ഇല്ലാത്ത ബിഗ് ബോസ് മലയാളത്തിനാണ് തിരശ്ശീല വീഴുന്നത്.