ഇന്‍സ്റ്റഗ്രാമിലെ വൈറല്‍ താരമായ അമ്മുക്കുട്ടി അമ്മൂമ്മ അന്തരിച്ചു. കോട്ടയം അയ്മനം സ്വദേശിയായ അമ്മൂമ്മയ്ക്ക് 106 വയസായിരുന്നു. വാര്‍ധക്യ സഹജമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കിടപ്പിലായിരുന്നതിനെ തുടര്‍ന്ന് ഏതാനും ആഴ്ചകളായി വിഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നില്ല. ചെറുമകള്‍ ഗോപികയുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് മലയാളികള്‍ അമ്മുക്കുട്ടി അമ്മൂമ്മയെ കേട്ടത്. ഗോപിക തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ മരണവിവരം പുറത്തുവിട്ടത്.
ഈ പ്രായത്തിലും കൊച്ചുമകളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വിശേഷങ്ങള്‍ പറഞ്ഞ് വളരെ ആക്ടീവായിരുന്നു അമ്മുക്കുട്ടി അമ്മൂമ്മ. പേര് പറയാന്‍ പറഞ്ഞാല്‍, സിപി അമ്മുക്കുട്ടിയമ്മ എന്ന പറഞ്ഞിരുന്ന അമ്മൂമ്മ, പേര് ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്ന വിഡിയോകള്‍ വൈറലായിരുന്നു. ഒപ്പം പഴയ കാലത്തെ ജീവിതവും അനുഭവങ്ങളും പല ഘട്ടങ്ങളിലായി അമ്മൂമ്മ പങ്കുവച്ചിരുന്നു.
കടുത്ത മോഹന്‍ലാല്‍ ആരാധികയായ മുത്തശ്ശി താരത്തെ നേരില്‍ കാണണമെന്ന വലിയ ആഗ്രഹം ബാക്കിയാക്കിയാണ് വിടവാങ്ങുന്നത്. തന്റെ ആരാധികയെക്കുറിച്ച് അറിഞ്ഞ മോഹന്‍ലാല്‍ അമ്മൂമ്മയുമായി വിഡിയോ കോളിലൂടെ സംസാരിച്ചത് വൈറലായിരുന്നു. കോട്ടയത്ത് ചിത്രീകരണത്തിന് എത്തുമ്പോള്‍ നേരില്‍ കാണാം എന്നും അമ്മൂമ്മയ്്ക്ക് വാക്കു നല്‍കിയിരുന്നു.