തെലുങ്ക് ചിത്രം 'ഇരുമുടി' വന്‍ വിജയമായി മാറുമ്പോള്‍, അതിനേക്കാള്‍ ഏറെ സന്തോഷം നല്‍കുന്നത് ആ ചിത്രത്തിലെ ബാലതാരമായ നക്ഷത്രയുടെ മുഖത്തെ ചിരി കാണുമ്പോഴാണെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ കുറിപ്പിലൂടെയാണ് നക്ഷത്രയുടെ കഷ്ടപ്പാടുകളും വലിയ വിജയത്തിന് പിന്നിലെ യാഥാര്‍ത്ഥ്യങ്ങളും അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.
'മാളികപ്പുറം' സിനിമയിലേക്ക് കുട്ടികളെ ഓഡിഷന്‍ വിളിച്ചപ്പോള്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത പേരുകളില്‍ ഒന്നായിരുന്നു നക്ഷത്രയുടേത്. എന്നാല്‍ അന്ന് പ്രായം കുറവായതിനാല്‍ ആ വലിയ അവസരം ആ കുട്ടിക്ക് നഷ്ടമായി. അതിനുശേഷം പലപ്പോഴും തനിക്ക് ഫോണ്‍ കോളുകള്‍ ചെയ്തിരുന്നത് നക്ഷത്രയുടെ അച്ഛനായിരുന്നു. തന്റെ മകളെ ഒരു നല്ല നടിയാക്കണമെന്നത് ആ പിതാവിന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നുവെന്നും അഭിലാഷ് പിള്ള കുറിച്ചു.
തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയുടെ സോഷ്യല്‍ മീഡിയ കുറിപ്പ്: തെലുങ്ക് സിനിമയായ ഇരുമുടി വലിയൊരു വിജയമായി മാറുമ്പോള്‍, എനിക്ക് അതിനേക്കാള്‍ സന്തോഷം തരുന്നത് നക്ഷത്രക്കുട്ടിയുടെ മുഖത്തെ ഈ ചിരി കാണുന്നതാണ്. മാളികപ്പുറത്തിലേക്ക് കുട്ടികളെ ഓഡിഷന്‍ വിളിച്ചപ്പോള്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത പേരുകളില്‍ ഒന്നായിരുന്നു നക്ഷത്രയുടേത്. പക്ഷേ അന്ന് പ്രായം കുറവായതിനാല്‍ ആ അവസരം അവള്‍ക്ക് നഷ്ടമായി.അതിനുശേഷം പലപ്പോഴും എനിക്ക് വന്നിരുന്ന ഫോണ്‍ കോളുകളില്‍ ഒന്നായിരുന്നു നക്ഷത്രയുടെ അച്ഛന്റേത്.
മകളെ ഒരു നല്ല നടിയാക്കണമെന്നത് ആ മനുഷ്യന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. അച്ഛന്റെ സ്വപ്നം സഫലമാക്കണമെന്ന വാശിയോടെ ആ പത്ത് വയസ്സുകാരി മുന്നോട്ട് നടന്നു.ഇന്നവള്‍ എത്തിനില്‍ക്കുന്നത് തെലുങ്കിലെ വലിയ വിജയങ്ങളിലൊന്നായി മാറുന്ന ഇരുമുടിയിലെ കേന്ദ്ര കഥാപാത്രമായാണ്.എല്ലാവരും അവളുടെ പ്രകടനത്തെ പുകഴ്ത്തുമ്പോള്‍, അതില്‍ എനിക്ക് കാണാന്‍ കഴിയുന്നത് മകളെ ഒരു നല്ല നടിയാക്കണമെന്നത് നടിയാക്കണമെന്നാഗ്രഹിച്ച ആ അച്ഛന്റെ വിജയമാണ്. അതിന് കൂടെ നിന്ന അമ്മയുടെയും.എപ്പോഴും നിഴലുപോലെ അവള്‍ക്കൊപ്പം നില്‍ക്കുന്ന ആ അച്ഛന്‍ ഇന്ന് മകളെയോര്‍ത്ത് അഭിമാനിക്കുന്നുണ്ടാകും.
മാളികപ്പുറത്തില്‍ നമ്മള്‍ കണ്ട അച്ഛനും മകളും തമ്മിലുള്ള സ്‌നേഹത്തിന്റെ ഒരു യഥാര്‍ത്ഥ അനുഭവം എനിക്ക് നക്ഷത്രയിലൂടെയും അവളുടെ അച്ഛനിലൂടെയും കാണാന്‍ കഴിഞ്ഞിട്ടുണ്ട്. അതിലും വലിയൊരു സന്തോഷം എന്തെന്നാല്‍... അയ്യപ്പന്റെ കഥ പറഞ്ഞ സിനിമയിലൂടെ തന്നെ അവള്‍ വിജയിച്ചിരിക്കുന്നു. നക്ഷത്രമോളേ, ഇത് തുടക്കമാണ്. ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ. അച്ഛന്റെ സ്വപ്നങ്ങള്‍ ഓരോന്നായി യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയട്ടെ.