Latest News

യൂറോപ്പിലെ കാറോട്ട മത്സരത്തിനിടെ നിയന്ത്രണംവിട്ട് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു; യാതൊരുവിധ ഗുരുതര പരിക്കുകളും ഏല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ട് അജിത് 

Malayalilife
 യൂറോപ്പിലെ കാറോട്ട മത്സരത്തിനിടെ നിയന്ത്രണംവിട്ട് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു; യാതൊരുവിധ ഗുരുതര പരിക്കുകളും ഏല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ട് അജിത് 

യൂറോപ്പില്‍ നടന്ന അതിവേഗ കാറോട്ട മത്സരത്തിനിടെ അപകടത്തില്‍പ്പെട്ടെങ്കിലു തെന്നിന്ത്യന്‍ സൂപ്പര്‍ താരം അജിത് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഏഷ്യന്‍ ലെ മാന്‍സ് സീരീസ് (Asian Le Mans Series), മിഷേലിന്‍ ലെ മാന്‍സ് കപ്പ് (Michelin Le Mans Cup) തുടങ്ങിയ പ്രമുഖ എന്‍ഡ്യൂറന്‍സ് ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കുന്നതിനിടയിലായിരുന്നു അപകടം. 

മത്സരത്തിനിടയില്‍ അജിത് ഓടിച്ചിരുന്ന കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഈ വലിയ അപകടത്തില്‍ നിന്നും യാതൊരുവിധ ഗുരുതര പരിക്കുകളും ഏല്‍ക്കാതെ താരം അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മത്സരത്തിനിടയില്‍ ടയറുകള്‍ക്കുണ്ടായ സാങ്കേതിക തകരാറുകളും ട്രാക്കിലെ വെല്ലുവിളി വര്‍ദ്ധിപ്പിച്ചു. വലിയ അപകടമായിരുന്നുവെങ്കിലും, താരം യാതൊരുവിധ പരിക്കുകളുമേല്‍ക്കാതെ സുരക്ഷിതനായി രക്ഷപ്പെട്ടത് ആരാധകര്‍ക്ക് വലിയ ആശ്വാസമായി. 

തമിഴ് സിനിമയിലെ സൂപ്പര്‍താര പദവിയില്‍ നില്‍ക്കുമ്പോഴും മോട്ടോര്‍ സ്പോര്‍ട്സിനോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ട് അന്താരാഷ്ട്ര ശ്രദ്ധ നേടിയ നടനാണ് അജിത് കുമാര്‍. പ്രൊഫഷണല്‍ റേസിംഗിലേക്ക് ചുവടുവെക്കുകയും 'അജിത് കുമാര്‍ റേസിംഗ്' എന്ന സ്വന്തം ടീം രൂപീകരിക്കുകയും ചെയ്ത താരം പ്രമുഖ മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു. റേസിംഗ് ട്രാക്കുകളില്‍ വച്ച് അപകടങ്ങളെ നേരിടുന്നത് അജിതിന് ഇതാദ്യമല്ല. 2025-ല്‍ ഇറ്റലിയില്‍ നടന്ന ജിടി4 യൂറോപ്യന്‍ സീരീസിനിടയിലും, സ്‌പെയിനിലെ വലന്‍സിയയില്‍ നടന്ന പോര്‍ഷെ സ്പ്രിന്റ് ചലഞ്ചില്‍ വാഹനം തലകീഴായി മറിഞ്ഞപ്പോഴും, 24 എച്ച് ദുബായ് മത്സരത്തിന്റെ പരിശീലനത്തിനിടയില്‍ പോര്‍ഷെ കാര്‍ തകര്‍ന്നപ്പോഴും അദ്ദേഹം പരിക്കുകളില്ലാതെ രക്ഷപ്പെട്ടിരുന്നു. 

2003-ലെ ഫോര്‍മുല ഏഷ്യ ബിഎംഡബ്ല്യു ചാമ്പ്യന്‍ഷിപ്പ്, ക്രെവെന്റിക് 24 എച്ച് സീരീസ് എന്നിവയുള്‍പ്പെടെ നിരവധി അന്താരാഷ്ട്ര ഫോര്‍മുല മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച അപൂര്‍വ്വം അഭിനേതാക്കളില്‍ ഒരാളാണ് അദ്ദേഹം. ട്രാക്കിലെ അപകടങ്ങളെക്കുറിച്ചും അതിനുശേഷമുള്ള തന്റെ മാനസികാവസ്ഥയെക്കുറിച്ചും മുന്‍പ് അജിത് മനസ്സ് തുറന്നിട്ടുണ്ട്. 'ഒരു അപകടം സംഭവിച്ചാല്‍ ഉടനടി ഞാന്‍ ചിന്തിക്കുന്നത് എനിക്ക് എത്രത്തോളം പരിക്കേറ്റിട്ടുണ്ട്, കാറിന്റെ അവസ്ഥയെന്താണ്, വീണ്ടും റേസ് തുടരാന്‍ കഴിയുമോ എന്നാണ്. എന്റെ ശരീരത്തിനും കാറിനും കുഴപ്പമില്ലെന്ന് ഉറപ്പാക്കിയാല്‍ പിന്നെ അഡ്രിനാലിന്‍ കത്തും. കളി പൂര്‍ത്തിയാക്കാതെ മടങ്ങുക (DNF - Did Not Finish) എന്ന ചിന്ത ഒഴിവാക്കുക മാത്രമായിരിക്കും മനസില്‍. ഇന്ന് തന്നെ മത്സരം പൂര്‍ത്തിയാക്കണം എന്ന് ഞാന്‍ ഉറപ്പിക്കും,' എന്ന് അദ്ദേഹം വ്യക്തമാക്കി. 

കുടുംബത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഉത്കണ്ഠയുണ്ടെന്നും, എന്നാല്‍ താന്‍ ഒരു നടനായതിനാലാണ് തന്റെ അപകടങ്ങള്‍ വാര്‍ത്തകളില്‍ വലിയ പ്രാധാന്യം നേടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'സിനിമയുമായി ബന്ധപ്പെട്ട് എനിക്ക് 29 ശസ്ത്രക്രിയകള്‍ ചെയ്യേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഇതുവരെ റേസിംഗില്‍ പ്രാക്ടീസോ മത്സരമോ മുടങ്ങുന്ന രീതിയിലുള്ള വലിയ പരിക്കുകള്‍ പറ്റാത്തത് വലിയ അനുഗ്രഹമാണ്. പരാതികള്‍ പറഞ്ഞ് ജീവിക്കാം, അല്ലെങ്കില്‍ പാഠങ്ങള്‍ പഠിച്ച് മുന്നോട്ട് പോകാം. സാമ്പത്തികമായി നിലനില്‍പ്പ് ലഭിച്ചാല്‍ പണം കൊണ്ട് എന്തൊക്കെ വാങ്ങാം വാങ്ങാന്‍ കഴിയില്ല എന്ന് മനസ്സിലാകും,' അജിത് പറഞ്ഞു. 'വിടാമുയര്‍ച്ചി', 'ഗുഡ് ബാഡ് അഗ്ലി' എന്നിവയാണ് അദ്ദേഹത്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍. അധിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'ഡെയര്‍ഡെവിള്‍' എന്ന ചിത്രത്തിലാണ് അദ്ദേഹം അടുത്തതായി അഭിനയിക്കാന്‍ ഒരുങ്ങുന്നത്.

Read more topics: # അജിത്
Actor Ajith Kumar survives car crash

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES