സ്റ്റേജില്‍ പാടാനായി കയറുന്നതിനു മുന്‍പ് തനിക്ക് യാതൊരുവിധ പേടിയോ പരിഭ്രാന്തിയോ തോന്നാറില്ലെന്ന് പ്രമുഖ ഗായിക വൈക്കം വിജയലക്ഷ്മി. പാട്ടിന്റെ വരികള്‍ എങ്ങനെയാണ് താന്‍ പഠിച്ചെടുക്കുന്നതെന്നും, തന്റെ സംഗീത ജീവിതത്തിലെ വിശേഷങ്ങളും 'ദ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ' എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കവെയാണ് താരം വ്യക്തമാക്കിയത്.
'സ്റ്റേജില്‍ കയറുന്നതിനു മുന്‍പ് എനിക്ക് പരിഭ്രാന്തി ഒന്നും തോന്നാറില്ല. പുതിയ അവസരങ്ങളും വ്യത്യസ്തമായ പരീക്ഷണങ്ങളും എന്ന രീതിയില്‍ മാത്രമാണ് ഞാന്‍ അതിനെ കാണാറുള്ളത്. ഞാനെപ്പോഴും വെറൈറ്റി കൃതികള്‍ പാടാനാണ് ഇഷ്ടപ്പെടുന്നത്. എല്ലാവരും പാടുന്നത് പാടാറില്ല. ഞാന്‍ ചെറുപ്പം മുതലേ അങ്ങനെയാണ്, എല്ലാ കാര്യത്തിലും വെറൈറ്റി ആഗ്രഹിക്കുന്നയാളാണ്'- വൈക്കം വിജയലക്ഷ്മി പറഞ്ഞു.
താന്‍ പാട്ടുകള്‍ പഠിച്ചെടുക്കുന്ന രീതിയെക്കുറിച്ചും ഗായിക അഭിമുഖത്തില്‍ തുറന്നുപറഞ്ഞു. 'എനിക്ക് ഒരു പാട്ടിന്റെ വരികള്‍ പഠിക്കാന്‍ സാധാരണയായി ഒരു ദിവസം മതിയാകും. വരികള്‍ക്ക് നീളം കൂടുതലാണെങ്കില്‍ രണ്ടാഴ്ചയൊക്കെ സമയം നീട്ടി ചോദിക്കാറുണ്ട്. അങ്ങനെ കേട്ട് കേട്ട്, രാവിലെയും രാത്രിയുമൊക്കെയായിട്ടാണ് ഞാന്‍ പാട്ടുകള്‍ മനസ്സിരുത്തി പഠിക്കുന്നത്. ഞാന്‍ ഒറ്റയ്ക്കിരുന്ന്, വാതിലൊക്കെ അടച്ച് ഏകാഗ്രതയോടെ മാത്രമേ പഠിക്കുകയുള്ളൂ. അപ്പോഴേ ആ വരികള്‍ എനിക്ക് ഹൃദിസ്ഥമാവുകയുള്ളൂ.'
'വണ്ടിയിലൊക്കെ യാത്ര ചെയ്യുമ്പോള്‍ പാട്ടുകള്‍ കേട്ട് പഠിക്കുകയെന്നത് എനിക്ക് നടക്കില്ല. ചിലര്‍ പരിപാടിയുടെ അന്ന് തന്നെയായിരിക്കും പാട്ടുകള്‍ അയച്ചു തരുന്നത്. എന്നാല്‍ എനിക്ക് അങ്ങനെ പെട്ടെന്ന് പഠിക്കാന്‍ പറ്റില്ല എന്ന് ഞാന്‍ തുറന്നുപറയാറുണ്ട്. സ്‌കൂളില്‍ പഠിക്കുന്ന സമയത്തും ഇതുതന്നെയായിരുന്നു അവസ്ഥ. ഒരു പാട്ട് പഠിക്കാന്‍ എനിക്ക് ഒരു ദിവസം വേണം. ഈ കാര്യത്തില്‍ ആരും എന്നെ ശല്യപ്പെടുത്താതെ ഒറ്റയ്ക്ക് വിട്ടാല്‍ മതി'- വൈക്കം വിജയലക്ഷ്മി കൂട്ടിച്ചേര്‍ത്തു.