Latest News

കുന്നിന്മുകളില്‍നിന്നും കടല്‍ കാണണോ വര്‍ക്കലയിലേക്ക് പോരൂ..

Malayalilife
കുന്നിന്മുകളില്‍നിന്നും കടല്‍ കാണണോ വര്‍ക്കലയിലേക്ക് പോരൂ..

തിരുവനന്തപുരം ജില്ലയിലെ പ്രകൃതിരമണീയമായ പട്ടണമാണ് വര്‍ക്കല. കേരളത്തിന്റെ ദക്ഷിണമേഖലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കടലും കുന്നുകളും മുട്ടിയുരുമ്മി നില്ക്കുന്ന അപൂര്‍വ സുന്ദരമായ കാഴ്ച വര്‍ക്കലയുടെ മാത്രം സവിശേഷതയാണ്. ചെങ്കുത്തായ മലമടക്കുകള്‍ അറബിക്കടലിനോട് കിന്നാരം പറയുന്ന പ്രകൃതിയുടെ ഈ ലയനത്തെ വര്‍ക്കല ഫോര്‍മേഷന്‍ എന്നാണ് ഇന്ത്യയിലെ ജിയോളജിക്കല്‍ സര്‍വ്വേ വിശേഷിപ്പിച്ചത്. വര്‍ക്കല തീരത്ത് തട്ടിച്ചിതറുന്ന തിരമാലകളുടെ ഭംഗി ഒന്നുവേറെ തന്നെയാണ്.

ഏറ്റവും മനോഹരമായ പത്ത് കടല്‍ത്തീരങ്ങളിലൊന്നായി ഡിസ്‌ക്കവറി ചാനല്‍, വര്‍ക്കലയെ തിരഞ്ഞെടുത്തിട്ടുണ്ട്. സീണണില്‍ ഇവിടെക്ക് സഞ്ചാരപ്രവാഹമാണ്. ശ്രീനാരായണഗുരുവിന്റെ സമാധിസ്ഥലമെന്ന നിലയില്‍ ഇത് ഇന്നൊരു തീര്‍ത്ഥാടനകേന്ദ്രം കൂടിയാണ്. കേരളത്തില്‍ വളരെയധികം വിദേശ വിനോദസഞ്ചാരികളെത്തുന്ന ഒരു സ്ഥലമാണ് വര്‍ക്കല. നല്ല നിലവാരത്തിലുമുള്ള റിസോര്‍ട്ടുകളും, അവയ്ക്കു അനുബന്ധമായി പ്രവര്‍ത്തിക്കുന്ന സുഖചികിത്സാ സ്ഥാപനങ്ങളും ഇവിടെയുണ്ട്. വര്‍ക്കലയിലെ കടല്‍തീരമായ പാപനാശം തീരം 'ദക്ഷിണ കാശി' എന്നാണ് അറിയപ്പെടുന്നത്. തെക്കേ ഇന്‍ഡ്യയിലെ പ്രമുഖ ക്ഷേത്രങ്ങളിലൊന്നായ ജനാര്‍ദ്ദനസ്വാമിക്ഷേത്രവും ,ശ്രീനാരായണഗുരുവിന്റെ സമാധിയായ ശിവഗിരിയും ഇവിടെ സ്ഥിതി ചെയ്യന്നു.

പ്രസിദ്ധമായ ഒരു ഹിന്ദുമുസ്ലിം തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ് വര്‍ക്കല. ശിവഗിരിമഠം, ജനാര്‍ദ്ദനസ്വാമി ക്ഷേത്രം, കടുവായില്‍ ജുമാമസ്ജിദ്, ശിവപാര്‍വ്വതീ ക്ഷേത്രം എന്നീ ആരാധനാലയങ്ങള്‍ക്ക് പുറമെ വര്‍ക്കല ബീച്ച്, പാപനാശം ബീച്ച്, കാപ്പില്‍ തടാകം, ആഞ്ചുതെങ്ങ് ഫോര്‍ട്ട്, വര്‍ക്കല ടണല്‍, പവര്‍ഹൌസ് എന്നിങ്ങനെ സഞ്ചാരികള്‍ക്ക് കണ്ടാസ്വദിക്കാന്‍ ഒരുപാടുണ്ട് വര്‍ക്കലയില്‍. ടൂറിസ്റ്റുകള്‍ക്ക് എവിടെയും ഏറ്റം പ്രിയങ്കരമായ അരുവികള്‍ ഇവിടെ വര്‍ക്കലയിലുണ്ട്. ഇവിടത്തെ പാപനാശം ബീച്ച് പ്രകൃതിഭംഗിക്ക് പേരുകേട്ട കടല്‍ത്തീരമാണ്. 2000 വര്‍ഷത്തെ പഴക്കം അവകാശപ്പെടുന്ന ഏറ്റവും പ്രാചീന ക്ഷേത്രങ്ങളിലൊന്നായ ശ്രീ ജനാര്‍ദ്ദനസ്വാമി ക്ഷേത്രം ഈ ബീച്ചിനോട് ചേര്‍ന്ന് നിലകൊള്ളുന്നു.

 വര്‍ക്കലബീച്ച് ഇവിടത്തെ പ്രധാനപ്പെട്ട കടല്‍ത്തീരമാണ്. പാരാസൈലിങ്ങിനും പാരാ ഗ്ലൈഡിങ്ങിനും ഇവിടെ സൌകര്യമുണ്ട്. വര്‍ക്കല ബീച്ചിനോട് ചേര്‍ന്ന് കിടക്കുന്ന കാപ്പില്‍ തടാകത്തില്‍ ബോട്ടിംങിന് സൌകര്യമുണ്ട്. അസ്തമന സൂര്യന്റെ ഭംഗി ആസ്വദിക്കാന്‍ ഇഷ്ടപ്പെടുന്നവരെ ചിലക്കൂര്‍ ബീച്ച് നിരാശപ്പെടുത്തില്ല. വര്‍ക്കല ടൌണിനടുത്തായാണ് ഈ കടല്‍ത്തീരം. സഞ്ചാരികളെ ആവോളം രസിപ്പിക്കാന്‍ പര്യാപ്തമായ വേറൊന്നും ഈ ബീച്ചില്‍ ഇല്ലെങ്കിലും ഇവിടെനിന്നുള്ള അസ്തമനദൃശ്യം കാണുവാനും സായാഹ്ന സവാരി ഉദ്ദേശിച്ചും സഞ്ചാരികള്‍ ഇവിടെയെത്തുന്നു.പൊന്നുംതുരുത്ത് അഥവാ ഗോള്‍ഡന്‍ ഐലന്റ്, ഒരു നൂറ്റാണ്ട് പഴക്കമുള്ള ഇവിടത്തെ ശിവപാര്‍വ്വതീ ക്ഷേത്രത്താല്‍ പ്രസിദ്ധമാണ്. വര്‍ക്കലയിലെ സന്ദര്‍ശക പ്രാധാന്യമുള്ള ഒരു ചെറുദ്വീപാണ് ഈ സ്ഥലം.

varkala beach tourism

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES