ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇന്‍ ബീച്ച്. തലശ്ശേരി ധര്‍മ്മത്തിനടുത്ത മുഴപ്പിലങ്ങാട് ബീച്ചിന്റെ ഖ്യാതിക്ക് കടല്‍ കടന്നും വിലാസമുണ്ട്. ഓരോ തിരകളും കരയെ തഴുകി അകലുമ്പോഴും സിമന്റ് പോലെ ഉറച്ചു പോകുന്ന ഈ പഞ്ചാരമണല്‍ തീരമാണ് ഇന്ന് സഞ്ചാരികളുടെ പ്രിയ കേന്ദ്രം. ആര്‍ത്തലച്ചു വരുന്ന തിരമാലകളില്ല. ശാന്തമായി മടങ്ങുന്ന തൂവെള്ള തിരച്ചുരുളുകള്‍.
തിരമാലകള്‍ക്കിടയിലൂടെ ഇരുഭാഗത്തേക്കും വെള്ളം വിതറി കുതിച്ചുപായുന്ന വാഹനങ്ങളുടെ നിരകള്‍ക്കിടയില്‍ മുഴപ്പിലങ്ങാട് പങ്കിടുന്നത് ബീച്ച് റൈഡിങ്ങിന്റെ തിരയടങ്ങാത്ത ആവേശമാണ്. ഓരോ കാലത്തും മുഴപ്പിലങ്ങാടിന് വിഭിന്നഭാവങ്ങളാണ്. ഇന്ത്യയില്‍ ഇങ്ങനെയൊരു ബീച്ച് മറ്റെവിടെയും സങ്കല്‍പ്പിക്കാനാവില്ല.
തീരങ്ങളില്‍ മണിലിലേക്ക് ആഴ്ന്നിറങ്ങുന്ന കാലുമായി തിരകളിലേക്ക് നടന്നുപോകുന്ന മറ്റ് ബീച്ചുകളില്‍ നിന്നും വ്യത്യസ്തമായി ടൈല്‍ പാകിയതുപോലെ ഉറച്ചതാണ് ഇവിടുത്തെ കടല്‍തീരം. ഇന്ത്യയില്‍ ഈ പ്രത്യേകതകള്‍ സൂക്ഷിക്കുന്ന ഏക ബീച്ചും ഇതുതന്നെയാണ്. തിരയകന്ന് അല്‍പ്പനേരം ഒന്നുണങ്ങുമ്പോള്‍ മണല്‍ത്തരികള്‍ അകന്ന് മൃദുവാകും ഈ ബീച്ച്. പിന്നെയും തിരകള്‍ വരും തോറും ഉറച്ച് പാറപോലെ. ഇതിന് മുകളിലൂടെയാണ് വാഹനങ്ങളുടെ ഇരമ്പല്‍. നോക്കെത്താ ദൂരത്തോളം ആര്‍ത്തിരമ്പി പായുന്ന ചെറുതും വലുതുമായ വാഹനങ്ങളുടെ റൈഡിങ്ങാണ് മുഴപ്പിലങ്ങാടിന്റെ ഹൈലൈറ്റ്‌സ്. ബീച്ച് റൈഡിങ്ങ് എക്‌സ്പീരിയന്‍സിന് മാത്രമായി ഉത്തരേന്ത്യയില്‍ നിന്നും വരെ ഗ്രൂപ്പുകള്‍ ഇവിടെ എത്താറുണ്ട്.
റണ്‍ റണ്‍ റണ്‍വേ
കണ്ണൂരിനും തലശ്ശേരിക്കും ഇടയിലുള്ള ദേശീയ പാതയ്ക്ക് സമാന്തരമാണ് ഈ കടല്‍ത്തീരമുള്ളത്. ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇന്‍ ബീച്ചായി ഇതറിയപ്പെടാന്‍ തുടങ്ങിയതോടെ വിദേശികള്‍ പോലും ഇവിടത്തേക്ക് വിരുന്നെത്തുന്നു. അഞ്ചു കിലോമീറ്ററോളം ദൂരത്തില്‍ അര്‍ദ്ധ വൃത്താകൃതിയിലുള്ള ബീച്ച് വൈകുന്നേരമാകുമ്പോഴേക്കും സഞ്ചാരികളെക്കൊണ്ട് നിറയും. രാത്രി ഇരുട്ടുന്നതുവരെയും ഈ ബീച്ചില്‍ സഞ്ചാരികള്‍ ഒഴിയുന്നേയില്ല. മേയ് മാസത്തില്‍ ഇവിടെ ബീച്ച് ഫെസ്റ്റിവല്‍ നടക്കാറുണ്ട്. പാരാഗ്ലെഡറുകളില്‍ സാഹസിക പ്രിയരായ സഞ്ചാരികളും എത്തുന്നതോടെ ഇവിടെ കാഴ്ചകളുടെ ഉത്സവമാണ്.
ഇരുപത് രൂപയാണ് ഒരു വാഹനത്തിന് ബീച്ചിനുള്ളിലേക്കുള്ള പാസ്സിന് നല്‍കേണ്ടത്. ബീച്ച് പരിപാലനത്തിനായി ഈ തുക ഉപയോഗിക്കുന്നു. ബീച്ചിനുള്ളില്‍ വാഹനങ്ങള്‍ റൈഡ് ചെയ്യുന്നതിന് ഏരിയകള്‍ തിരിച്ച് പരമാവധി വേഗതയും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ബീച്ചിനുള്ളില്‍ കുട്ടികളടക്കമുള്ളവര്‍ ധാരാളം വരുന്നതിനാല്‍ ഇവര്‍ക്കിടയിലേക്ക് വാഹനങ്ങള്‍ അമിത വേഗതയില്‍ ഓടിക്കുന്നതിനും കര്‍ശന നിയന്ത്രണമുണ്ട്. വേഗത ലംഘിക്കുന്നവരെ പിടികൂടാന്‍ ഗാര്‍ഡുമാരെയും നിയോഗിച്ചിട്ടുണ്ട്.
എങ്കിലും ഈ മേഖലകളില്‍ നിന്നും അകന്ന് കടല്‍തിരമാലകളെ രണ്ടായി മുറിച്ച് ചീറിപ്പായുന്ന ഫ്രീക്കന്‍ വാഹനങ്ങളെ തടയാന്‍ ആര്‍ക്കുമാകില്ല. ഈ ആവേശത്തിന്റെ നെറുകയിലേക്കാണ് ഞങ്ങള്‍ ടിക്കറ്റെടുത്തത് എന്നാവും ഇവരുടെ മറുപടി. പകല്‍ മുഴുവന്‍ ചുട്ടുപൊള്ളുമ്പോഴും വാഹനങ്ങളുമായി ഇവിടേക്ക് വന്നെത്തുവരുടെ കുറവില്ല. തലശ്ശേരി കണ്ണൂര്‍ ഹൈവേയ്ക്ക് സമാന്തരമായതിനാല്‍ ഇതുവഴി പോകുന്നവര്‍ അല്‍പ്പം സമയം ബീച്ചില്‍ വാഹനവുമായി ചുറ്റിയടിക്കാനും താല്‍പ്പര്യപ്പെടുന്നവരുണ്ട്.
മലബാറിലെ ബീച്ച് ടൂറിസത്തിന്റെ വേറിട്ട അനുഭവങ്ങളാണ് ഇവിടെയുള്ളത്. ടൂറിസം ഇവിടെ അനാവശ്യമായ ആഡംബരങ്ങളോ പരിഷ്‌കാരങ്ങളോ എത്തിച്ചിട്ടില്ല. ആര്‍ക്കും യഥേഷ്ടം സ്വതന്ത്രമായി ബീച്ചില്‍ ഉല്ലസിച്ച് മടങ്ങാം. കാറുകാര്‍ മാത്രമല്ല. ബൈക്ക് റൈഡര്‍മാരുടേയും പ്രിയ ഇടമാണ് ഈ തീരം. കൂട്ടത്തില്‍ വളയം പിടിക്കാന്‍ പഠിക്കുന്നവര്‍ക്കും സ്വന്തമാണ് ഈ റണ്‍വേ.
ഏഷ്യയില്‍ ഒന്നുമാത്രം
2016 ല്‍ ബി.ബി.സി പരിചയപ്പെടുത്തുന്ന ലോകത്തിലെ ആറ് ഡ്രൈവ് ഇന്‍ ബീച്ചില്‍ ഏഷ്യയില്‍ നിന്നുമുള്ള ഏക ബീച്ചാണ് മുഴപ്പിലങ്ങാട്. അമേരിക്കയിലെ നോര്‍ത്ത് കരോളിനയിലെ കൊറോള ബീച്ച്, ആസ്‌ട്രേലിയ ക്യൂന്‍സ് ലാന്‍ഡിലെ ഫ്രേസര്‍ കോസ്റ്റ്, ടെക്‌സാസിലെ പെഡ്രേ അയലന്‍ഡ്, ബ്രസീലിലെ നാറ്റാല്‍ ഫ്രെട്ടലേസ, ഐസ് ലാന്‍ഡിലെ സോള്‍മാസിന്‍ഡര്‍ ബീച്ചുകള്‍ക്കൊപ്പമാണ് ബി.ബി.സി ഈ ബീച്ചിനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൃത്രിമങ്ങളില്ലാത്ത ഡ്രൈവ് ഇന്‍ ബീച്ച് എന്ന ഖ്യാതിയും മുഴപ്പിലങ്ങാടിന് സ്വന്തമാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ബീച്ച് ടൂറിസമുള്ള ഗോവയില്‍ പോലും ഡ്രൈവ് ഇന്‍ ബീച്ചില്ല. ഇക്കാരണത്താല്‍ തന്നെ ഈ തീരത്തെ അടുത്തറിയാന്‍ ഒട്ടേറെ സഞ്ചാരികള്‍ സമയം കണ്ടെത്താറുണ്ട്.
കടലില്‍ നിറയെ പാറക്കൂട്ടങ്ങള്‍. ആര്‍ത്തലച്ചുവരുന്ന തിരമാലകള്‍ കൂര്‍ത്ത കരിമ്പാറകളില്‍ തലതല്ലിചിതറുന്നു. ഈ കരമ്പാറ നിരകളാണ് കടലില്‍ നിന്നുള്ള ശക്തമായ തിരകളെ പ്രതിരോധിക്കുന്നത്. വേലിയിറക്ക സമയത്ത് ഈ പാറക്കൂട്ടങ്ങളില്‍ ചിലതിലേക്ക് നടന്നു പോകാം. നെറുകയില്‍ നിറയെ പായല്‍ പച്ചപ്പുമായി നില്‍ക്കുന്ന ഈ തുരുത്ത് ആരെയും വിസ്മയിപ്പിക്കും. കരയുടെ കോണുകളിലേക്ക് പാറക്കെട്ടുകളെ മറികടന്ന് കടല്‍ നുഴഞ്ഞു കയറുന്ന കാഴ്ചകള്‍ തന്നെയാണ് ഈ തീരങ്ങളുടെയെല്ലാം വശ്യത.
ദേശാടന പക്ഷികളുടെയും താവളമാണ് ഇവിടം. അതുകൊണ്ട് തന്നെ പക്ഷി നിരീക്ഷകരുടെയും പ്രിയ ഇടമാണ് ഇവിടം. തൊട്ടകലെ നെറുകയില്‍ പച്ചപ്പുമായി ധര്‍മ്മടം തുരുത്തുമുണ്ട്. കടലില്‍ തീരത്തോട് ചേര്‍ന്ന് രൂപപ്പെട്ട ഈ തുരുത്തുകള്‍ ചേര്‍ന്ന് വരച്ചിടുന്നത് മനോഹരമായ ചില കാണാക്കാഴ്ചകളാണ്. കണ്ണൂര്‍ ആകാശത്തേക്ക് ചിറകുകള്‍ നീട്ടുമ്പോള്‍ ഈ തീരം തിരക്കൊഴിയാത്ത സഞ്ചാരികളെയും പ്രതീക്ഷിച്ചിരിക്കുകയാണ്.