മീന്മുട്ടി വാട്ടര്‍ ഫാള്‍സിന്റെയും സൂചിപ്പാറ വാട്ടര്‍ ഫാള്‍സിന്റെയും ബോഡ് വയനാട്ടിലൂടെ പോകുന്ന സമയത്ത് പലതവണ കണ്ടിട്ടുണ്ടെങ്കിലും ഇതുവരെ പോയി കാണാന്‍ പറ്റിയിട്ടുണ്ടായില്ല. ഈ അടുത്തിടെ മുംബൈ കാലിക്കറ്റ് ഫ്‌ലൈറ്റില്‍ നാട്ടിലോട്ട് പോകുമ്പോള്‍ അടുത്തിരുന്ന പാരീസുകാരി മദാമ്മ മീന്മുട്ടി വാട്ടര്‍ ഫാള്‍സിനെക്കുറിച്ച് ചോദിച്ചപ്പോളാണ് ശരിക്കും ഞാന്‍ ഇരുന്ന് ചിന്തിച്ച് പോയത്,വീട്ടില്‍ നിന്നും ഒരു ദിവസം കൊണ്ട് പോയി വരാനുള്ള ദൂരമേ ഉള്ളൂ എന്നിട്ടും എനിക്കീ വെള്ളച്ചാട്ടത്തിന്റെ ഒരു വിവരവുമില്ല ,ഏതോ നാട്ടീ കിടക്കുന്ന മദാമ്മ ഒരു പാട് കാശും ചെലവാക്കി പോകുന്നു ഈ വെള്ളച്ചാട്ടം കാണാന്‍.
ഇക്കയിഞ്ഞ മേയ് 20ന് മീന്മുട്ടി വെള്ളച്ചാട്ടവും ,ഒക്കുമെങ്കില്‍ സൂചിപ്പാറവെള്ളച്ചാട്ടവും കാണാന്‍ വേണ്ടി ഇറങ്ങിത്തിരിച്ചു.യാത്രയില്‍ എന്റെ കൂടെ -നല്ല പാതി,നാച്ചു,മാതാജി,സൌദത്താ,പൊന്നു -ഇവരും ഉണ്ടായിരുന്നു.ഉച്ചക്ക് 12 മണിക്ക് തന്നെ ഞങ്ങള്‍ യാത്ര തുടങ്ങി.ഉച്ചക്കത്തെ ഭക്ഷണം പാര്‍സലാക്കി കൂടെ കരുതിയിരുന്നു.
ഇടയ്ക്ക് പിന്നെ വണ്ടി നിന്നത് വയനാട് ചുരത്തിലെ 9 ആമത്തെ വളവിലെ വ്യൂ പോയന്റിലാണ്.വ്യൂ പോയന്റില്‍ പതിവുപോലെ മഞ്ഞ് മൂടിത്തുടങ്ങിയിരുന്നു.ഞങ്ങള്‍ ഒന്നു രണ്ട് പടമെടുത്ത ശേഷം പിന്നെ കാര്‍ നിന്നത് മേപ്പാടിക്ക് പോകുന്ന വഴിയില്‍ ഒരു ചായത്തോട്ടത്തിന്റെ നടുക്കാണ്.
വിശപ്പിന്റെ വിളി എത്തിത്തുടങ്ങിയത് കൊണ്ട് റോഡ് സൈഡിലായി തുണിയും പേപ്പറും വിരിച്ചിരുന്ന് ഭക്ഷണം കഴിച്ചു.
പിന്നെ ഒറ്റ നോട്ടത്തില്‍ ഉണങ്ങിയതാണെന്ന് തോന്നിക്കുന്ന,കായല്‍ക്കുണ്ടക്ക്(മുള അല്ലെങ്കില്‍ കായല്‍ കൂട്ടം) അടുത്താണ് വണ്ടി നിര്‍ത്തിയത്.കായല്‍ മുഴുവനും പൂത്ത് കായ്ച്ച്, കായലരിയുമായി നില്‍ക്കുന്ന കാഴ്ച്ച എനിക്ക് ആദ്യത്തെ അനുഭവമായിരുന്നു.കായലിന്റെ അരി കാണാന്‍ ഗോതമ്പിന്റെ മണി പോലെയാണിരുന്നത്.പണ്ട് കാലത്ത് അരിക്ക് ക്ഷാമമുള്ളപ്പോള്‍ കായലരി അടിച്ചുകൂട്ടിയെടുത്ത് കുത്തിയിടിച്ച് ഭക്ഷിക്കുമായിരുന്നുപോലും!
മേപ്പാടി ടൌണില്‍ വണ്ടി നിര്‍ത്തി അന്യേഷിച്ചപ്പോളാണ് അറിയുന്നത് പെണ്ണുങ്ങള്‍ക്കൊക്കെ മീന്മുട്ടി വെള്ളച്ചാട്ടം കാണാന്‍ പോകാന്‍ ബുദ്ധിമുട്ടാണ്,വഴി നല്ല വഴുക്കലുള്ളതാണത്രെ.കുറച്ച് കൂടി സെയ്ഫ് സൂചിപ്പാറയാണെന്ന് കേട്ടപ്പോള്‍ പിന്നെ അധികം ആലോചിച്ചു നിന്നില്ല വണ്ടി മേപ്പാടിയില്‍ നിന്നും റൈറ്റ് എടുത്ത് സൂചിപ്പാറക്ക് തിരിച്ചു.
ഏകദേശം 13 കി.മി ദൂരം വണ്ടിയോടിക്കാണും ,ഞങ്ങള്‍ സൂചിപ്പാറ വാട്ടര്‍ ഫാള്‍സ് കാണാന്‍ പോകുന്നതിന്ന് കാര്‍ നിര്‍ത്തിടേണ്ട സ്ഥലത്തെത്തി.അവിടെ ഇറങ്ങി അന്വേഷിച്ചപ്പോളാണ് അറിയുന്നത് വെള്ളച്ചാട്ടം കാണാന്‍ അവിടെ നിന്നും ഏതാണ്ട് 1.5 കി.മി കാട്ടിലൂടെ നടന്ന് പോകണമെന്ന്.കൂടെയുള്ള എല്ലാവരും കൂടെ എന്നെ തെറി വിളിക്കുമോ എന്നായി എന്റെ പേടി.
20 രൂപയായിരുന്നു ഒരാള്‍ക്ക് ടിക്കറ്റിന്.
പോകുന്ന വഴി നല്ല കയറ്റമുള്ളത് കൊണ്ട് മാതാജി അവിടെ തന്നെ ഇരിക്കാമെന്നേറ്റു. അടുത്തുള്ള ഒരു ചായക്കടക്കാരന്‍ മാതാജിക്ക് ഇരിക്കാന്‍ കസേരയിട്ടുകൊടുക്കുകയും ചെയ്തു.
കാട്ടിലൂടെ നടക്കാനുള്ള വഴി കല്ലുപാകിയതായിരുന്നു.ശുദ്ധ വായു ശ്വസിച്ച് കാട്ടിലൂടെയുള്ള യാത്ര നല്ല സുഖമുള്ള ഒരനുഭവമായിരുന്നു.
കുറെ നടന്ന് കയിഞ്ഞപ്പോള്‍ വെള്ളച്ചാട്ടത്തിന്റെ അടുത്തെത്താനുള്ള സ്റ്റെപ്പുകള്‍ കാണാമായിരുന്നു.വെള്ളച്ചാട്ടത്തിന്റെ അടുത്തായി ഫോറസ്റ്റ് ഗാര്‍ഡ് നില്‍പ്പുണ്ടായിരുന്നു.കുറെ സ്റ്റെപ്പുകള്‍ ഇറങ്ങിയശേഷമാണ് വെള്ളച്ചാട്ടം കാണാന്‍ തുടങ്ങിയത്.
കുറെ പാറകള്‍ ചാടിക്കടന്നുവേണ്ടിയിരുന്നു വെള്ളച്ചാട്ടത്തിന്റെ അടുത്തെത്താന്‍.
സമ്മര്‍ സീസണായിട്ടും വെള്ളച്ചാട്ടത്തിന്റെ ശക്തിക്ക് വലിയ കുറവൊന്നും അനുഭവപ്പെട്ടില്ല.ഏതാണ്ട് 100 ft തൊട്ട് 300 ft വരെ ഉയരത്തില്‍ നിന്നും ഉള്ള വെള്ളച്ചാട്ടം കണ്ണിന്നു കുളിരേകുന്നതായിരുന്നു.
ഞങ്ങള്‍ അവിടെ എത്തിയ സമയത്ത് ഒരു ബസ്സ് നിറയെ ആള്‍ക്കാര്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ചും,പടമെടുത്തും,പാട്ടുപാടിയും നില്‍പ്പുണ്ടായിരുന്നു.ക്രമേണ ആള്‍ക്കാരെല്ലാം ഒഴിഞ്ഞു പോയി ,ഒടുക്കം ഞങ്ങളും വെള്ളച്ചാട്ടവും ,പിന്നെ വല്ലതും സംഭവിച്ചാല്‍ രക്ഷിക്കാനായി ഫോറസ്റ്റ് ഗാര്‍ഡും മാത്രമായി.
ഞാന്‍ പടമെടുപ്പ് അവസാനിപ്പിച്ച് ,കുളിക്കാനുള്ള ഡ്രെസ്സ് മാറി വെള്ളച്ചാട്ടത്തിന്റെ അടിയിലേക്ക് നടന്ന് തുടങ്ങി.പക്ഷേ ,പോകുന്ന വഴി മുഴുവനും നല്ല വഴുതലുള്ളത് കൊണ്ട് വെള്ളച്ചാട്ടത്തിന്റെ അടുത്തെത്തല്‍ അത്ര എളുപ്പമായിരുന്നില്ല.
വെള്ളച്ചാട്ടത്തിന്റെ അടിയില്‍ കൊണ്ട് ചെന്ന് തലവെച്ചതും ,തലവലിച്ചതും ഒരുമിച്ചായിരുന്നു.കാരണം ,നല്ല ഉയരത്തില്‍ നിന്നും വരുന്ന വെള്ളം ശരീരത്തില്‍ വീണപ്പോള്‍ നല്ല വേദന അനുഭവപ്പെട്ടു. പക്ഷേ,വെള്ളച്ചാട്ടത്തിന്റെ നേര്‍ത്ത കണികകളേറ്റ് ,വെള്ളത്തില്‍ നില്‍ക്കാന്‍ നല്ല സുഖമുണ്ടായിരുന്നു.ഇരുട്ടുന്നതിന്നു മുമ്പേ തന്നെ കുളി അവസാനിപ്പിച്ച് തിരിച്ച് നടന്ന് തുടങ്ങി.
കൂടെ വന്ന മറ്റുള്ളവര്‍ ,വെള്ളച്ചാട്ടവും നോക്കി നിന്നതേയുള്ളൂ. നാച്ചുവിനെ ഇടക്ക് വെള്ളത്തിലിറക്കാന്‍ ഒന്നു ശ്രമിച്ചെങ്കിലും അവന്റെ പേടി അവനെ പിന്നോട്ട് വലിച്ചു. തിരിച്ചുള്ള വരവില്‍ ,കയറ്റം കുറച്ച് കഠിനമായിരുന്നു.പ്രത്യേകിച്ച് സ്ത്രീ ജനങ്ങള്‍ക്ക്.അതുകൊണ്ട് ഇടക്ക് കുറച്ച് സമയം വിശ്രമിക്കാനായി ഇരുന്നു.
വീണ്ടും കുറച്ച് ദൂരം കൂടി നടന്നപ്പോള്‍ ,കൂടെയുള്ള പൊന്നുവാണ് മരം ചാടി പോകുന്ന രണ്ട് സിംഹവാലന്‍ കുരങ്ങന്മാരെ കണ്ടത്. പക്ഷേ,ഞാന്‍ ക്യാമറ എടുത്ത് വരുമ്പോഴേക്കും അവ എങ്ങോ പോയി മറഞ്ഞിരുന്നു.
ഞങ്ങള്‍ കാര്‍ നിര്‍ത്തിയ സ്ഥലത്ത് എത്തിയപ്പോളേക്കും മാതാജി ഞങ്ങളെക്കാത്ത് അടുത്തുള്ള ചായക്കടയില്‍തന്നെ ഇരിപ്പുണ്ടായിരുന്നു.എല്ലാവരും കൂടെ ഉടനെ ചേട്ടന്റെ ചായക്കടയില്‍ക്കയറി ഓരോ ചായകുടിച്ചു.ചായകുടിച്ചുകയിഞ്ഞപ്പോയേക്കും നടത്തത്തിന്റെ ക്ഷീണമൊക്കെ എങ്ങോ പോയി മറഞ്ഞിരുന്നു.
ഒരു നല്ല സ്ഥലം കൂടി കാണാന്‍ പറ്റിയ സന്തോഷത്തില്‍ ,അടുത്ത കടയില്‍ കയറി കുറച്ച് നല്ല ചായപ്പൊടിയും വാങ്ങി ചുരം തിരിച്ച് ഇറങ്ങിത്തുടങ്ങി.