അത്ഭുതങ്ങളുടെയും പുരാതന ക്ഷേത്രങ്ങളുടെയും ചരിത്രമുറങ്ങുന്ന മണ്ണാണ് കംബോഡിയ. വിസ്മയചെപ്പുകളിലെ താളുകള്‍ മാത്രമാണ് ഇവിടുത്തെ ഓരോ കാഴ്ചകളും. മൂന്ന് ദിവസം മാത്രം നീണ്ടുനിന്ന ഞങ്ങളുടെ ഒരു കൊച്ചു കംബോഡിയന്‍ യാത്രയിലേക്ക്...
യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന ഞാനും എന്റെ ഭര്‍ത്താവും തയ്യാറാക്കിയ ബക്കറ്റ് ലിസ്റ്റിലെ ഒന്നായിരുന്നു കംബോഡിയന്‍ യാത്ര. ഇത്തവണ ഒട്ടും പ്ലാന്‍ ചെയ്യാതെ ഞങ്ങള്‍ പൂജാ ഹോളിഡേയ്ക്ക് കൊച്ചിയില്‍ നിന്നും കംബോഡിയയിലേക്ക് യാത്ര തിരിച്ചു. പുരാതന ക്ഷേത്രങ്ങളും പച്ചപ്പും കൂറ്റന്‍ മരങ്ങളും നെല്‍പ്പാടങ്ങളും തലപൊക്കി നില്‍ക്കുന്ന തെങ്ങുകളും കംബോഡിയന്‍ നാടിന്റെ പ്രത്യേകതയാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍ അവിടുത്തെ ഗ്രാമങ്ങള്‍ കേരളത്തിന്റെ മറ്റൊരു വേര്‍ഷനെന്നു തന്നെ പറയാം. മൂന്നു ദിവസത്തെ യാത്രയാണെങ്കിലും കംബോഡിന്‍ യാത്രയെ കുറിച്ച് പറയാന്‍ ഞങ്ങള്‍ക്ക് ഒരുപാടുണ്ട്.
കൊച്ചിയില്‍ നിന്നും കോലാലംപൂരിലെത്തി അവിടെ നിന്നും കണക്ഷന്‍ ഫ്ലൈറ്റിലാണ് ഞങ്ങള്‍ കംബോഡിയയിലെ സിയാം റീപ്പ്(siem reap).സിറ്റിയിലെത്തിയത്. യാത്രയുടെ തുടക്കത്തില്‍ തന്നെ അതിമനോഹരമായ ആകാശകാഴ്ചകളെ കുറിച്ച് പറയാതിരിക്കാന്‍ വയ്യ. ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്ത് കഴിഞ്ഞപ്പോള്‍ തന്നെ ഞാന്‍ മൊബൈല്‍ ഫോണ്‍ കൈയ്യിലെടുത്തു. യാത്രയിലെ കാഴ്ചകളുടെ തുടക്കമെന്ന നിലയില്‍ കൊച്ചിയുടെ മനോഹരമായ ആകാശകാഴ്ചകള്‍ ആദ്യം പകര്‍ത്തി.
സിയാം റീപ്പില്‍ എത്തുന്നതിന് മുമ്പ് തന്നെ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങള്‍ പറയാം. കംബോഡിയന്‍ യാത്ര സ്വപ്നമായി മനസില്‍ കൊണ്ടു നടക്കുന്ന ഏതൊരാള്‍ക്കും ഇത് കേള്‍ക്കുമ്പോള്‍ സന്തോഷമാകും. കാരണം ഞങ്ങള്‍ രണ്ട് പേരും യാത്രയ്ക്ക് വേണ്ടി അമ്പതിനായിരം രൂപ മാത്രമാണ് ചിലവിട്ടത്. ആറര മണിക്കൂര്‍ മാത്രമാണ് കംബോഡിയ യാത്രയ്ക്ക വേണ്ട സമയദൈര്‍ഘ്യം. കൂടാതെ വിസയെടുക്കാന്‍ രണ്ട് വഴികളുമുണ്ട്. നാട്ടില്‍ നിന്ന് തന്നെ നമുക്ക് ഓണ്‍ലൈന്‍ ആയി എടുക്കാം മറ്റൊന്ന് സിയാം റീപ്പില്‍ എത്തിയതിനു ശേഷം എയര്‍പോര്‍ട്ടില്‍ നിന്നും എടുക്കാം. സിയാം റീപ്പില്‍ നിന്നും 20 ഡോളറിനു വിസ എടുക്കാവുന്നതാണ്. ഏകദേശം 1,435.70 ഇന്ത്യന്‍ രൂപ ചിലവ് വരും. യാത്രക്കാരന്‍ സാധാരണക്കാരനാണെങ്കില്‍ വിസ കംബോഡിയയില്‍ എത്തിയതിന് ശേഷം എടുക്കുന്നത് ചിലവ് വീണ്ടും കുറയ്ക്കാന്‍ സാധിക്കും ( visa on arrival).
ഞങ്ങളുടെ യാത്ര ആരംഭിക്കുന്നത് വിസയും ഹോട്ടല്‍ റൂമും ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്ത് കൊണ്ട് തന്നെയായിരുന്നു. അവിടെ ചെന്ന് കൂടുതല്‍ സമയം പാഴാക്കാനില്ലാത്തതുകൊണ്ടാണ് ഇത്തരത്തിലുള്ള ഒരു തീരുമാനത്തിലെത്തിയത്. കംബോഡിയന്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടെങ്കില്‍ പൈസ ഡോളര്‍ ആയി തന്നെ കൈയ്യില്‍ കരുതണം. ' ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടു കഷ്ണം തന്നെ നോക്കി തിന്നണം' എന്ന് പറയുന്ന പോലെ. cambodian riel ആണ് കംബോഡിയക്കാരുടെ രൂപയെങ്കിലും അവിടുത്തുക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് ഡോളറിനാണ്. അതുകൊണ്ട് തന്നെ യുഎസ് ഡോളര്‍ കൈയ്യില്‍ കരുതണം. ടുക്ക് ടുക്ക് എന്ന വാഹനമാണ് (motor bike rick shaw) കംബോഡിയയില്‍ കൂടുതലും യാത്രക്കായി വിനോദസഞ്ചാരികള്‍ ഉപയോഗിക്കുന്നത്. പിന്നീട് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് മനസിലായി വിനോദ സഞ്ചാരികള്‍ക്കായി സ്‌ക്കൂട്ടറുകള്‍ വാടകക്ക് കിട്ടുമെന്ന്. അതാവും യാത്രക്ക് കൂടുതല്‍ സൗകര്യമെന്ന് മനസിലാക്കി.
വളരെ ചെറിയ എയര്‍പോര്‍ട്ടായിരുന്നു സിയാം റീപ്പ്. ഫ്ലൈറ്റ് ഇറങ്ങിയപ്പോള്‍ തന്നെ ഹോട്ടലില്‍ നിന്നും ഞങ്ങളെ പിക്ക് ചെയ്യാന്‍ ടുക്ക് ടുക്കുമായി ഒരു പയ്യന്‍ എയര്‍പോര്‍ട്ടില്‍ വന്നിരുന്നു. അവിടെ നിന്നും ഞങ്ങള്‍ ടുക് ടുക്കില്‍ കയറി ഹോട്ടലിലേക്ക പോയി. നമ്മുടെ നാട്ടിലെ ഓട്ടോറിക്ഷയെ പോലെ തന്നെ റോഡില്‍ നിറയെ ടുക്ക് ടുക്കുകള്‍ കാണാമായിരുന്നു. നോര്‍ത്ത്ഇന്ത്യയില്‍ കാണുന്ന സൈക്കില്‍ റിക്ഷയോട് സാമ്യമുള്ള ശകടങ്ങളാണ് ടുക് ടുക്കുകള്‍. പക്ഷേ പ്രധാന വ്യത്യാസം സൈക്കിളിന് പകരം സ്‌ക്കൂട്ടര്‍ ആണെന്ന് മാത്രം. ഹോട്ടലില്‍ എത്തിയ ശേഷം യാത്രാക്ഷീണം മാറ്റാന്‍ കുറച്ച് സമയമെടുത്തു. ഭക്ഷണം കഴിച്ച ശേഷം മൂന്ന് ദിവസത്തെ സഫാരിയ്ക്ക് വേണ്ടി ഒരു സ്‌ക്കൂട്ടര്‍ വാടകയ്ക്കെടുക്കാന്‍ പോയി. അങ്ങനെ 8 ഡോളറും എന്റെ പാസ്പോര്‍ട്ടും കൊടുത്ത് സ്‌കൂട്ടര്‍ എടുത്തു. അന്നു തന്നെ അങ്കൂര്‍ നാഷണല്‍ മ്യൂസിയത്തിലേക്ക് യാത്ര തിരിച്ചു.
കംബോഡിയയുടെ ചരിത്രവും സംസ്‌കാരവും പുരാതനകാല ഖമര്‍ രാജഭരണത്തെ ഓര്‍മപ്പെടുത്തുന്നു. അങ്കൂര്‍ നാഷണല്‍ മ്യൂസിയത്തില്‍ (angkor national museum) അവശേഷിക്കുന്ന ശില്‍പ്പങ്ങളില്‍ കംബോഡിന്‍ പൈത്യകം ഉറങ്ങികിടക്കുന്നതാണ്. അങ്കൂര്‍ നാഷണല്‍ മ്യൂസിയത്തിലേക്ക് പ്രവേശത്തിനായി 12 ഡോളറാണ് ഈടാക്കുന്നത്. മ്യൂസിയത്തിലെ കാഴ്ചകള്‍ എന്നെ ഏറെ അത്ഭുതപ്പെടുത്തി. 1000 തലയുള്ള ബുദ്ധ പ്രതിമകളായിരുന്നു മ്യൂസിയത്തിലെന്നെ ഏറെ ആകര്‍ഷിച്ചത്. കൂടാതെ ഖമര്‍ നാഗരികത വിളിച്ചോതുന്ന പ്രതിമകളും കൊത്തുപണികളില്‍ തീര്‍ത്ത രൂപങ്ങളും വളരെ മനോഹരമായി മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. കംബോഡിയന്‍ മതങ്ങള്‍, വിശ്വാസങ്ങള്‍, ദ ഗ്രേറ്റ് ഖമര്‍ കിംഗ്‌സ്, അങ്കൂര്‍ വാട്ട്, ആസ്ട്രിയന്‍ കോസ്റ്റ്യൂം തുടങ്ങിയവ മ്യൂസിയത്തിലെ പ്രധാന പ്രദര്‍ശനവസ്തുക്കളാണ്. കംബോഡിയന്‍ ചരിത്രത്തിന്റെ നേര്‍കാഴ്ചകളായിരുന്നു മ്യൂസിയത്തില്‍ കാണാന്‍ സാധിച്ചത്.
മ്യൂസിയം സന്ദര്‍ശിച്ച ശേഷം ഇന്ത്യന്‍ സംസ്‌കാരത്തോട് വളരെയധികം സാദ്യശ്യമുള്ളതായിരുന്നു കംബോഡിയയെന്ന് മനസിലാക്കാന്‍ കഴിഞ്ഞു.............. (തുടരും)