I lay in my bunk and thought about geology and astronomy and anthropology and theology and zoology and parasitology and the intestinal flora and fauna of Egypt with its claws and teeth.
An Egyptian Journal - William Golding (Lord of the Flies - എന്ന പുസ്തകത്തിലൂടെ വിശ്വപ്രസിദ്ധനായ, സാഹിത്യത്തിന് നോബല്‍ സമ്മാനം കിട്ടിയ എഴുത്തുകാരന്‍)
1985 - ല്‍ അച്ചടിച്ച An Egyptian Journal എന്ന പഴയപുസ്തകത്തിന്റെ പേജ് 47 തിരിച്ച് വീണ്ടും മുകളിലെഴുതിയ ഭാഗം വായിച്ചു. Flora and fauna of chinnar അല്ലെങ്കില്‍ നമ്മള്‍ സന്ദര്‍ശിക്കുന്ന മറ്റു പ്രദേശങ്ങള്‍ എങ്ങനെയല്ലാമായിരിക്കും എന്ന് ഞാനും ചിന്തിച്ചു. അല്ലെങ്കിലും, പനി പിടിക്കാത്ത യാത്രകള്‍ എപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കും എന്തെങ്കിലും പഠിക്കുവാനായിട്ട്. പക്ഷെ ഇത്തവണ പനി പിടിച്ചിട്ടും മുടക്കാത്ത യാത്ര കവിയൂരില്‍ നിന്നും തുടങ്ങി.
കവിയൂരിനെയും കല്ലുപ്പാറയെയും ഏകദേശം വേര്‍തിരിക്കുന്ന പെരുമ്പടി തോടിന്റെ ഫോട്ടൊ എവിടെ നിന്ന് എടുക്കണം. സ്ഥലം കണ്ടു പിടിക്കുവാന്‍ വളരെ ബുദ്ധിമുട്ടേണ്ടി വന്നില്ല, കരവേലില്‍ ഇളമ്പാശേരിക്കാരുടെ ഉടമസ്ഥതതയിലുള്ള സ്ഥലത്തിന്റെ അതിരില്‍ നിന്നും താഴെ തോട്ടിലേക്കിറങ്ങി കുറച്ച് ഫോട്ടോകള്‍ എടുത്തു. ഈ തോട് ചെന്ന് ചേരുന്നത് മണിമലയാറിലാണ്. അതേ ദിവസം എനിക്ക് നല്ല ജലദോഷവും അതിനോടു കൂടി പനിയും പിടികൂടി. നല്ല രീതിയില്‍ വിശ്രമിക്കണ്ടിയ സമയം, പക്ഷെ മൂന്നാറിന് പോകുവാനുള്ള പദ്ധതിയോ, പനിയാണെങ്കിലും പോകണം. വില്‍സനാണ് അടുത്തു തന്നെയുള്ള സജി ഡോക്ടറിന്റെ അടുക്കല്‍ കൊണ്ടു പോയത്. അത്യാവശ്യം ഗുളികള്‍ അവിടെ നിന്നും വാങ്ങി. ഗുളികകള്‍ കഴിച്ചാലും ഒരാഴ്ചയെങ്കിലും ഈ പനി നില്‍ക്കുവാന്‍ സാധ്യതയുണ്ട്. ഈ നദി തീരത്തു നിന്നും തമിഴ്നാടിനെയും കേരളത്തെയും വിഭജിക്കുന്ന ചിന്നാര്‍ നദി തീരം വരെ പോകണമെന്നാണ് ആഗ്രഹം
ഒരിക്കല്‍ കവിയൂരിലൂടെ ഒഴുകുന്ന ഈ തോടിന്നു രണ്ടു വശത്തും കരിമ്പിന്‍ ക്യഷി ധാരാളമായി കാണാമായിരുന്നു, ഇപ്പോള്‍ ചിന്നാറിനു പോകുന്ന വഴി മറയൂര്‍ ഭാഗത്ത് കരിമ്പിന്‍ ക്യഷി കാണാം. മറയൂര്‍ ശര്‍ക്കര വളരെ പ്രസിദ്ധിയാര്‍ജിച്ചതും. പുളിക്കീഴ് പഞ്ചസാര ഫാക്ടറി നിന്നതു കൊണ്ട് കരിമ്പ് ഉല്‍പാദനം കുറഞ്ഞു കാണണം. എന്തായാലും പമ്പാറിവര്‍ ഫാക്ടറി എന്ന പേരിലറിയപ്പെട്ടിരുന്ന പ്രസ്തുത സ്ഥാപനം പ്രവര്‍ത്തിച്ചിരുന്ന സമയത്ത് ഈ പ്രദേശങ്ങളില്‍ വളരെ വ്യാപകമായി കരിമ്പ് ഉല്‍പാദിപ്പിച്ചിരുന്നു.
ഐതിഹ്യം പറയുന്നത്, പഞ്ചപാണ്ഡവന്‍മാര്‍ കവിയൂര് ഒരു ഗുഹാ ക്ഷേത്രം നിര്‍മ്മിച്ചു, പകുതിയായപ്പോള്‍ നേരം വെളുത്തെന്ന് വിചാരിച്ച് അവര്‍ പണി പൂര്‍ത്തിയാകാതെ ഇട്ടിട്ട് പോയി എന്നാണ്. അതു പോലെ അവരുടെ പാദ സ്പര്‍ശമേറ്റ സ്ഥലമാണ് മറയൂരും ചിന്നാറും മറ്റും എന്നാണ് കേള്‍വി. ഐതിഹ്യത്തിലല്ലാതെ, റ്റാറ്റ ടീയിലും അതിനുമുമ്പ് റ്റാറ്റ ഫിന്‍ലേയിലും, അതിനും മുമ്പ് കണ്ണന്‍ ദേവന്‍ ടീയിലും മറ്റും കവിയൂര് നിന്നും അന്നേകം ആളുകള്‍ ജോലി ചെയ്തിട്ടുണ്ട്. അവിടെ ടീ എസ്റ്റേറ്റില്‍ ജോലി ചെയ്യുന്ന കവിയൂരുകാര്‍ ഉണ്ട്.
മൂന്നാറില്‍ താമസ്സത്തിനായി Greenridge holiday home - ല്‍ തന്നെയാകട്ട് എന്ന് തീരുമാനിച്ച് വിളിച്ച് പറഞ്ഞു. ഈ താമസ സ്ഥലം മൂന്നാറില്‍ പഴമയുടെ ഗന്ധം നിറഞ്ഞു നില്‍ക്കുന്ന പുരാതനമായ സിഎസ്ഐ പള്ളിയുടെ താഴെയാണ്. മൂന്നാറിലെ തേയിലത്തോട്ടത്തിന്റെ ജനറല്‍ മാനേജരായിരുന്ന H.M.Knight - നൊടൊപ്പം താമസിക്കാനെത്തിയതായിരുന്നു ഭാര്യയായ എലേനര്‍. മൂന്നാറില്‍ ചുറ്റിക്കറങ്ങാനെത്തിയ എലേനറും ഭര്‍ത്താവും ഇന്നു പള്ളിയിരിക്കുന്ന കുന്നിന്‍ മുകളിലെത്തി. അവിടുത്തെ പ്രക്യതിസൗന്ദര്യം കണ്ട് ഇഷ്ടപ്പെട്ടിട്ട്, അവിടെവച്ച് താന്‍ മരിച്ചാല്‍ തന്നെ ഇവിടെ അടക്കണമെന്നു എലേനര്‍ പറഞ്ഞു. ഇതു പറഞ്ഞതിനു ശേഷം കോളറ ബാധിച്ച് അടുത്ത ദിവസങ്ങളിലേതേ ദിവസം എലേനര്‍ മരിച്ചു. എലേനറിന്റെ ആഗ്രഹപ്രകാരം അവരെ കുന്നിന്മുകളില് സംസ്കരിച്ചു. ഇത് നടന്നത് 1894 -ലായിരുന്നു. പിന്നീട് 16 വര്‍ഷത്തിനു ശേഷം 1910 ലാണ് ഇവിടെ പള്ളിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. പൂര്‍ണമായും കരിങ്കല്ലില്‍ നിര്‍മിച്ചിരിക്കുന്നതാണ് ഈ ദേവാലയം. കുന്നിന്‍ മുകളിലെ സെമിത്തേരിയിലുള്ള എലേനറിന്റെ കല്ലറയും ഇന്നും നിലനില്‍ക്കുന്നുണ്ട്. സെമിത്തേരി ഉണ്ടായതിനു ശേഷം നിര്‍മ്മിച്ച പള്ളിയാണ് മൂന്നാര്‍ സിഐസ്ഐ ദേവാലയം Greenridge holiday home - ന്റെ തൊട്ടു മുകളിലാണെങ്കിലും അവിടെയും പോകുവാന്‍ സാധിച്ചില്ല.
ഞാനും വില്‍സനും ജീബോയിയും കുട്ടികളും കുടുബത്തിലുള്ളവരും ഉണ്ടായിരുന്നു. സുജിന്‍ ടെമ്പോ ട്രാവലര്‍ സംഘടിപ്പിച്ച് ഓടിച്ചു. രാവിലെ അഞ്ചു മണിക്ക് യാത്ര കവിയൂരില്‍ നിന്നും പുറപ്പെട്ടു. ഏകദ്ദേശം പതിനെന്നു മണിയോടു കൂടി Greenridge - ല്‍ എത്തി ചേര്‍ന്നപ്പോള്‍ General Manager സാജു ചാക്കോ അവിടെയുണ്ടായിരുന്നു. പരിചയം പുതുക്കി മുറികളില്‍ ചെന്നതിന് ശേഷം വീണ്ടും മാട്ടുപ്പെട്ടി, എക്കോ പോയിന്റ് എന്നിവടങ്ങളില്‍ സന്ദര്‍ശിച്ച് തിരികെ വന്നു. വീണ്ടും എനിക്ക് നല്ല പനി. ഗുളിക കഴിച്ചതിനു ശേഷം നല്ല ഉറക്കം.
പിറ്റേ ദിവസ്സമാണ് മറയൂര്‍ വഴി ചിന്നാറിന് യാത്രയായത്. മറയൂര്‍ ശര്‍ക്കര ഉല്‍പാദിപ്പിക്കുന്നത് കാണണം. മുനിയറകള്‍ കാണണം. ഇതു രണ്ടും കാണുവാന്‍ സാധിച്ചില്ല. പനിയുടെ ചെറിയ ക്ഷീണം ഉണ്ട്. പിന്നെ ഇന്നു വൈകുന്നേരം തന്നെ തിരികെ യാത്രയാകണം. ഇനിയുള്ള യാത്രകളില്‍ വശ്യപ്പാറ ക്യാംപ് ഷെഡില്‍ രാത്രി താമസ്സിക്കണം. അതു പോലെ ആദിവാസി ഊരുകളിലൂടെ ഒരു ട്രക്കിംഗ് നടത്തണമെന്നും തീരുമാനിച്ചു.
മൂന്നാറില്‍ നിന്നും ഏകദേശം 60 k.m. ദൂരെയാണ് ചിന്നാര്‍. മുതിരപ്പുഴ, നല്ലത്താണി, കുണ്ടല എന്നീ മൂന്നു നദികളുടെ സംഗമസ്ഥലമാണ് മൂന്നാര്‍, അവിടെ നിന്നും മറയൂര്‍ വഴി ഉടുമല്‍പേട്ടയിലേക്കുള്ള റോഡ് ചിന്നാര്‍ വന്യ ജീവി സങ്കേതത്തെ മുറിച്ച് കടന്നു പോകുന്നു. അതി രാവിലെയോ സന്ധ്യാസമയത്തോ ഈ വഴി പോകുകയാണെങ്കില്‍ ആനയെയോ, കാട്ടു പോത്തിനെയോ മറ്റു വന്യമ്യഗങ്ങളെയോ വഴിയില്‍ കാണാവുന്നതാണ്.
ചിന്നാറിന്റെ Flora and fauna - നെക്കുറിച്ച് ചെറുതായെങ്കിലും ചിന്തിച്ചു, ചിന്നാറില്‍ വളരെയധികം ഉയരത്തില്‍ നില്‍ക്കുന്ന കള്ളിമുള്‍ ചെടികള്‍ ഉണ്ട്. അതേ സമയം കവിയൂരും മറ്റും കാണുന്ന ചെറിയ കള്ളിമുള്‍ ചെടികളും ഉണ്ട്. ചിന്നാര്‍ ഫോറസ്റ്റ് ചെക്ക് പോസ്റ്റിലിറങ്ങി അവിടെ വാച്ച് ടവറില്‍ പോകുവാനുള്ള ഫീസ് അടച്ചാല്‍ ഒരു ആദിവാസി ഗൈഡിനെ കൂടെ വിടും. പോയി വാച്ച് ടവര്‍ കണ്ടതിനു ശേഷം ചിന്നാര്‍ നദി തീരത്തു കൂടി തിരികെ വരാം. കള്ളിമുള്‍ ചെടികള്‍ തിന്നുന്ന നക്ഷത്ര ആമകള്‍ ഇവിടെ ഉണ്ട് എന്ന് കേട്ടിട്ടുണ്ട്.
കള്ളിമുള്‍ ചെടിയുടെ പൂവിന്റെ ഫോട്ടോ എടുക്കുവാന്‍ ചെന്നപ്പോള്‍ ഒരു മുയല്‍ അവിടെ നിന്നും ഓടി പോയി. കൂട്ടം കൂട്ടമായി നടന്ന് പോകുന്ന നക്ഷത്ര ആമകള്‍ എവിടെ. കാട്ടുനാരക മരങ്ങളും അവിടെ കണ്ടു. പിന്നെ മഴ തീരെ കുറവായുള്ള സ്ഥലത്തിന്റെ എല്ലാ പ്രതീതിയും. ഭക്ഷണ സാധനങ്ങള്‍ കരുതുന്നത് നല്ലതാണ്. അവിടെ നിന്നും ഉടുമല്‍പേട്ട വഴി പളനി വരെ ഒരു യാത്രയുമാകാം.
തിരികെ വരുമ്പോള്‍ കാന്തല്ലൂര്‍ പോയി പച്ചക്കറികള്‍ വാങ്ങുകയും ആകാം
പനിയൊന്നും ഇല്ലാതിരിക്കുമ്പോള്‍ കുറച്ച് കൂടി ദിവസങ്ങള്‍ മൂന്നാറില്‍ തങ്ങി Flora and Fauna of Chinnar കുറച്ച് കൂടി മനസ്സിലാക്കുവാന്‍ പഠിക്കുവാന്‍ ഇനിയും ഒരു യാത്ര എന്നാണാവോ സാധ്യമാകുക. എല്ലാ യാത്രയും വീണ്ടും യാത്ര ചെയ്യണമെന്നും വീണ്ടും പഠിക്കുവാന്‍ ചിലതെല്ലാം ഉണ്ടെന്നും ഓര്‍മിപ്പിക്കുന്നു. അങ്ങനെ ആ സന്ധ്യയില്‍ തന്നെ മൂന്നാറിനോട് വിട വാങ്ങി തിരികെ യാത്രയായി, ഇനിയും വരാമെന്ന് പറഞ്ഞു കൊണ്ട്.