Latest News

17ാം വയസിലെ വിവാഹം; അഞ്ചു മക്കളുടെ ഉമ്മ; 20 വര്‍ഷം നീണ്ട ദാമ്പത്യജീവിതം വേര്‍പിരിയലിലേക്ക്; സിലു ടോക്‌സ്'ലൂടെ ശ്രദ്ധേയയായ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ സല്‍ഹ ബീഗത്തിന്റെ ദാമ്പത്യത്തില്‍ സംഭവിച്ചത്

Malayalilife
 17ാം വയസിലെ വിവാഹം; അഞ്ചു മക്കളുടെ ഉമ്മ; 20 വര്‍ഷം നീണ്ട ദാമ്പത്യജീവിതം വേര്‍പിരിയലിലേക്ക്; സിലു ടോക്‌സ്'ലൂടെ ശ്രദ്ധേയയായ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ സല്‍ഹ ബീഗത്തിന്റെ ദാമ്പത്യത്തില്‍ സംഭവിച്ചത്

പഠിക്കാനും ജോലി നേടാനും മാത്രമായിരുന്നു ഇരുപത് വര്‍ഷം മുമ്പ് സല്‍ഹ ബീഗം എന്ന പാലക്കാടുകാരി പെണ്‍കുട്ടി ആഗ്രഹിച്ചത്. ഒരു വക്കീല്‍ ആകാനായിരുന്നു ആഗ്രഹം. ആ സ്വപ്നങ്ങളുമായി പഠിക്കാന്‍ തുടങ്ങിയ സല്‍ഹയ്ക്ക് പക്ഷെ വിധിച്ചത് 17-ാം വയസിലെ വിവാഹ ജീവിതമായിരുന്നു. ഗള്‍ഫുകാരനായ പയ്യനെ കുറിച്ച് മാത്രം അന്വേഷിച്ച് വീട്ടുകാരെ കുറിച്ച് ഒന്നും ആലോചിക്കാതെ വിവാഹാലോചന വന്ന് 20-ാം ദിവസം കല്യാണം. രണ്ടാം മാസം ഭര്‍ത്താവ് ഗള്‍ഫിലേക്ക് തിരിച്ചും പോയി. ഭര്‍തൃ വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അപ്പുറത്തായിരുന്നു സ്വന്തം വീട്. എന്നിട്ടും അവിടേക്ക് ഒന്നു പോകാന്‍ പോലും സല്‍ഹയ്ക്ക് അനുവാദമുണ്ടായില്ല. ഒരു വര്‍ഷത്തോളം ഭര്‍തൃവീട്ടില്‍ കഴിഞ്ഞു.

ഭര്‍ത്താവ് അവധിയ്ക്ക് വന്നപ്പോള്‍ സല്‍ഹ പറഞ്ഞു. ഒന്നുകില്‍ എന്നെ ഒപ്പം കൊണ്ടുപോകണം. അല്ലെങ്കില്‍ ഇവിടെ ബിസിനസ് തുടങ്ങാം. രണ്ടിനും ഭര്‍ത്താവിന്റെ കയ്യില്‍ നിവര്‍ത്തിയില്ലെന്ന് ഞെട്ടലോടെയാണ് സല്‍ഹ തിരിച്ചറിഞ്ഞത്. അങ്ങനെ വീട്ടുകാര്‍ തന്ന സ്വര്‍ണം മുഴുവന്‍ വിറ്റ് ബിസിനസ് തുടങ്ങി. അതിനിടെ ആദ്യത്തെ കുഞ്ഞും ജനിച്ചു. സല്‍ഹയുടെയും ഭര്‍ത്താവിന്റെയും സാമ്പത്തിക ബുദ്ധിമുട്ട് അറിഞ്ഞ് സല്‍ഹയുടെ കുടുംബം തന്നെ പ്രസവ ശുശ്രൂഷകള്‍ ഏറ്റെടുത്തു. തിരിച്ച് ഭര്‍തൃവീട്ടിലെത്തിയപ്പോള്‍ വീട്ടുജോലിയും കുഞ്ഞിനെയും ഒക്കെയായി സല്‍ഹ കഷ്ടപ്പെട്ടു. പിന്നാലെ രണ്ടാമത്തെ കുഞ്ഞും ജനിച്ചു.

അതിനിടെയാണ് വീണ്ടും പഠന മോഹം തുടങ്ങിയത്. ഭര്‍തൃവീട്ടിലെ പണികളെല്ലാം തീര്‍ത്ത് മക്കളെ സ്വന്തം വീട്ടില്‍ ഏല്‍പ്പിച്ച് പ്ലസ്ടു സയന്‍സ് പഠിച്ചു. 63 ശതമാനം മാര്‍ക്കോടെ പാസാവുകയും ചെയ്തു. അതിനിടെയാണ് ഉപ്പയുടെ മരണമെത്തിയത്. എല്ലാ കഷ്ടപ്പാടിലും മകള്‍ക്ക് താങ്ങായി നിന്ന ഉപ്പയുടെ വിയോഗം സല്‍ഹയെ ഏറെ തളര്‍ത്തി. വീട്ടിലും ബിസിനസിലുമെല്ലാം വലിയ പ്രശ്‌നങ്ങള്‍ നേരിട്ട കാലം കൂടിയായിരുന്നു അത്. സാമ്പത്തിക ഇടപാടില്‍ ഭര്‍ത്താവിന് സംഭവിച്ച പിഴവിലൂടെ കുറെ കാശ് നഷ്ടപ്പെട്ടു. വലിയൊരു തുക ലോണായി. അതിനിടെയാണ് സല്‍ഹ ആരംഭിച്ച ബ്ലോഗിംഗ് ക്ലിക്കാകുന്നത്.

അതിനിടെ വീണ്ടും പഠിക്കാന്‍ ആരംഭിച്ചു. എന്നാല്‍ ഞെട്ടലോടെയാണ് സല്‍ഹ തിരഞ്ഞെടുത്ത കോഴ്‌സിന് അഫിലിയേഷന്‍ ഇല്ലെന്ന സത്യം തിരിച്ചറിഞ്ഞത്. വീണ്ടും പഠിക്കാന്‍ ആഗ്രഹിച്ചപ്പോള്‍ ഭര്‍തൃവീട്ടുകാര്‍ തടഞ്ഞു. യൂട്യൂബിലൂടെ ലഭിക്കുന്ന വരുമാനം നിലയ്ക്കുമോ എന്ന ഭയമായിരുന്നു അതിനു പിന്നില്‍. ഇതിനിടെ മൂന്നു മക്കള്‍ കൂടി ജനിച്ചു. സല്‍ഹ ആഗ്രഹിച്ചതു പോലെ എല്‍എല്‍ബി പഠനം പുനരാരംഭിക്കുകയും ചെയ്തു. അതിനിടെ യൂട്യൂബ് വീഡിയോകളും. ഇതു കണ്ട് പേര്‍ളി മാണി വരെ ആരാധികയായി മാറിയ സല്‍ഹയുടെ ദാമ്പത്യം ഇപ്പോള്‍ തകര്‍ന്നിരിക്കുകയാണെന്ന വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

ഇപ്പോള്‍ സല്‍ഹയും അഞ്ചു മക്കളും ഒരുമിച്ചാണ് കഴിയുന്നത്. പത്ത് പതിനഞ്ച് വര്‍ഷമായി പ്രശ്‌നങ്ങളിലായിരുന്നു. അങ്ങേയറ്റം പിടിച്ച് നിന്നിരുന്നു. എല്ലാം കൈവിട്ട് പോവുമെന്ന അവസ്ഥ വന്നപ്പോഴാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത് എന്നാണ് സല്‍ഹ ദാമ്പത്യത്തിലെ അകല്‍ച്ചയെ കുറിച്ച് തുറന്നു പറഞ്ഞത്. എന്തുകൊണ്ട് വേര്‍പിരിഞ്ഞു, ആരാണ് തെറ്റുകാര്‍ അങ്ങനെ കുറേ ചോദ്യങ്ങളൊക്കെയുണ്ടാവും. എനിക്ക് അതിന് താല്‍പര്യമുണ്ടായിരുന്നില്ല. അതൊഴിവാക്കാനാണ് ശ്രമിച്ചത്. അതേക്കുറിച്ച് പറഞ്ഞ് പൈസ ഉണ്ടാക്കാന്‍ താല്‍പര്യമില്ല. നിരന്തരം ചോദ്യങ്ങള്‍ വന്നതിനാല്‍ എനിക്ക് ഇതൊക്കെ ഇവിടെ പറയേണ്ടി വന്നു. എല്ലാം മനസിലൊതുക്കി, മുന്നോട്ട് പോവാനുള്ള ശ്രമത്തിലായിരുന്നു എന്നും സല്‍ഹ കൂട്ടിച്ചേര്‍ക്കുന്നു.


 

Read more topics: # സല്‍ഹ ബീഗം
salha beegam influencer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES