നടി സ്നേഹ ശ്രീകുമാറിനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ അധിക്ഷേപ പരാമര്‍ശനത്തിനു എതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം നിറയുകയാണ്. സ്നേഹയെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട.് വിഖ്യാത നാടക സംവിധായകന്‍ പ്രശാന്ത് നാരായണന്റെ ഭാര്യയും കലാകാരിയുമായ കല സാവിത്രി പങ്ക് വച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
വ്യക്തിയെ തേജോവധം ചെയ്യാനുളള ഉപാധിയല്ല കലയെന്ന് കുറിപ്പില്‍ സാവിത്രി പറയുന്നു. സാവിത്രിയുടെ വാക്കുകളിലേക്ക്:
'കണ്ണാടിയേക്കാള്‍ നന്നാണ് ചങ്ങാതി എന്ന് നാട്ടിലുള്ളവര്‍ പറയാറില്ലേ, ചങ്ങാതി ആരെന്നു എങ്ങനെ അറിയാന്‍ അല്ലേ ?'ഛായാമുഖി യിലെ നായിക ഹിഡുംബിയാണെന്നു ഞാന്‍ പറയും. ഹിഡുംബി എന്ന ദളിത് സ്ത്രീ...
കാലമെത്രയോ കഴിഞ്ഞിട്ടും രൂപ വേഷഭൂഷാദികള്‍ മാറ്റി അജ്ഞാതവാസകാലത്തിലെ വലലനായി മാറിയിട്ടും ഗന്ധം കൊണ്ട് തിരിച്ചറിഞ്ഞാണ് ഹിഡുംബി ഭീമസേനന് മുന്നില്‍ എത്തുന്നത്. ഗന്ധം കൊണ്ടു തിരിച്ചറിയുന്ന പ്രണയം... അത് ഹിഡുംബി ഒരു കാട്ടുപെണ്ണായതുകൊണ്ട് മാത്രം സാദ്ധ്യമാകുന്നതല്ല, അവളൊരു തീവ്രപ്രണയിനിയായതു കൊണ്ടുകൂടിയാണ്.
ഛായാമുഖി 'അവളി'ല്‍ തുടങ്ങി 'അവളി'ല്‍ അവസാനിക്കുന്ന ഒരു സ്ത്രീപക്ഷ രചനയാണ്. 'അവള്‍'ക്കൊപ്പമാണ് ആ കൃതി.എന്തുകൊണ്ടിപ്പോള്‍ ഛായാമുഖിയിലെ ഹിഡുംബിയെക്കുറിച്ചു പറഞ്ഞു? അത് സ്‌നേഹയെ ഓര്‍ത്തതു കൊണ്ടാണ്. പ്രശാന്ത് നാരായണന്റെ, മോഹന്‍ലാല്‍ അഭിനയിച്ച ഛായാമുഖിയിലെ ഹിഡുംബി സ്‌നേഹയായിരുന്നു.
ക്ലാസ്സിക്കല്‍ ആര്‍ട്‌സില്‍ ബിരുദാനന്തര ബിരുദവും എം.ഫിലും ഉണ്ട് സ്‌നേഹയ്ക്ക്. ഓട്ടന്‍തുള്ളല്‍, ഏറെ ഊര്‍ജ്ജം ആവശ്യമുള്ള ഒരു ക്ലാസ്സിക്കല്‍ തീയേറ്റര്‍ ആര്‍ട്ടാണ്. ചടുലമായ ആ കലാരൂപത്തില്‍ നിന്നും നാടകം എന്ന തീയേറ്റര്‍ ആര്‍ട്ടിലേക്ക് വരുമ്പോള്‍ ഉണ്ടാകുന്ന വ്യത്യാസത്തെ സ്‌നേഹ അതിന്റെ പരിപൂര്‍ണ്ണാര്‍ത്ഥത്തില്‍ ആവാഹിച്ചിട്ടുണ്ട് ഹിഡുംബിയില്‍. ഹിഡുംബി ഒരു കാട്ടാളത്തിയാണ്. രാക്ഷസശരീരിയാണ്. മഹാബലവാനും ക്ഷാത്ര തേജസ്വിയും കുന്തീ സുതനുമായ ഭീമസേനന്റെ നായികയാണ്. ഭീമന്റെ പുത്രന് ജന്മം നല്‍കിയവളാണ്. ഇപ്പറഞ്ഞ കഥാപാത്രത്തിന്റെ ത്രിമാന സ്വഭാവങ്ങളിലേക്ക് എടുക്കേണ്ടവയെ ഒക്കെത്തന്നെയും ഹിഡുംബി എന്ന കഥാപാത്രത്തിന്റെ അരങ്ങുകാഴ്ചയില്‍ അനുഭവിക്കാനാവണം. സ്‌നേഹയുടെ ഹിഡുംബി ഇത്തരത്തിലൊക്കെ കാഴ്ചക്കാരെ ആനന്ദിപ്പിച്ചിട്ടുണ്ട്.
ചലനങ്ങളിലെ ദ്രുതവേഗവും വഴക്കവും ഓട്ടന്‍തുള്ളല്‍ എന്ന കല നല്‍കുന്ന സംഭവനകളാണ്. യക്ഷഗാന കലാകാരന്‍മാര്‍ നാടകത്തിലഭിനയിക്കുമ്പോള്‍ അവരുടെ ചലനങ്ങളിലെ വഴക്കവും വേഗതയും കാണാന്‍ എന്തു രസമാണല്ലേ. മൈസൂര്‍ രംഗായണയില്‍ കണ്ട ഒരു രാമായണം നാടകം ഓര്‍മ്മ വരുന്നു. അതേപോലെ ധാര്‍വാഡ് രംഗായണ അവതരിപ്പിച്ച പ്രശാന്ത് നാരായണന്‍ സംവിധാനം ചെയ്ത സ്വപ്നവാസവദത്തവും. ഒരു സംവിധായകന്‍ എപ്പോഴും ഇഷ്ടപ്പെടുന്നത് തന്റെ ആര്‍ട്ടിസ്റ്റുകളെയാണല്ലോ. അത്തരത്തില്‍ പ്രശാന്തേട്ടന്‍ ഹൃദയത്തോടു ചേര്‍ത്തു പിടിച്ച ഒരു ആര്‍ട്ടിസ്റ്റായിരുന്നു സ്‌നേഹ.
എല്ലാത്തരം അഭിനയ സങ്കേതങ്ങളും അസാമാന്യമായി വഴങ്ങുന്ന നടിയാണ് സ്‌നേഹ. കളം തീയേറ്റര്‍ ആന്റ് റപ്രട്ടറിക്കു വേണ്ടി പ്രശാന്ത് നാരായണന്‍ സംവിധാനം ചെയ്ത താജ്മഹല്‍ എന്ന നാടകത്തിലെ മുംതാസ് സ്‌നേഹ ആയിരുന്നു. ഒ.പി സുരേഷിന്റെ താജ് മഹല്‍ എന്ന കവിതയുടെ രംഗാവിഷ്‌കാരമാണ് അത്. മുംതാസിലേക്കുള്ള സ്‌നേഹയുടെ നാച്വുറലിസ്റ്റിക്കായ ആ പ്രവേശം, തുടക്കം മുതല്‍ കണ്ടു നിന്ന ഒരാളാണ് ഞാന്‍. ശ്രീകുമാറായിരുന്നു ബാവൂട്ടിക്ക. ഇതേ സ്‌നേഹ തന്നെ മറിമായം എന്ന ആക്ഷേപഹാസ്യപരമ്പരയിലെ മണ്ഡോദരിയെന്ന കഥാപാത്രമായും തിളങ്ങുന്നു. തന്നെത്തന്നെ ആവര്‍ത്തിക്കാതെ താന്‍ ഏറ്റെടുത്ത കഥാപാത്രത്തെ കാണികള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ള ആ മിടുക്ക് അത്ര നിസ്സാരമല്ല. അതൊരുപക്ഷേ സ്‌നേഹ അനുശീലിച്ച പൗരസ്ത്യ അഭിനയ പദ്ധതിയുടെ വിജയം കൂടിയാണ്.
ക്ഷോഭിപ്പിക്കാന്‍ വേണ്ടിയല്ല കലകളെ ഉപയോഗിക്കേണ്ടതെന്നൊരു നിരീക്ഷണമുണ്ടല്ലോ.കലകള്‍ വിശ്രാന്തിയെ തൃപ്തിപ്പെടുത്തുന്ന പ്രക്രിയയാണ്. ലഭ്യമാകുന്ന ആനന്ദാതിരേകമാണ് കലയുടെ നിര്‍വ്വഹണലക്ഷ്യം.
വ്യക്തിയെ തേജോവധം ചെയ്യാനുള്ള ഉപാധിയല്ല കല. വരേണ്യമെന്നും അധ:സ്ഥിതമെന്നുമുള്ള വേര്‍തിരിവുകളില്ലതിന്.നമ്മുടെ മനോഭാവമാണ് നമ്മുടെ ഉയരത്തെയും വണ്ണത്തെയും നിര്‍ണ്ണയിക്കുന്നത്. മനോഭാവമാണ് പ്രധാനം എന്നര്‍ത്ഥം. പ്രശാന്ത് നാരായണന്‍ എപ്പോഴും പറയാറുള്ളതുപോലെ ഒരു വരയെ ചെറുതാക്കാന്‍, ആ വരയ്ക്കു മുകളില്‍ വലിയൊരു വര വരയ്ക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത് അല്ലാതെ അതില്‍ നിന്നല്‍പ്പം മായ്ച്ചു കളയാന്‍ ശ്രമിക്കുകയല്ല. വ്യക്ത്യാധിക്ഷേപം നടത്തുന്നത് കലയുടെ ധര്‍മ്മമല്ല.
സ്‌നേഹ ശ്രീകുമാര്‍ ഒരു ഗംഭീര നടിയാണ്. മികച്ച സംവിധായകരുടെ കയ്യിലെത്തിയാല്‍ അതിഗംഭീരമായി ഇനിയും ഇതിലുമേറെ അരങ്ങിലോ അഭ്രപാളിയിലോ തിളങ്ങാന്‍ കഴിവുള്ള നടി'.