തിരുവനന്തപുരത്തുകാർക്ക് ഒറ്റ ദിവസം കൊണ്ട് പോയി വരാവുന്ന ഒരു വനമേഖലയാണ് കാളികേശം. ഇത് കന്യാകുമാരി വൈൽഡ് ലൈഫ് സാങ്ക്ച്വറിയുടെ ഭാഗമാണ്. തിരുവനന്തപുരത്ത് നിന്ന് ഏകദേശം 80 കിലോമീറ്റർ ദൂരമുണ്ട്.
വേനൽ കത്തിയെരിയുന്ന ഒരു പകൽ പെട്ടെന്ന് തീരുമാനിച്ചിറങ്ങിയതാണ്. അല്ലെങ്കിലും മലകളും കാടുകളും അങ്ങനെയാണ്, എന്നെ ഇങ്ങനെ വിളിച്ചുകൊണ്ടേയിരിക്കും.
മെയ്മാസം, കാട്ടുവഴികളിൽ തകരമുത്തികൾ കൂട്ടമായി പാറിനടക്കുന്നു. ഇപ്പോൾ അവയുടെ ദേശാടനക്കാലമാണ്.
മഴക്കാലദിനങ്ങളിൽ ആർത്തലച്ചൊഴുകി ഒരുപാട് ജീവനുകൾ കവർന്നെടുക്കുന്ന നദി, ഇപ്പോൾ വരണ്ടുണങ്ങാറായിരിക്കുന്നു. എന്നാലും ജീവന്റെ തുടിപ്പെന്നവണ്ണം ഒരു ഞരമ്പുപോലെ നേർത്തൊരു ചാലായി വെള്ളം ഒഴുകിപ്പോകുന്നു. പലപ്പോഴും ഇവിടെ വന്നിട്ടുണ്ടെങ്കിലും ഇത്രയും ശോഷിച്ച് നദിയെ കാണുന്നത് ആദ്യമായാണ്.
ഇപ്പോൾ നോക്കെത്താദൂരത്തോളം ഉരുളൻ കല്ലുകളും ഇടവിട്ടിടവിട്ട് മണല്പരപ്പുകളുമാണ്. തീരത്തെ മുളങ്കാടുകൾക്കിടയിൽ നിന്നും മയിലുകൾ ഒച്ചയുണ്ടാക്കിക്കൊണ്ടിരുന്നു.
ഉരുളൻ കല്ലുകളിൽ ചവിട്ടി നദിയൊഴുകിവരുന്ന വഴിയിലൂടെ മുന്നോട്ട് പോയി. വളരെ സജീവമായ ഒരു വന്യജീവി ഇടനാഴിയാണ് ഈ വനമേഖല. കരടി ആന തുടങ്ങിയ മൃഗങ്ങളുടെ ആക്രമണങ്ങൾക്ക് പേരുകേട്ട സ്ഥലമായതിനാൽ കാട്ടിന്റെ നേർക്ക് നിന്നും വരുന്ന ഓരോ ഒച്ചയും ഭയപ്പെടുത്തുന്നതായിരുന്നു.
ചിലപ്പോൾ കുത്തനെയുള്ള കയറ്റങ്ങളായും പിന്നെ ചിലപ്പോൾ സമതലങ്ങളായും ഒക്കെ നദി അങ്ങനെ നിവർന്ന് കിടക്കുന്നു. വെള്ളമൊഴുകിവരുന്ന ഓരങ്ങളിൽ പാറകൾക്ക് ഇപ്പോഴും നല്ല വഴുക്കുണ്ട്.
കുഞ്ഞുകുഞ്ഞ് വെള്ളച്ചാട്ടങ്ങൾ അനവധിയാണ്. തെളിഞ്ഞ വെള്ളം. ആയിരക്കണക്കിന് കല്ലേൽ മുട്ടികൾ നീന്തിപ്പോകുന്നു.
വെള്ളം കെട്ടിക്കിടക്കുന്ന ചിലയിടങ്ങളിൽ അവിടുത്തുകാർ വലയിട്ട് മീൻ പിടിക്കുന്നു.
ഒരുപാട് ദൂരം ആയിക്കഴിഞ്ഞിരുന്നു. തിരികെ നടന്നു. തോട്ടങ്ങളിൽ പണി കഴിഞ്ഞ് മടങ്ങിപ്പോകുന്നവരോടൊപ്പം കൂടി. ആനയും കരടിയും വരുന്നതിനെപ്പറ്റിയും മഴക്കാലത്ത് നദി അവരോട് കാണിക്കുന്ന ക്രൂരതയെപ്പറ്റിയൊമൊക്കെ അവർ പറഞ്ഞു. കാടിനുള്ളിലെ റബ്ബർ ഗ്രാമ്പൂ തോട്ടങ്ങളിൽ പണിക്ക് പോകുന്നവരാണ്. കീരിപ്പാറയിലെ അവരുടെ വീടുകളിൽ നിന്നും രണ്ട് മൂന്നിടത്ത് നദി മുറിച്ച് കടന്നുവേണം അതിരാവിലെ അവർക്ക് തോട്ടങ്ങളിൽ പോകാൻ.
കീരിപ്പാറയിലെ ഒരേയൊരു കട അവരുടെ കാന്റീനാണ്. അവിടെക്കയറി ചായകുടിച്ച് പുറത്തിറങ്ങിമ്പോൾ ദൂരെ മലമുകളിൽ കാർമേഘങ്ങൾ വന്നു നിറയുന്നുണ്ടായിരുന്നു. ചുറ്റും ഇരുളാൻ തുടങ്ങി. ഭയാനകമായ ഇരുട്ട്.
ഞാൻ തിരിഞ്ഞ് നദിയിലേയ്ക്ക് നോക്കി. മലമുകളിലെ മേഘങ്ങളെ നോക്കി നദി അങ്ങനെ കിടക്കുന്നു. ഒരു നേർത്ത മർദ്ദവ്യത്യാസം മതി ആ മേഘങ്ങൾ പെയ്തൊഴിയാൻ.
ഇപ്പോൾ മഴയെ പിന്നിലാക്കി എന്റെ ഗ്രാമം ലക്ഷ്യമാക്കി ഞാൻ യാത്ര തുടങ്ങിക്കഴിഞ്ഞിരുന്നു.
NB: കാളികേശം, വട്ടപ്പാറ, കീരിപ്പാറ തുടങ്ങി മൂന്ന് മേഖലകൾ ഉണ്ടെങ്കിലും ഇപ്പോൾ മൂന്ന് വർഷമായി കാളികേശത്തേയ്ക്ക് മാത്രമേ പ്രവേശനമുള്ളൂ, അതും നിയന്ത്രിതരീതിയിൽ. നിറയെ കയങ്ങളും വഴുക്കൻ പാറകളും വന്യജീവി സാന്നിധ്യവും കാരണം വളരെ അപകടം പിടിച്ച സ്ഥലമാണ്. വരുന്ന വഴിയിൽ ചെക്ക് പോസ്റ്റിൽ പാസ്സ് കിട്ടും. വഴിയിൽ എവിടെയെങ്കിലും വാഹനം നിറുത്തി കാട്ടിൽ കയറിയാൽ വലിയ പിഴ ഒടുക്കേണ്ടിവരും. വെള്ളി, ചൊവ്വ, പൗർണ്ണമി നാളുകളിൽ ഇവിടെ കാട്ടിൽ കാളിക്ഷേത്രത്തിൽ പൂജയുള്ളതിനാൽ ആ ദിവസങ്ങൾ വലിയ കുഴപ്പമില്ല. കീരിപ്പാറയിൽ ഒരു ചെറിയ കാന്റീൻ ഉണ്ട്. തിരുവനന്തപുരത്ത് നിന്ന് വരുമ്പോൾ ഗൂഗിൾ പല വഴികൾ കാണിച്ചുതരുമെങ്കിലും സ്വാമിയാർ മഠം - തടിക്കാരക്കോണം റോഡ് തിരഞ്ഞെടുക്കുക. ബാക്കി റോഡുകൾ മൊത്തം കിലോമീറ്ററുകളോളം പൊളിഞ്ഞുകിടക്കുന്നു. ഈ റൂട്ടിൽ അത്യാവശ്യം വെള്ളം, ഫുഡ്, മെഡിസിൻ ഇതൊക്കെ കിട്ടുന്ന അവസാന സ്ഥലമാണ് തടിക്കാരക്കോണം.