Latest News

എന്നോട് ഇംഗ്ലീഷില്‍ പറയാന്‍ പറഞ്ഞു; പറ്റുന്നതുപോലെ പറഞ്ഞു; എനിക്കു ഇംഗ്ലീഷ് അറിയില്ല എന്ന് എല്ലാ അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്; പിന്നെ നിങ്ങള്‍ക്ക് കളിയാക്കാന്‍ ഉള്ള ഫ്രീഡം ഉണ്ട്;ട്രോളന്മാര്‍ക്ക് മറുപടിയുമായി സ്വാസിക

Malayalilife
എന്നോട് ഇംഗ്ലീഷില്‍ പറയാന്‍ പറഞ്ഞു; പറ്റുന്നതുപോലെ പറഞ്ഞു; എനിക്കു ഇംഗ്ലീഷ് അറിയില്ല എന്ന് എല്ലാ അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്; പിന്നെ നിങ്ങള്‍ക്ക് കളിയാക്കാന്‍ ഉള്ള ഫ്രീഡം ഉണ്ട്;ട്രോളന്മാര്‍ക്ക് മറുപടിയുമായി സ്വാസിക

തന്റെ ഇംഗ്ലീഷ് സംഭാഷണത്തെച്ചൊല്ലിയുണ്ടായ സൈബര്‍ പരിഹാസങ്ങളോട് ശക്തമായ മറുപടിയുമായി നടി സ്വാസിക വിജയ്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് അബുദാബിയില്‍ കുടുങ്ങിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. തനിക്ക് ഇംഗ്ലീഷ് അറിയില്ലെന്ന് തുറന്നുസമ്മതിച്ച സ്വാസിക, തെറ്റുകള്‍ അംഗീകരിക്കുന്നുവെന്നും കളിയാക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ കമന്റിലൂടെ വ്യക്തമാക്കി. 

ഫെബ്രുവരി 28-ന് അബുദാബിയില്‍നിന്ന് നാട്ടില്‍ തിരിച്ചെത്തേണ്ടിയിരുന്ന സ്വാസികയ്ക്ക് വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് കാരണം ഒരാഴ്ചയോളം വൈകിയാണ് മടങ്ങിയെത്താനായത്. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഒരു വിദേശരാജ്യത്ത് ഒറ്റയ്ക്കായിരുന്നതിനാല്‍ ചെറിയ ഭയം തോന്നിയിരുന്നുവെന്നും എന്നാല്‍ വലിയ ആശങ്കകളുണ്ടായിരുന്നില്ലെന്നും അവര്‍ പറഞ്ഞിരുന്നു. യാത്രാ ഏജന്‍സി ഉള്‍പ്പെടെ എല്ലാവരും മികച്ച പിന്തുണ നല്‍കിയതായും താരം വ്യക്തമാക്കിയിരുന്നു. 

എന്നാല്‍, സംഭവത്തിന്റെ ഗൗരവം കണക്കിലെടുക്കാതെ പലരും സ്വാസികയുടെ ഇംഗ്ലീഷ് സംസാരിക്കുന്ന രീതിയെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തി. ഈ സൈബര്‍ ആക്രമണങ്ങളോടാണ് താരം പ്രതികരിച്ചത്. 'എന്നോട് ഇംഗ്ലീഷില്‍ പറയാന്‍ പറഞ്ഞു. എനിക്കു പറ്റുന്നതുപോലെ ഞാന്‍ പറഞ്ഞു. എനിക്കു ഇംഗ്ലീഷ് അറിയില്ല എന്ന് ഞാന്‍ എല്ലാ അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. പിന്നെ നിങ്ങള്‍ക്ക് കളിയാക്കാന്‍ ഉള്ള ഫ്രീഡം ഉണ്ട്. എനിക്കു പറ്റിയ തെറ്റുകള്‍ ഞാന്‍ അംഗീകരിക്കുന്നു,' എന്നായിരുന്നു സ്വാസികയുടെ കമന്റ്. 

സ്വാസികയെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. നന്നായി സംസാരിച്ചുവെന്നും നെഗറ്റീവുകള്‍ കാര്യമാക്കേണ്ടതില്ലെന്നും പലരും അഭിപ്രായപ്പെട്ടു. ഭാഷ പ്രധാനമായും ആശയവിനിമയത്തിനുള്ള ഉപാധിയാണെന്നും അതിനപ്പുറമുള്ളതൊന്നും പ്രാധാന്യമുള്ളതല്ലെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. ഒരു പ്രതിസന്ധി ഘട്ടത്തില്‍ തന്റെ അനുഭവം പങ്കുവെച്ചതിന് ഒരു താരത്തിനെ വ്യക്തിപരമായ കാരണങ്ങള്‍ പറഞ്ഞ് പരിഹസിക്കുന്നത് ശരിയല്ലെന്നും വിമര്‍ശകര്‍ അഭിപ്രായപ്പെട്ടു.

swasika dont know english

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES