Latest News

ശ്രീലക്ഷ്മി ഇനി 'ഡോക്ടര്‍' ശ്രീലക്ഷ്മി!;കലാഭവന്‍ മണിയുടെ ഏകമകള്‍ എംബിബിഎസ് പൂര്‍ത്തിയാക്കി പ്രാക്ടീസിന്; സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ കലാമണ്ഡലത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍; മണി നാദം നിലച്ചിട്ട് 10 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ കലാഭവന്‍ മണിയുടെ സ്വപ്‌നങ്ങളും പൂവണിയുന്നു

Malayalilife
ശ്രീലക്ഷ്മി ഇനി 'ഡോക്ടര്‍' ശ്രീലക്ഷ്മി!;കലാഭവന്‍ മണിയുടെ ഏകമകള്‍ എംബിബിഎസ് പൂര്‍ത്തിയാക്കി പ്രാക്ടീസിന്; സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ കലാമണ്ഡലത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍; മണി നാദം നിലച്ചിട്ട് 10 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ കലാഭവന്‍ മണിയുടെ സ്വപ്‌നങ്ങളും പൂവണിയുന്നു

കൃത്യം 10 വര്‍ഷം മുമ്പ് 2016 മാര്‍ച്ച് ആറാം തീയതി ഇതുപോലൊരു പത്താം ക്ലാസിന്റെ പരീക്ഷാ ചൂടില്‍ മകള്‍ ശ്രീലക്ഷ്മി നില്‍ക്കെയാണ് കലാഭവന്‍ മണി മരണത്തിനു കീഴടങ്ങുന്നത്. ഇപ്പോഴിതാ, അച്ഛന്റെ വേര്‍പാടിനു 10 വര്‍ഷം തികഞ്ഞിരിക്കവേ അച്ഛന്റെ സ്വപ്നം പൂര്‍ത്തീകരിച്ച് അച്ഛനു നല്‍കിയ വാക്ക് പാലിച്ചിരിക്കുകയാണ് അവള്‍. ഏതൊരു സാധാരണക്കാരനേയും പോലെ മകളെ ഡോക്ടറാക്കണമെന്നും പാവപ്പെട്ട രോഗികളെ ചികിത്സിക്കുന്ന, നാട്ടുകാര്‍ക്ക് വേണ്ടി സേവനം ചെയ്യുന്ന ഡോക്ടറായി മകള്‍ മാറണമെന്നതുമായിരുന്നു മണിയുടെ ആഗ്രഹം. എന്നാല്‍ ആ സ്വപ്നം പൂവണിയുന്നത് കാണും മുന്നേ മരണത്തിലേക്ക് അദ്ദേഹം പോയപ്പോള്‍ വെറും 15 വയസു മാത്രമായിരുന്നു ഏകമകളുടെ പ്രായം. 

അന്ന് പത്താംക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന മകളെ ആകെ ഉലച്ചുകളഞ്ഞു അച്ഛന്റെ വേര്‍പാട്. അതിനിടയിലായിരുന്നു അവള്‍ പഠിച്ചതും പരീക്ഷയെഴുതിയതും. എന്നിട്ടും അഞ്ച് എ പ്ലസും ഒരു ബി പ്ലസും അടക്കം നേടി മികച്ച നിലയില്‍ തന്നെ പത്താം ക്ലാസ് പൂര്‍ത്തിയാക്കിയ ശ്രീലക്ഷ്മി ഇപ്പോഴിതാ, പത്തു വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു ഡോക്ടറായി മാറിയിരിക്കുകയാണ്. എംബിബിഎസ് കഴിഞ്ഞുള്ള പ്രാക്ടീസിലാണ് ഇപ്പോള്‍ താരപുത്രി ഉള്ളത്. ചെറിയച്ഛനായ ആര്‍എല്‍വി രാമകൃഷ്ണന്‍ തന്നെയാണ് മകളുടെ വിശേഷം ലോകത്തെ അറിയിച്ചിരിക്കുന്നതും.

'ചേട്ടന്റെ ആഗ്രഹം പോലെ തന്നെ മകള്‍ ഡോക്ടറായി.മകളെ പാവപ്പെട്ടവരുടെ ഡോക്ടറാക്കണം എന്നായിരുന്നു ചേട്ടന്റെ ആഗ്രഹം. മകള്‍ എംബിബിഎസ് കഴിഞ്ഞ് പ്രാക്ടീസ് ചെയ്യുന്നു. എന്നെ സംബന്ധിച്ചിടത്തോളം എനിക്കും വളര്‍ന്നു വരാനുള്ള വലിയൊരു സാഹചര്യം ചേട്ടന്‍ ഒരുക്കിയിരുന്നു. ഡോക്ടറേറ്റ് കിട്ടി. കലാമണ്ഡലത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി കിട്ടി. ഇതൊക്കെ നമ്മള്‍ അദ്ദേഹത്തെ മനസില്‍ സൂക്ഷിച്ചു കൊണ്ട്, അദ്ദേഹത്തിന്റെ ആഗ്രഹങ്ങളും ചിന്തകളും മനസില്‍ സൂക്ഷിച്ച് ഒട്ടും പതറാതെ മുന്നോട്ട് പോയിരുന്നു. മനസ് പതറിയിരുന്നു. പക്ഷെ അതിനെയൊക്കെ നിയന്ത്രിച്ച് ചേട്ടന്റെ ആഗ്രഹം പോലെ മുന്നോട്ട് പോവുകയായിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹത്തിനൊപ്പം യാത്ര ചെയ്യുകയാണ് ഞങ്ങള്‍'' എന്നാണ് ആര്‍എല്‍വി രാമകൃഷ്ണന്‍ പറയുന്നത്.

അച്ഛന്റെ മരണം നല്‍കിയ വേദനയില്‍ പത്താം ക്ലാസ് പരീക്ഷ എഴുതിയ ശ്രീലക്ഷ്മി തുടര്‍ന്ന് പ്ലസ് ടുവിന് സയന്‍സ് വിഷയം എടുത്തു പഠിച്ച് അവിടെയും മികച്ച മാര്‍ക്ക് വാങ്ങി. കലാഭവന്‍ മണിയുടെ ഏറ്റവും വലിയ ആഗ്രഹം മകളെ ഒരു ഡോക്ടറാക്കണം എന്നതു തന്നെയായിരുന്നു. അവള്‍ പഠിച്ചിറങ്ങുമ്പോഴേക്കും സ്വന്തമായി ഒരാശുപത്രി തുടങ്ങണമെന്നും ചാലക്കുടിയിലെ പാവപ്പെട്ടവര്‍ക്ക് അവിടെ ചികിത്സ നല്‍കണം എന്നതൊക്കെയായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അച്ഛന്‍ പോയെങ്കിലും അച്ഛന്റെ സ്വപ്നങ്ങള്‍ക്കു പിന്നാലെ തന്നെയായിരുന്നു ശ്രീലക്ഷ്മിയും അമ്മ നിമ്മിയും. 

തുടര്‍ന്നാണ് അടുത്ത രണ്ടു വര്‍ഷം എംബിബിഎസ് പ്രവേശനം നേടാന്‍ എന്‍ട്രന്‍സ് കോച്ചിംഗിനും മറ്റുമായി പോയത്.പിന്നാലെ കൊറോണയും വന്നതോടെ എറണാകുളത്തെ ശ്രീ നാരായണ കോളജ് ഓഫ് മെഡിക്കല്‍ സയന്‍സില്‍ എംബിബിഎസിന് അഡ്മിഷന്‍ നേടുകയായിരുന്നു ശ്രീലക്ഷ്മി.  ശ്രീലക്ഷ്മിയ്ക്ക് പഠിക്കാനുള്ള സൗകര്യം കണക്കിലെടുത്ത് കോളേജിന് തൊട്ടടുത്ത് ഒരു ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് അവിടെയായിരുന്നു നിമ്മിയും മകളും താമസിച്ചിരുന്നത്. ഇപ്പോള്‍ ചാലക്കുടിയിലെ വീടായ 'മണികൂടാരത്തില്‍' ഉണ്ട് മണിയുടെ ഭാര്യ നിമ്മിയും മകള്‍ ശ്രീലക്ഷ്മിയും.

മണിയുടെ മരണ ശേഷം ചാലക്കുടിയിലെ മണിക്കൂടാരം വീട്ടില്‍ നിമ്മിയും മകളും നിമ്മിയുടെ മാതാപിതാക്കളും ആയിരുന്നു ഉണ്ടായിരുന്നത്. നിമ്മിയും ശ്രീലക്ഷ്മിയും പാലക്കാടേക്ക് മാറിയതോടെ മാതാപിതാക്കള്‍ നിമ്മിയുടെ സഹോദരിയുടെ വീട്ടിലേക്കും മാറി. വല്ലപ്പോഴും അവധിയ്ക്ക് മാത്രമാണ് നിമ്മിയും മകളും ചാലക്കുടിയിലെ വീട്ടിലേക്ക് എത്തിയിരുന്നത്. അല്ലെങ്കില്‍ ബന്ധുക്കളാരെങ്കിലും എത്തി വീടും പരിസരവും വൃത്തിയാക്കിയിടും.അല്ലാത്തപക്ഷം, പൂര്‍ണമായും ആ വീട് പൂട്ടിക്കിടക്കുകയാണ്. 

കലാഭവന്‍ മണി ജീവിച്ചിരുന്ന കാലത്ത് രാവിലെ മുതല്‍ ആ വീട്ടിലേക്ക് സന്ദര്‍ശകരുടെ ബഹളമായിരുന്നു, സഹായം ചോദിച്ച് എത്തുന്നവരും ഒന്നു കാണാനും സംസാരിക്കാനും ഒരു ഫോട്ടോ എടുക്കാനുമൊക്കെയായി നൂറുകണക്കിന് പേരായിരുന്നു ഓരോ ദിവസവും ഈ മണികൂടാരത്തിലേക്ക് എത്തിയിരുന്നത്. എന്നാല്‍ മണിയുടെ മരണ ശേഷം അതിനൊക്കെ അവസാനമാകുമെന്ന് കരുതിയവര്‍ക്ക് തെറ്റി. മരണ ശേഷവും മണിയുടെ സ്മൃതി മണ്ഡപത്തിലെത്തി അതിനരികെ അല്‍പ്പനേരമിരുന്ന് അദ്ദേഹത്തിന്റെ കാലടികള്‍ പതിഞ്ഞ മണ്ണില്‍ അല്‍പ്പ നേരം ഇരുന്ന് ആണ് പലരും മടങ്ങിപ്പോവുക. അത്രത്തോളം സ്നേഹമാണ് അദ്ദേഹത്തിന്റെ ആരാധകര്‍ ആ നടനോട് കാട്ടിയിരുന്നത്.

kalabhavan mani Daughter sreelakshmi FINISH MBBS

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES