സ്മാർട്ട്ഫോൺ വിപണിയിൽ ഇപ്പോഴും സാംസങ്ങിനും ആപ്പിളിനുമൊക്കെ താഴെയാണെങ്കിലും, ഈ വർഷം വില്പനയിൽ വർദ്ധനവ് രേഖപ്പെടുത്തിയ ഒരു ബ്രാൻഡാണ് ഷവോമി. സ്മാർട്ട്ഫോൺ രംഗത്തെ ഈ ചൈനീസ് ഭീമൻ ഇപ്പോൾ സ്മാർട്ട് ഫോൺ ബാറ്ററി വെറും 20 മിനിറ്റുകൊണ്ട് പൂർണ്ണമായും ചാർജ്ജ് ചെയ്യാവുന്ന വയർലെസ്സ് ചാർജിങ് സാങ്കേതിക വിദ്യയുമായി രംഗത്തെത്തുകയാണ്. 80 ഡബ്ല്യൂ എം ഐ വയർലെസ്സ് ചാർജിങ് സാങ്കേതികവിദ്യ എന്ന് പേരിട്ടിരിക്കുന്ന ഇത് പക്ഷെ ഇതുവരെ വിപണിയിലിറക്കിയിട്ടില്ല.
ഗൂഗിൾ പിക്സൽ 5 ൽ ഉപയോഗിക്കുന്ന തരത്തിലുള്ള 4,000 മില്ലി ആമ്പ് ഹവർ ബാറ്ററിയുടെ പത്ത് ശതമാനം ഒരു മിനിറ്റിൽ ചാർജ്ജ് ചെയ്യാമെന്നും 50 ശതമാനം ചാർജ്ജ് ചെയ്യുവാൻ വെറും എട്ട് മിനിറ്റ് മാത്രമേ എടുക്കുകയുള്ളു എന്നും 19 മിനിറ്റുകൊണ്ട് പൂർണ്ണമായും ചാർജ്ജ് ചെയ്യാമെന്നുമാണ് ഷവോമി അവകാശപ്പെടുന്നത്. കഴിഞ്ഞവർഷം പുറത്തിറക്കിയ 30 ഡബ്ല്യൂ എം ഐ വയർലെസ്സ് ചാർജ്ജിങ് സാങ്കേതിക വിദ്യ ഇതേ ബാറ്ററി 50 ശതമാനം ചാർജ്ജ് ചെയ്യുവാൻ ഏകദേശം 25 മിനിറ്റ് സമയമെടുക്കും. പൂർണ്ണമായും ചാർജ്ജ് ചെയ്യുവാൻ ഏകദേശം 69 മിനിറ്റും.
80 ഡബ്ല്യൂ എം ഐ വയർലെസ്സ് ചാർജ്ജിങ് സാങ്കേതിക വിദ്യ, വയർലെസ്സ് സാങ്കേതിക വിദ്യയിൽ മാത്രമല്ല, മുഴുവൻ ചാർജ്ജിങ് സാങ്കേതികവിദ്യയിലും മികച്ചതായിരിക്കും എന്നാണ് ബെയ്ജിങ് ആസ്ഥാനമായ ഷവോമി അവകാശപ്പെടുന്നത്. സ്മാർട്ട്ഫോണുകളുടെ ഭാവിയിലെ വികസനത്തിന് വർദ്ധിച്ച ബാറ്ററി ആയുസ്സും പെട്ടെന്നുള്ള ചാർജ്ജിംഗും ആവശ്യമാണെന്ന അനുമാനത്തിൽ നിന്നാണ് ഇത്തരമൊരു സാങ്കേതിക വിദ്യ വികസിപ്പിച്ചതെന്നാണ് കമ്പനി വക്താക്കൾ അറിയിച്ചത്.
ഇപ്പോഴും ഈ സാങ്കേതിക വിദ്യയെ കുറിച്ച് കൂടുതൽ ഗവേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ഇത് വികസിപ്പിക്കുന്നതിനുള്ള പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണെന്നും കമ്പനി വിശദീകരിച്ചു. തീർത്തും പരുക്കനായ സാഹചര്യങ്ങളിൽ പോലും ഉപയോഗിക്കാവുന്ന തരത്തിലാണ് ഇത് വികസിപ്പിക്കുന്നതെന്നും അവർ പറഞ്ഞു.
വയർലെസ്സ് ചാർജ്ജറുകൾ അവയുടെ ഔട്ട്പുട്ടിന്റെ അടിസ്ഥാനത്തിൽ, വാട്ട്സ് ആയാണ് വിഭജിച്ചിരിക്കുന്നത്. 18 വാട്ടിന് മുകളിലുള്ളവയെല്ലം അതിവേഗ ചാർജ്ജറുകളായാണ് കണക്കാക്കപ്പെടുന്നത്. 2020 മാർച്ചിലാണ് ഷവോമി 40 വാട്ട്സ് വയർലസ് ചാർജിങ് പുറത്തിറക്കിയത്. ആഗസ്റ്റിൽ 50 വാട്ടിന്റെ വയർലെസ്സ് ചാർജിങ് സാങ്കേതിക വിദ്യയും ലോകത്തിനു മുന്നിൽ അവതരിപ്പിച്ചിരുന്നു.
ഇതിനു പുറകെയാണ് ഇപ്പോൾ 80 വാട്ട്സ് ചാർജ്ജറുമായി മുന്നോട്ട് പോകുന്നത്.125 വാട്ടിന്റെ ചാർജ്ജർ മറ്റൊരു ചൈനീസ് കമ്പനിയായ ഓപ്പോ പുറത്തിറക്കിയിട്ടുണ്ടെങ്കിലും, ഇത് ബാറ്ററിയുടെ ആയുസ്സ് രണ്ടുവർഷമാക്കി ചുരുക്കുമെന്ന് കമ്പനി തന്നെ സമ്മതിച്ചിട്ടുള്ളതാണ്.