രാജ്യത്തെ മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ആശങ്കയുയര്‍ത്തുന്നൊരു റിപ്പോര്‍ട്ട് വീണ്ടും. 2024 ജൂലിയില്‍ മൊബൈല്‍ ടാരിഫ് നിരക്കുകള്‍ 11 മുതല്‍ 23 ശതമാനം വരെ ഉയര്‍ത്തിയതിന് പിന്നാലെ, ഈ വര്‍ഷം അവസാനത്തോടെ വീണ്ടും മൊബൈല്‍ നിരക്കുകള്‍ വര്‍ദ്ധിക്കാനാണ് പ്രമുഖ ടെലികോം കമ്പനികള്‍ പദ്ധതിയിടുന്നത്. ഏറ്റവും ഒടുവില്‍ പുറത്ത് വന്ന വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഏകദേശം 10 മുതല്‍ 12 ശതമാനം വരെയുള്ള വര്‍ധനവ് ആകാമെന്നാണ് സൂചന.
ഘട്ടംഘട്ടമായുളള വില കൂട്ടല്‍ സാധ്യത
2024ലെ നിരക്ക് വര്‍ധനവിന് പിന്നാലെ ഉപഭോക്താക്കളില്‍ നിന്ന് വന്ന ശക്തമായ പ്രതികരണങ്ങള്‍ പരിഗണിച്ച്, ഇത്തവണ കമ്പിനികള്‍ ഘട്ടം ഘട്ടമായി വില കൂട്ടുന്ന മാതൃക പിന്തുടരാനാണ് സാധ്യത. അതായത്, കുറഞ്ഞ നിരക്കിലുള്ള പ്ലാനുകള്‍ കൈവിടാതെ, ഇടത്തരം മുതല്‍ ഉയര്‍ന്ന പ്ലാനുകളില്‍ മാത്രം വില കൂട്ടുക എന്നതായിരിക്കും പദ്ധതി. ഉപഭോക്താക്കളെ മറ്റു നെറ്റ്വര്‍ക്കുകളിലേക്ക് പോര്‍ട്ട് ചെയ്യാതിരിക്കാന്‍ കമ്പനികള്‍ തിരഞ്ഞെടുത്ത തന്ത്രമാണിത്.
വ്യത്യസ്ത തലയിലെ ഉപഭോക്താക്കള്‍ക്ക് വ്യത്യസ്ത പ്രതികാരങ്ങള്‍
ഇടത്തരം, ഉയര്‍ന്ന നിരക്കുള്ള പ്ലാനുകള്‍ ഉപയോഗിക്കുന്നവര്‍ക്കായിരിക്കും പുതിയ നിരക്ക് കൂടുതലായി ബാധിക്കുക. ഡാറ്റാ ഉപയോഗം, ഡാറ്റാ വേഗത, പീക്ക്‌സ് സമയം ഉപയോഗം തുടങ്ങിയ ഘടകങ്ങള്‍ അടിസ്ഥാനമാക്കി പ്ലാനുകള്‍ തിരിച്ചറിയും എന്നാണ് അറിയുന്നത്. കൂടാതെ, കുറഞ്ഞ നിരക്കുള്ള ബേസിക് പ്ലാനുകള്‍ക്ക് ഇപ്പോഴത്തെ ഘട്ടത്തില്‍ വില കൂട്ടാന്‍ കമ്പിനികള്‍ പിന്നാക്കം കാണുന്നു, കാരണം അതുപോലുള്ള നീക്കങ്ങള്‍ നെറ്റ്വര്‍ക്ക് മാറല്‍ വര്‍ധിപ്പിക്കാനിടയാക്കും എന്ന ഭയം അവര്‍ക്കുണ്ട്.
വരിക്കാരുടെ എണ്ണം
2025 മെയ് മാസത്തില്‍ മാത്രം 7.4 ദശലക്ഷം പുതിയ സജീവ ഉപഭോക്താക്കളാണ് ഇന്ത്യന്‍ ടെലികോം രംഗത്ത് ചേരുന്നത്. ഇതോടെ മൊത്തം സജീവ ഉപഭോക്തൃ എണ്ണം 1.08 ബില്യണായി ഉയര്‍ന്നു. വരിക്കാരുടെ വര്‍ധനവാണ് പുതിയ നിരക്ക് കൂട്ടലിന് കാരണം എന്നാണു കമ്പിനികള്‍ വ്യക്തമാക്കുന്നത്.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് തിരിച്ചടിയാകുമോ?
18 മാസത്തിനുള്ളില്‍ രണ്ടാമതായിട്ടുള്ള നിരക്ക് വര്‍ധനവാണ് നടപ്പാകുന്നത്. ഇതോടെ സാധാരണക്കാര്‍ക്കും ദൈനംദിന ഉപയോഗത്തിനായി മൊബൈല്‍ പ്ലാനുകള്‍ ആശ്രയിക്കുന്നവര്‍ക്കും വലിയ സാമ്പത്തിക ഭാരം ഉയര്‍ന്നേക്കുമെന്ന് ഉപഭോക്തൃ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു.
നിലവില്‍, കമ്പിനികള്‍ ഔദ്യോഗികമായി പുതുക്കിയ പ്ലാനുകള്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, വരും മാസങ്ങളില്‍ ഇതിനായി കൂടുതല്‍ സൂചനകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കുകയും പരസ്പരം താരതമ്യപൂര്‍വം മികച്ച ഓഫറുകള്‍ തിരഞ്ഞെടുക്കുകയുമാണ് ഇത്തരത്തില്‍ വലിയ ബാധ്യത ഒഴിവാക്കാനുള്ള മാര്‍ഗം.