യുവനടി ശ്രീലീല ഇനി ഡോക്ടര്‍. മുംബൈ ഡിവൈ പാട്ടീല്‍ സര്‍വ്വകലാശാലയില്‍ നടന്ന ബിരുദദാന ചടങ്ങിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ദക്ഷിണേന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം സുധ കൊങ്കര സംവിധാനം ചെയ്ത പരാശക്തിയാണ്.
പ്രശസ്ത ഗൈനക്കോളജിസ്റ്റായ തന്റെ അമ്മയുടെ പാത പിന്തുടര്‍ന്നാണ് ശ്രീലീല ഡോക്ടര്‍ ബിരുദം നേടിയത്. കരിയറിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോഴും തന്റെ സ്വപ്നമായ മെഡിക്കല്‍ പഠനം ഉപേക്ഷിക്കാന്‍ താരം തയ്യാറായില്ല
2017-ല്‍ 'ചിത്രാംഗദ' എന്ന തെലുങ്ക് ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു തുടക്കം. 2019-ല്‍ കന്നഡ ചിത്രം 'കിസ്സി'ലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. ഭഗവന്ത് കേസരി, ഗുണ്ടൂര്‍കാരം തുടങ്ങിയ ചിത്രങ്ങളിലൂടെ മുന്‍നിര നായികയായി. 'പുഷ്പ 2'വിലെ 'കിസിക്' എന്ന ഗാനത്തിലൂടെ തെന്നിന്ത്യയാകെ തരംഗമായി മാറി.
അഭിനയത്തിലും പഠനത്തിലും മാത്രമല്ല, സാമൂഹിക സേവനത്തിലും ശ്രീലീല മാതൃകയാണ്. വളരെ ചെറിയ പ്രായത്തില്‍ തന്നെ മൂന്ന് കുഞ്ഞുങ്ങളെ ദത്തെടുത്ത താരം വലിയൊരു സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത്. 2022 ഫെബ്രുവരിയില്‍ ഗുരു, ശോഭിത എന്നീ രണ്ട് ഭിന്നശേഷിക്കാരായ കുട്ടികളെ ശ്രീലീല ദത്തെടുത്തു. 2025 ഏപ്രിലില്‍ ഒരു പെണ്‍കുഞ്ഞിനെ കൂടി താരം ദത്തെടുത്തിരുന്നു.