പ്രശസ്ത ബോളിവുഡ് ഗായകന്‍ ഉദിത് നാരായണനെതിരെ നടുക്കുന്ന വെളിപ്പെടുത്തലുമായി ആദ്യഭാര്യ രഞ്ജന ഝാ രംഗത്ത്. തന്റെ അറിവോ സമ്മതമോ ഇല്ലാതെ ഗൂഢാലോചന നടത്തി ഗര്‍ഭപാത്രം നീക്കം ചെയ്തുവെന്നാണ് രഞ്ജനയുടെ പരാതി. ബിഹാര്‍ സുപൗലിലെ വനിതാ പോലീസ് സ്റ്റേഷനിലെത്തി നേരിട്ടാണ് അവര്‍ പരാതി നല്‍കിയിരിക്കുന്നത്. ഉദിത് നാരായണന് പുറമെ അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ ദീപ നാരായണന്‍, സഹോദരങ്ങള്‍ എന്നിവര്‍ക്കെതിരെയും പരാതിയില്‍ ഗുരുതര ആരോപണങ്ങളുണ്ട്.
ചികിത്സയുടെ പേരില്‍ ചതിച്ചു?
1984-ല്‍ വിവാഹിതരായ ഉദിത് നാരായണനും രഞ്ജനയും തമ്മിലുള്ള ബന്ധം വര്‍ഷങ്ങള്‍ക്ക് മുന്‍പേ തകരാറിലായിരുന്നു. 1996-ലാണ് വിവാദപരമായ സംഭവം നടന്നതെന്ന് രഞ്ജന ആരോപിക്കുന്നു. ചികിത്സയ്‌ക്കെന്ന വ്യാജേന തന്നെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉദിത്തും സഹോദരങ്ങളും, സമ്മതമില്ലാതെ തന്റെ ഗര്‍ഭപാത്രം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയായിരുന്നുവെന്നാണ് ആരോപണം. ഈ സമയം രണ്ടാം ഭാര്യ ദീപയും കൂടെയുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം നടത്തിയ വൈദ്യപരിശോധനയിലാണ് താന്‍ വഞ്ചിക്കപ്പെട്ട വിവരം രഞ്ജന തിരിച്ചറിഞ്ഞത്.
1984 ഡിസംബര്‍ ഏഴിന് ഹിന്ദു ആചാരപ്രകാരം തങ്ങള്‍ വിവാഹിതരായെന്ന് രഞ്ജന പരാതിയില്‍ വിശദീകരിക്കുന്നു. 1985-ല്‍ ഉദിത് നാരായണന്‍ മുംബൈയിലേക്ക് താമസം മാറിയതിന് ശേഷമാണ് അദ്ദേഹം ദീപയെ വിവാഹം ചെയ്തതായി മാധ്യമങ്ങളിലൂടെ അറിഞ്ഞത്. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഉദിത് നാരായണന്‍ വിവാഹക്കാര്യം നിഷേധിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തുവെന്നും രഞ്ജന ആരോപിക്കുന്നു.
2006-ല്‍ മുംബൈയില്‍ വെച്ച് ഉദിത്തും ദീപയും തന്നോട് മോശമായി പെരുമാറുകയും വീട്ടില്‍ പ്രവേശിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തതായും പരാതിയിലുണ്ട്. നേപ്പാളില്‍ ഉദിത്തിന്റെ മാതാപിതാക്കളെ കാണാന്‍ പോയപ്പോള്‍ അധിക്ഷേപിച്ച് ഇറക്കിവിട്ടതായും രഞ്ജന പറയുന്നു. അന്നുമുതല്‍ താന്‍ മാതാപിതാക്കളുടെ വീട്ടിലാണ് താമസം. മുന്‍പ് കുടുംബകോടതിയേയും വനിതാ കമ്മീഷനേയും സമീപിച്ചിരുന്നതായും, ഉദിത് തന്നെ ഭാര്യയായി അംഗീകരിക്കുകയും ഒത്തുതീര്‍പ്പ് വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നുവെന്നും രഞ്ജന വെളിപ്പെടുത്തി.
എന്നാല്‍, പിന്നീട് വാക്കുമാറ്റുകയും ജീവിതച്ചെലവ് നിഷേധിക്കുകയും ചെയ്തതോടെയാണ് വീണ്ടും നിയമനടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതയായതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 'വര്‍ഷങ്ങളായി ഞാന്‍ അനുഭവിക്കുന്ന മാനസിക വിഷമത്തിന് അവസാനമുണ്ടാകണം. എന്റെ സമ്മതമില്ലാതെയാണ് അവര്‍ ക്രൂരത കാട്ടിയത്. വാഗ്ദാനങ്ങള്‍ നല്‍കി കബളിപ്പിക്കുകയായിരുന്നു ഇതുവരെ,' രഞ്ജന ഝാ മാധ്യമങ്ങളോട് പറഞ്ഞു.
പോലീസ് അന്വേഷണം തുടങ്ങുന്നു
മുപ്പത് വര്‍ഷത്തോളം പഴക്കമുള്ള സംഭവമായതിനാല്‍ പോലീസ് അതീവ ജാഗ്രതയോടെയാണ് നീങ്ങുന്നത്. സുപൗല്‍ സ്റ്റേഷന്‍ ഇന്‍-ചാര്‍ജ് അഞ്ജു തിവാരിയുടെ നേതൃത്വത്തില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചു. ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ഉദിത് നാരായണനെ ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം. ബോളിവുഡിനെ ഞെട്ടിച്ച ഈ വെളിപ്പെടുത്തലില്‍ ഉദിത് നാരായണന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.