ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത് യഷ് നായകനാകുന്ന 'ടോക്സിക്' എന്ന ചിത്രത്തിനെതിരേ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് പുതിയ പരാതി. ചിത്രത്തിന്റെ ടീസര്‍ ക്രിസ്തീയ ചിഹ്നങ്ങളെയും മിഖായേലിന്റെ പ്രതിമയെയും അവഹേളിക്കുന്നതായി ചൂണ്ടിക്കാട്ടി 'ദ നാഷണല്‍ ക്രിസ്ത്യന്‍ ഫെഡറേഷനാണ്' പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഫിലിം ചേംബര്‍, കര്‍ണാടക ചീഫ് സെക്രട്ടറി, സെന്‍സര്‍ ബോര്‍ഡ് എന്നിവര്‍ക്കാണ് സംഘടന പരാതി സമര്‍പ്പിച്ചിട്ടുള്ളത്.
ടീസറിലെ ഇന്റിമേറ്റ് രംഗങ്ങള്‍ ക്രിസ്തീയ ചിഹ്നങ്ങള്‍ക്കും മിഖായേലിന്റെ പ്രതിമയ്ക്കും മുന്നില്‍ ചിത്രീകരിച്ചിരിക്കുന്നത് മതവികാരം വ്രണപ്പെടുത്തുന്നുവെന്നാണ് പരാതിയില്‍ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്. ടീസര്‍ യൂട്യൂബില്‍നിന്ന് ഉടനടി നീക്കം ചെയ്യണമെന്നും ഏതാനും സീനുകള്‍ മാറ്റണമെന്നുമാണ് പരാതിയിലെ പ്രധാന ആവശ്യം. ചിത്രത്തിന്റെ ടീസറിനെതിരേ നേരത്തെയും പരാതികള്‍ ഉയര്‍ന്നിരുന്നു.
ഇന്റിമേറ്റ് രംഗങ്ങളെച്ചൊല്ലി കര്‍ണാടക വനിതാ കമ്മിഷനും സെന്‍സര്‍ ബോര്‍ഡിനും മുന്നില്‍ മുന്‍പ് പരാതി എത്തിയിരുന്നു. യഷിനൊപ്പം ഗീതു മോഹന്‍ദാസും ചേര്‍ന്നാണ് 'ടോക്സിക്' എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നയന്‍താര, രുക്മിണി വസന്ത്, കിയാര അദ്വാനി, താരാ സുതാരിയ, ഹുമ ഖുറേഷി എന്നിവരാണ് ചിത്രത്തിലെ പ്രധാന നായികമാര്‍. മാര്‍ച്ച് 19-ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഇതേ ദിവസം രണ്‍വീര്‍ സിംഗ് നായകനാകുന്ന 'ധുരന്ധര്‍ 2' എന്ന ചിത്രവും റിലീസിനെത്തുന്നുണ്ട്.