വനിതാ കേന്ദ്രീകൃത സോഷ്യല്‍ കൊമേഴ്സ് സ്റ്റാര്‍ട്ടപ്പായ ഗ്ലോറോഡിനെ ഏറ്റെടുത്ത് ആമസോണ്‍ ഇന്ത്യ. വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടായ ആക്സല്‍, വെര്‍ടെക്സ് വെന്‍ചേഴ്സ് തുടങ്ങിയവയുടെ പിന്തുണയുള്ള ഗ്ലോറോഡിന്റെ മൂല്യം ഏകദേശം 75 മില്യണ്‍ ഡോളറാണ്. സോഷ്യല്‍ കൊമേഴ്സ് എന്ന് വിളിക്കപ്പെടുന്ന ഒരു സംരംഭം ആമസോണ്‍ ഏറ്റെടുക്കുന്നത് ആദ്യമായിയാണ്. ഇവിടെ വില്‍പ്പനക്കാര്‍ അവരുടെ സാധനങ്ങള്‍ വില്‍ക്കാന്‍ വാട്‌സാപ്പ്, ഫേസ്ബുക്ക് പോലുള്ള പ്ലാറ്റ്ഫോമുകളാണ് ഉപയോഗിക്കുന്നത്. ആമസോണും ഗ്ലോറോഡും ഈ ഇടപാട് സ്ഥിരീകരിച്ചു.
ഇന്ത്യയെ ഡിജിറ്റൈസ് ചെയ്യുന്നതിനും ഉപഭോക്താക്കളെയും സൂക്ഷ്മസംരംഭകരെയും വില്‍പ്പനക്കാരെയും സന്തോഷിപ്പിക്കുന്നതിനുള്ള പുതിയ വഴികള്‍ ആമസോണ്‍ പര്യവേക്ഷണം ചെയ്യുന്നത് തുടരുകയാണെന്നും ഗ്ലോറോഡിനൊപ്പം, രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ഉല്‍പ്പാദകര്‍, ഗൃഹനിര്‍മ്മാതാക്കള്‍, വിദ്യാര്‍ത്ഥികള്‍, ചെറുകിട വില്‍പ്പനക്കാര്‍ എന്നിവര്‍ക്കിടയില്‍ സംരംഭകത്വം ത്വരിതപ്പെടുത്തുന്നതിന് ആമസോണ്‍ സഹായിക്കുമെന്നും കമ്പനി വ്യക്തമാക്കി.
ഇടപാടിന് ശേഷം, ഗ്ലോറോഡിന്റെ 170 ഓളം ജീവനക്കാരുടെ ടീം ആമസോണില്‍ ചേരും. കൂടാതെ സ്ഥാപനം ഇപ്പോള്‍ ഒരു സ്വതന്ത്ര യൂണിറ്റായി പ്രവര്‍ത്തിക്കുന്നത് തുടരും. ഞങ്ങള്‍ പ്രാരംഭ ഘട്ടത്തിലായതിനാല്‍, പുതിയ ഇ-കൊമേഴ്സ് ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ ഷോപ്പിംഗ് അനുഭവം കൂടുതല്‍ സൗകര്യപ്രദവും വിശ്വസനീയവുമാക്കുന്നതിന് ആമസോണുമായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായി ഗ്ലോറോഡിന്റെ സഹസ്ഥാപകന്‍ കുനാല്‍ സിന്‍ഹ പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് ഡാറ്റ പ്ലാറ്റ്ഫോം അനുസരിച്ച്, ട്രാക്ക്എന്‍ ഗ്ലോറോഡ് 2017-ല്‍ ആരംഭിച്ചത് മുതല്‍ മൊത്തം 31 മില്യണ്‍ ഡോളറിലധികം ഫണ്ടിംഗ് സമാഹരിച്ചു. സിന്‍ഹ, സോണാല്‍ വര്‍മ, ശേഖര്‍ സാഹു, നിതേഷ് പന്ത്, നിലേഷ് പദാരിയ എന്നിവരാണ് ഇതിന്റെ സഹസ്ഥാപകര്‍.