ചെറിയ കുട്ടികളുടെ ദന്താരോഗ്യം തുടക്കം മുതൽ ഉറപ്പ് വരുത്തുന്നതിൽ ബ്രിട്ടൻ അടക്കമുള്ള വികസിത രാജ്യങ്ങളിലുള്ള മാതാപിതാക്കൾ പോലും വളരെ പുറകിലാണെന്ന് ഏറ്റവും പുതിയ റിപ്പോർട്ട് മുന്നറിയിപ്പേകുന്നു. ഇത് പ്രകാരം കുഞ്ഞിന് ആദ്യത്തെ പല്ല് മുളച്ച് തുടങ്ങുമ്പോഴെ ദന്തിസ്റ്റിനെ കാണണം എന്ന് നിങ്ങൾ എത്ര പേർക്കറിയാം...? കുട്ടിയുടെ പല്ലിന് അസുഖം വരാൻ കാത്തിരിക്കാതെ പല്ല് കാക്കേണ്ടത് എന്തുകൊണ്ട്...? എന്നീ ചോദ്യങ്ങൾ ഈ അവസരത്തിൽ ശക്തമാകുന്നുണ്ട്. ഒരു വയസിന് മുമ്പ് കുട്ടിയെ ദന്തിസ്റ്റിനെ കാണിക്കുന്നവർ ബ്രിട്ടനിൽ പോലും വിരലിൽ എണ്ണാവുന്നവർ മാത്രമാണെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.
കുട്ടികളുടെ ആദ്യ പല്ല് മുളച്ചാൽ പിന്നെ സാധ്യമായ എത്രയും വേഗത്തിൽ അവരെ ദന്തിസ്റ്റിനെ കാണിക്കണമെന്നാണ് എൻഎച്ച്എസ് നിഷ്‌കർഷിക്കുന്നത്. എന്നാൽ ഇക്കാര്യം നിർവഹിക്കുന്നതിൽ ഭൂരിഭാഗം പേരും പൂർണ പരാജയമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ബ്രിട്ടനിൽ വെറും മൂന്ന് ശതമാനം പേർ മാത്രമാണ് ഒരു വയസിന് മുമ്പ് കുട്ടികളെ ദന്തിസ്റ്റിന് അരികിലെത്തിക്കുന്നത്. കുട്ടികൾക്ക് വയസ് രണ്ടായാലും 12 ശതമാനം പേർ മാത്രമാണ് അവരെ ദന്ത ഡോക്ടറുടെ അടുത്തുകൊണ്ട് പോകുന്നത്. കുട്ടികളുടെ ആദ്യ പല്ല് മുളച്ച് എത്രയും പെട്ടെന്ന് അവരെ ദന്തിസ്റ്റിന് സമീപമെത്തിക്കണമെന്ന് ബോധവൽക്കരിക്കുന്ന ക്യാമ്പയിനുകൾ ശക്തമാകുന്നുണ്ട്.
കുട്ടികളുടെ പല്ലിന്റെ കാര്യത്തിൽ അലംഭാവം വരുത്തി ദന്തക്ഷയം വന്നാൽ പിന്നീട് ഒന്നും ചെയ്യാൻ സാധിക്കില്ലെന്നാണ് ദന്തൽ എക്സ്പർട്ടുകൾ പറയുന്നത്. യൂണിവേഴ്സിറ്റി ഓഫ് ബെർമിങ്ഹാമും യൂണിവേഴ്സിറ്റി ഓഫ് എഡിൻബർഗും പബ്ലിക്ക് ഹെൽത്ത് ഇംഗ്ലണ്ടുമാണീ പഠനം നടത്തിയിരിക്കുന്നത്. ഈ ഗവേഷണത്തിനായി ഗവേഷകർ 2017-17 എൻഎച്ച്എസ് ദന്തൽ സ്റ്റാറ്റിറ്റിക്സിനെ പ്രയോജനപ്പെടുത്തിയിരുന്നു. ദരിദ്രപശ്ചാത്തലത്തിലുള്ളവരാണ് ധനിക പശ്ചാത്തലത്തിലുള്ളവരേക്കാൾ കുട്ടികളുടെ ദന്ത പരിശോധനകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതെന്നാണ് ഈ ഗവേഷണത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്.
ഇക്കാര്യത്തിൽ ഏറ്റവും പുറകിലുള്ളത് വെസ്റ്റ് ബെർക്ക്ഷെയറിലുള്ളവരാണ്. ഇവിടെ ഒരു വയസിലുള്ള കുട്ടികളെ ദന്തിസ്റ്റിനെ കാണിക്കുന്നവർ ഒരു ശതമാനത്തിലും കുറവാണ്. ഒരു വയസിന് താഴെയുള്ള കുട്ടികളെ ദന്തിസ്റ്റിനെ കാണിക്കുന്ന 12.3 ശതമാനം പേരുള്ള ഇടങ്ങളുമുണ്ടെന്ന് ഈ ഗവേഷണത്തിലൂടെ തിരിച്ചറിഞ്ഞിരുന്നു. ഇക്കാര്യത്തിൽ ഏറ്റവും പുറകിലുള്ള ഒരു േ്രേപദശമാണ് സിറ്റി ഓഫ് ലണ്ടൻ. ഇവിടെ വെറും പൂജ്യം ശതമാനം പേർ മാത്രമാണ് ഒരു വയസിനുള്ളിൽ കുട്ടികളെ ദന്തിസ്റ്റിനെ കാണിക്കുന്നത്. ജേർണൽ കമ്മ്യൂണിറ്റി ഡെന്റൽ ഹെൽത്തിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഐൽ ഓഫ് വിറ്റ്, ഹാവെറിങ്, വാൽത്താം ഫോറസ്റ്റ്, സൗത്താംപ്ടൺ, വെസ്റ്റ് ബെർക്ക്ഷെയർ, ഹാക്ക്നെ, ടോർബെ, ബ്രൈറ്റൻ ആൻഡ് ഹോവ്, നോർത്ത് ഈസ്റ്റ് ലിൻകോളിൻഷെയർ എന്നിവിടങ്ങൾ കുട്ടികളെ ഒരു വയസിനുള്ളിൽ ദന്തിസ്റ്റിനെ കാണിക്കുന്നതിൽ പുറകിലാണ്. എന്നാൽ സൗത്ത് ടൈനിസൈഡ്, ടെയിംസൈഡ്, ഓൽഡാം, സ്റ്റോക്ക്പോർട്ട്, റോത്തർഹാം, റോച്ച്ഡെയിൽ, ബോൽട്ടൻ, ചെഷയർ വെസ്റ്റ് ആൻഡ് ചെസ്റ്റർ, ബുറി എന്നീ പ്രദേശങ്ങൾ ഇക്കാര്യത്തിൽ മുന്നിലാണ്