ലാസ് വേഗസിലെ മാഡം തുസാഡ്സ് വാക്സ് മ്യൂസിയത്തില്‍ ഇനി രാം ചരണിന്റെ മെഴുക് പ്രതിമയും. ശനിയാഴ്ചയാണ് രാം ചരണിന്റെ പ്രതിമ അനാഛാദനം ചെയ്തത്. പിതാവ് ചിരഞ്ജീവി അടക്കം താരത്തിന്റെ കുടുംബം മുഴുവന്‍ ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇതിനിടെ നടന്റെ മകള്‍ ക്ലിന്‍ കാരയുടെ വീഡിയോയാണ് വൈറലായി കൊണ്ടിരിക്കുന്നത്.
നടന്റെ ഭാര്യ ഉപാസന കാമിനേനി പങ്കുവച്ച വീഡിയോ ശ്രദ്ധ നേടുകയാണ്. തന്റെ വളര്‍ത്തുനായ റൈമിനൊപ്പം ഇരിക്കുന്നതായാണ് രാം ചരണിന്റെ പ്രതിമ. തന്റെ മെഴുക് പ്രതിമക്കൊപ്പം അതേ സ്‌റ്റൈലില്‍ വളര്‍ത്തുനായക്കൊപ്പം നടന്‍ പോസ് ചെയ്യുന്നുണ്ട്. ഇത് കണ്ട് വേദിയിലേക്ക് എത്തുന്ന നടന്റെ മകള്‍ ക്ലിന്‍ കാര രാം ചരണിന്റെ പ്രതിമയ്ക്ക് അരികിലേക്കാണ് നടന്നു നീങ്ങുന്നത്.
വേദിയിലേക്ക് കയറണ്ട എന്ന് ഉപാസന പറയുന്നുണ്ടെങ്കിലും ക്ലിന്‍ നേരെ അച്ഛന് അരികിലേക്ക് പോവുകയാണ്. എന്നാല്‍ മകള്‍ പ്രതിമയ്ക്ക് അരികിലേക്ക് പോകുന്നത് കണ്ട് രാം ചരണും ആശ്ചര്യപ്പെട്ട് പോകുന്നുണ്ട്. ഇത് വീഡിയോയില്‍ കാണാനാകും. വീഡിയോ കൂടാതെ കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളും ഉപാസന പങ്കുവച്ചിട്ടുണ്ട്.
2023ല്‍ ആണ് രാം ചരണിനും ഉപാസനക്കും മകള്‍ ജനിച്ചത്. മകളുടെ മുഖം താരം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. തന്നെ അച്ഛാ എന്ന് വിളിച്ച് തുടങ്ങുമ്പോള്‍ മകളുടെ മുഖം വെളിപ്പെടുത്തും എന്നാണ് ഒരിക്കല്‍ രാം ചരണ്‍ പറഞ്ഞത്. 2012ല്‍ ആയിരുന്നു രാം ചരണിന്റെയും ഉപാസനയുടെയും വിവാഹം.