സൂര്യാ ടിവിയിലെ മാംഗല്യം തന്തുനാനേന എന്ന സീരിയലിലൂടെ നായകനായി എത്തി ശ്രദ്ധ നേടിയ നടനാണ് ജിഷ്ണു മേനോന്‍. ആഴ്ചകള്‍ക്കു മുമ്പാണ് പരമ്പരയില്‍ നായികയായി അഭിനയിച്ചിരുന്ന ഗോപിക ചന്ദ്രന്‍ പിന്മാറിയതും പകരം മറ്റൊരു ജൂലി ഹെന്‍ഡ്രിയ നായികയായി എത്തിയതും. ഇപ്പോഴിതാ, സീരിയലിലെ നായകനായ ജിഷ്ണു മേനോന്‍ വിവാഹിതനായെന്ന വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്.
തൃശൂര്‍ കൊടകരയിലെ പൂനിലാര്‍ക്കാവ് ദേവീ ക്ഷേത്രത്തില്‍ വച്ചാണ് നടന്റെ വിവാഹം കഴിഞ്ഞത്. തമിഴ്നാട്ടുകാരി അഭിയാതിരയുടെ കഴുത്തിലാണ് ജിഷ്ണു താലി ചാര്‍ത്തിയത്. ദേവിയ്ക്ക് മുന്നില്‍ പ്രാര്‍ത്ഥനയോടെ നിന്ന് പ്രിയപ്പെട്ടവളെ നോക്കി പുഞ്ചിരിച്ച് പൂജാരി കൊടുത്ത താലി അഭിയാതിരയുടെ കഴുത്തില്‍ കെട്ടുകയായിരുന്നു ജിഷ്ണു. പിന്നാലെ നാത്തൂന്‍ മുടി ഉയര്‍ത്തി കൊടുക്കുന്നതും കാണാം. ശേഷം താലി കെട്ടുന്നതിനിടെ അഭിയുടെ നെറ്റിയില്‍ ചുംബിക്കുകയായിരുന്നു ജിഷ്ണു. താലികെട്ടുന്നതിനിടെ കൈ മറഞ്ഞിരിക്കുന്നതിനാല്‍ പെട്ടെന്ന് ആരും ശ്രദ്ധിക്കില്ല അത്.
പൊടുന്നനെ ഞെട്ടി ജിഷ്ണുവിന്റെ മുഖത്തേക്ക് നോക്കിയ അഭി ഭാവമാറ്റമില്ലാതെ നില്‍ക്കുന്ന ജിഷ്ണുവിനെ കണ്ട് ചിരിയോടെ താഴേക്ക് നോക്കുകയായിരുന്നു. താലികെട്ടി കഴിഞ്ഞ് അഭിയുടെ മുഖത്തു പോലും നോക്കാതെ ദേവിയെ തൊഴുന്ന ജിഷ്ണുവിനെ കണ്ടാല്‍ കുസൃതി ഒപ്പിച്ചു നില്‍ക്കുകയാണെന്നേ പറയില്ല എന്നാണ് കൂട്ടുകാരന്‍ പകര്‍ത്തിയ വീഡിയോയ്ക്ക് താഴെ കമന്റുകളായും പ്രത്യക്ഷപ്പെടുന്നത്.
മേക്കപ്പ് ആര്‍ട്ടിസ്റ്റും ബോഡി ബില്‍ഡറും ഒക്കെയായ അഭിയാതിരയുമായുള്ള ഏറെക്കാലത്തെ പ്രണയമാണ് ഇപ്പോള്‍ വിവാഹത്തിലേക്ക് എത്തിയിരിക്കുന്നത്. ആഴ്ചകള്‍ക്കു മുമ്പായിരുന്നു ഇവരുടെ വിവാഹനിശ്ചയം. ഗോള്‍ഡണ്‍ സാരിയിലും വൈറ്റ് ബ്ലൗസിലും സുന്ദരിയായ അഭിയാതിര സ്വര്‍ണാഭരണങ്ങളല്ല വിവാഹത്തിനു തെരഞ്ഞെടുത്തത് എന്ന പ്രത്യേകതയുമുണ്ട്. അടുത്ത ബന്ധുക്കളുടെ മാത്രം സാന്നിധ്യത്തില്‍ ആയിരുന്നു വിവാഹനിശ്ചയം. ക്ഷേത്രത്തിലെ വിവാഹവും അങ്ങനെ തന്നെയായിരുന്നു. തൃശൂര്‍ കൊടകര സ്വദേശിയാണ് ജിഷ്ണു. മലയാളി ആണെങ്കിലും തമിഴ് സിനിമാ സീരിയല്‍ മേഖലയിലൂടെയാണ് ജിഷ്ണു അഭിനയ രംഗത്തേക്ക് എത്തുന്നത്. തമിഴ് സുന്ദരി സീരിയലിലെ കാര്‍ത്തിക് ആയി എത്തിയ ജിഷ്ണു കാര്‍ഗില്‍, മാധവി, വാര്‍ഡ് 126 തുടങ്ങിയ സിനിമകളിലും അഭിനയിച്ചിരുന്നു.
ജയന്തി - വേണു ദമ്പതികളുടെ മകനായി ജനിച്ച ജിഷ്ണു ഇപ്പോള്‍ 33 വയസുകാരനാണ്. വളര്‍ന്നതെല്ലാം ചെന്നൈയിലാണ്. ജവഹര്‍ നവോദയ വിദ്യാലയ സ്‌കൂളില്‍ പഠിച്ച് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് പാസായ നടന്‍ കണ്മണി എന്ന തമിഴ് സീരിയലിലെ ആകാശ് എന്ന കഥാപാത്രവും അവതരിപ്പിച്ചിട്ടുണ്ട്. തുടര്‍ന്നാണ് ജിഷ്ണു മാംഗല്യം തന്തുനാനേനയിലേക്ക് എത്തിയത്. സൂര്യാ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരകളില്‍ നിരവധി ആരാധകരും പ്രേക്ഷക പ്രിയം നേടിയെടുത്തതുമായ പരമ്പരകളില്‍ ഒന്നാണ് മാംഗല്യം തന്തുനാനേന. അതില്‍ നിന്നും നായിക നടി പിന്മാറിയത് ആരാധകരെ ഏറെ വിഷമിപ്പിച്ചിരുന്നു.
ആഴ്ചകള്‍ക്കു മുമ്പാണ് സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന മാംഗല്യം തന്തുനാനേന എന്ന സീരിയലിലെ നായികാ പദവിയില്‍ നിന്നും താന്‍ പിന്മാറുകയാണെന്ന് സീരിയല്‍ നടി ഗോപിക വെളിപ്പെടുത്തിയത്. ഓസ്ട്രേലിയയിലുള്ള ഭര്‍ത്താവിനരികിലേക്ക് പോകുവാന്‍ താന്‍ അഭിനയം തന്നെ ഉപേക്ഷിക്കുകയാണെന്നാണ് നടി പറഞ്ഞത്. പിന്നാലെ പ്രേക്ഷകര്‍ മുഴുവന്‍ നടിയെ തിരിച്ചു കൊണ്ടുവരണമെന്ന് അഭ്യര്‍ത്ഥിച്ചപ്പോള്‍ പുതിയ നിധി ആരായിരിക്കും എന്ന ആകാംക്ഷയും ആരാധകര്‍ പങ്കുവെച്ചിരുന്നു. പരമ്പരയില്‍ നിധിയെ കാണ്മാനില്ല എന്ന തരത്തില്‍ കുറച്ചു ദിവസങ്ങളായി കഥ മുന്നോട്ടു പോയ ശേഷമാണ് നേരത്തെ സൂര്യാടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന അനിയത്തിപ്രാവ് എന്ന സീരിയലിലെ ശ്രീലക്ഷ്മി എന്ന കഥാപാത്രം അവതരിപ്പിച്ച് ശ്രദ്ധേയയായ നടി ജൂലി ഹെന്‍ഡ്രി പുതിയ നിധിയായി എത്തുന്നത്.