കുഞ്ഞുങ്ങളോടുള്ള സ്‌നേഹംകൊണ്ടാണ് പലരും സൂപ്പർമാർക്കറ്റുകളിൽ കാണുന്ന കോൺഫ്‌ളേക്‌സും ചോക്കോസുമൊക്കെ നാം വാങ്ങിക്കൊടുക്കുന്നത്. എന്നാൽ, ഇത്തരം ഭക്ഷ്യവസ്തുക്കൾ അവരെ മാറാരോഗികളാക്കിയേക്കുമെന്ന കാര്യം അറിയാതെ പോകരുത്. കൻസറിന് കാരണമായേക്കാവുന്ന ഗ്ലൈഫോസേറ്റ് ഇത്തരം സെറിയൽസിലും ഓട്ട്മീൽസിലും സ്‌നാക്ക് ബാറിലും അടങ്ങിയിട്ടുണ്ടെന്നാണ് പുതിയ ഗവേഷണഫലം.
ഓട്‌സ് അടങ്ങിയ 28 ഭക്ഷ്യവസ്തുക്കളിൽ 26 എണ്ണത്തിലും ഗ്ലൈഫോസേറ്റിന്റെ സാന്നിധ്യമുണ്ടെന്ന് എൻവയൺമെന്റൽ വർക്കിങ് ഗ്രൂപ്പ് നടത്തിയ ഗവേഷണത്തിൽ കണ്ടെത്തി. ചീറിയോസിന്റെയും ക്വേക്കർ ഓട്‌സിന്റെയും വ്യത്യസ്ത ഉത്പന്നങ്ങൾ ഇതിൽ പെടുന്നു. ഹണി നട്ട് ചീറിയോസ്, ക്വേക്കർ ഓട്ട്മീൽ സ്‌ക്വയേഴ്‌സ് ഹണി നട്ട്, ക്വേക്കർ ഓവർനൈറ്റ് ഓട്‌സ് എന്നിവയൊക്കെ ഇതിൽപ്പെടുന്നുണ്ട്.
കളനാശിനിയായ റൗണ്ടപ്പിലെ പ്രധാന ഘടകം ഗ്ലൈഫോസേറ്റാണ്. ഇതിലൂടെയാണ് ഭക്ഷണത്തിലേക്കും ഇതിന്റെ അംശം കടക്കുന്നത്. കർഷകനായ ഡിവെയ്ൻ ജോൺസൺ എന്ന 46-കാരന് മരണകാരണമായ കാൻസർ പിടിപെടാൻ കാരണം റൗണ്ടപ്പ് വയലിൽ തുടർച്ചയായി ഉപയോഗിച്ചതാണെന്ന് അടുത്തിടെ കാലിഫോർണിയയിൽ നടന്ന അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഭക്ഷ്യവസ്തുക്കളിൽ ഗ്ലൈഫോസേറ്റിന്റെ അംശം അനുവദനീയമായതിലും കൂടുതലാണെന്ന് കണ്ടെത്തിയിട്ടില്ല. എന്നാൽ, എല്ലാ ദിവസവും കുട്ടികൾ ഇത് കഴിക്കുമ്പോൾ, ശരീരത്തിലെത്തുന്ന ഗ്ലൈഫോസേറ്റിന്റെ അംശം വർധിക്കുകയും അത് രോഗത്തിലേക്ക് അവരെ നയിക്കുകയും ചെയ്യാമെന്ന് എൻവയൺമെന്റൽ വർക്കിങ് ഗ്രൂപ്പ് പറയുന്നു. ക്വാക്കേഴ്‌സിന്റെയും കെല്ലോഗ്‌സിന്റെയും ജനറൽ മിൽസിന്റെയും ബ്രേക്ക്ഫാസ്റ്റ് സെറിയൽസിന്റെ 45 സാമ്പിളുകളിൽ ഗ്ലൈഫോസേറ്റിന്റെ സാന്നിധ്യം ഓഗസ്റ്റിൽ നടന്ന പരിശോധനയിലും കണ്ടെത്തിയിരുന്നു.
ഈ പഠനത്തിന്റെ പശ്ചാത്തലത്തിലാണ് ക്വാക്കർ ഓട്‌സിന്റെയും ചീറിയോസിന്റെയും ജനപ്രിയ ബ്രാൻഡുകൾ പലതും കൂടുതൽ പഠനത്തിനായി തിരഞ്ഞെടുക്കാൻ എൻവയൺമെന്റൽ വർക്കിങ് ഗ്രൂപ്പ് തീരുമാനിച്ചത്. ഇതിനായി സാൻഫ്രാൻസിസ്‌കോ, വാഷിങ്ടൺ, വാഷിങ്ടൺ ഡി.സി. എന്നിവിടങ്ങളിലെ സ്‌റ്റോറുകളിൽനിന്ന് വാങ്ങിയ ഉത്പന്നങ്ങൾ സാൻഫ്രാൻസിസ്‌കോയിലെ ആന്റെസ്‌കോ ലബോറട്ടറീസിൽ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു.
28 ഉത്പന്നങ്ങൾ പരിശോധിപ്പിച്ചതിൽ 26 എണ്ണത്തിലും ഗ്ലൈഫോസേറ്റ് കണ്ടെത്തി. എൻവയൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസിയുടെ കണക്കനുസരിച്ച് ഭക്ഷ്യവസ്തുക്കളിൽ ഗ്ലൈഫോസേറ്റിന്റെ അനുവദനീയമായ അളവ് 5.0 പിപിഎം (പാർട്‌സ് പെർ മില്യൺ) ആണ്. എന്നാൽ, എൻവയൺമെന്റൽ വർക്കിങ് ഗ്രൂപ്പിന്റെ വിശകലനമിസരിച്ച് 160 പിപിബി (പാർട്‌സ് ബെർ ബില്യൺ)യിൽ കൂടുതൽ ഗ്ലൈഫോസേറ്റുള്ള ഉത്പന്നങ്ങൾ സുരക്ഷിതമല്ല. ഇതതനുസരിച്ച് ക്വാക്കർ ഓട്മീൽ സ്‌ക്വയേഴ്‌സിൽ ഗ്ലൈഫോസേറ്റ് 2837 പപിബി അടങ്ങിയിട്ടുണ്ടെന്നും കണ്ടെത്തി.