കുട്ടികളിലെ പിടിവാശി മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം വലിയ പ്രശ്നം തന്നെയാണ്. കളിചിരിയുടെ വേനലവധിക്കാലം കഴിഞ്ഞ് പഠനത്തികവുമായി സ്‌കൂളിലേക്കു പോകാന്‍ തുടങ്ങിയിരിക്കുന്നു കുട്ടികള്‍. കൂട്ടുകാരുടേതുപോലുള്ള വസ്ത്രങ്ങള്‍ക്കും കളിപ്പാട്ടങ്ങള്‍ക്കും എന്തിന് മൊബൈല്‍ഫോണിനും കംപ്യൂട്ടറിനും ബൈക്കിനും വരെ വാശിപിടിച്ച് ഗൃഹാന്തരീക്ഷം കലുഷിതമാക്കുന്ന കുട്ടിവീരന്‍മാരും കുറവല്ല.
ആവശ്യം നേടാന്‍ വേണ്ടി ഉപവാസം നടത്തിയും വീടുവിട്ട് പോയും ആത്മഹത്യാ ഭീഷണി മുഴക്കിയും കാര്യം കാണാന്‍ ശ്രമിക്കുന്ന തരത്തിലുള്ള പ്രശ്നങ്ങള്‍ അത്ര നിസാരമായി തള്ളിക്കളയാതിരിക്കുക.അത് ചിലപ്പോള്‍ പലതരം ഗുരുതര പ്രശ്നങ്ങളിലേക്കും വഴിതെളിക്കാം. കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി മക്കളെ പഠിപ്പിച്ച് മിടുക്കന്‍മാരാക്കാന്‍ പ്രയത്നിക്കുന്ന മാതാപിതാക്കള്‍ക്ക് മക്കളുടെ പിടിവാശി പലപ്പോഴും താങ്ങാനാവുന്നതിലും അപ്പുറമാണ്.
ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം' എന്നപോലെയാണ് പിടിവാശിയുടെ കാര്യവും. ഇത്തരം വാശിക്ക് വളംവച്ചു കൊടുത്താല്‍ പിന്നീട് മുന്നോട്ട് പോകുന്തോറും കുട്ടികള്‍ കൂടുതല്‍ വാശിക്കാരായി മാറിക്കൊണ്ടേയിരിക്കും.
'കുട്ടികള്‍ ഒരു ശൂന്യമായ സ്ലേറ്റാണെന്നാണ്' പ്രശസ്ത മനഃശാസ്ത്രജ്ഞനായ ജോണ്‍ ലോക്ക് പറയുന്നത്. ആ സ്ലേറ്റില്‍ നമുക്ക് എന്തും എഴുതാം. സ്നേഹത്തിന്റെയോ നൈര്‍മല്യങ്ങളുടെയോ, ക്രൂരതയുടെയോ വിത്തു വിതയ്ക്കാം.
അങ്ങനെ പല സ്വഭാവങ്ങള്‍പോലെ അമിത പിടിവാശി എന്ന പെരുമാറ്റ വൈകല്യവും കുട്ടികളിലെ വ്യക്തിത്വ വികാസത്തെ സ്വാധീനിക്കാം. കുട്ടി ജീവിക്കുന്ന സമൂഹവും ചുറ്റുപാടും, കുടുംബവും കൂട്ടുകാരും എല്ലാം അവന്റെ സ്വഭാവത്തെ സ്വാധീനിക്കും.