ഗര്‍ഭിണിയാണോ അല്ലയോ എന്ന് പരിശോധിക്കാന്‍ നിരവധി മാര്‍ഗങ്ങള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. വളരെ ലളിതമായി വീട്ടിലിരുന്ന് തന്നെ ഇക്കാര്യം സ്ഥിരീകരിക്കുന്നതിന് സഹായിക്കുന്ന പ്രെഗ്‌നന്‍സി ടെസ്റ്റ് കിറ്റുകളുണ്ട്. എന്നാല്‍, ഈ കിറ്റുകളിലൂടെ ലഭിക്കുന്ന ഫലം തെറ്റാണെങ്കിലോ?
ചൈനയില്‍ നിര്‍മ്മിക്കുന്ന ക്ലിയര്‍ ആന്‍ഡ് സിംപിള്‍ പ്രെഗ്‌നന്‍സി ടെസ്റ്റ് കിറ്റാണ് ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് വ്യാജഗര്‍ഭമുണ്ടാക്കിയത്. വിപണിയില്‍നിന്ന് ക്ലിയര്‍ ആന്‍ഡ് സിംപിള്‍ ടെസ്റ്റിങ് കിറ്റ് ഉദ്പാദകര്‍ തിരിച്ചുവിളിച്ചതോടെയാണ് ഇതുപയോഗിച്ച് ഗര്‍ഭം സ്ഥിരീകരിച്ച പലരും തങ്ങളുടേത് യഥാര്‍ഥമാണോ എന്ന സംശയത്തിലായത്.
മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്കെയര്‍ പ്രോഡ്ക്ട്്സ് റെഗുലേറ്ററി ഏജന്‍സി(എംഎച്ച്ആര്‍എ)യാണ് ക്ലിയര്‍ ആന്‍ഡ് സിംപിള്‍ ടെസ്റ്റിങ് കിറ്റിന്റെ ഒരു ബാച്ച് തെറ്റായ പോസിറ്റീവ് റീഡിങ്ങാണ് നല്‍കുന്നതെന്ന വിവരം പുറത്തുവിട്ടത്. തുടര്‍ന്ന് കമ്പനി വിപണിയില്‍ ശേഷിക്കുന്ന കിറ്റുകള്‍ പിന്‍വലിക്കുകയും ചെയ്തു. കഴിഞ്ഞദിവസം മാത്രമാണ് ഇക്കാര്യം ഏജന്‍സി പുറത്തുവിട്ടതെങ്കിലും, തിരിച്ചുവിളിക്കാനുള്ള അറിയിപ്പ് ഒരുമാസം മുന്നെ നല്‍കിയിരുന്നുവെന്നാണ് സൂചന. ഇക്കാലയളവിനിടെ ഈ ബാച്ചില്‍പ്പെട്ട കിറ്റ് ഉപയോഗിച്ച് പരിശോധിച്ചവര്‍ക്കും തെറ്റായ വിവരമായിരിക്കാം ലഭിച്ചിരിക്കുകയെന്ന ആശങ്കയും ഇതോടെ ശക്തമായി.
ഇതിനകം തന്നെ പരാതിയുമായി പല സ്ത്രീകളും രംഗത്തെത്തിയിട്ടുണ്ട്. 22-കാരിയായ റസ്റ്ററന്റ് ജീവനക്കാരി താന്‍ ഗര്‍ഭിണിയാണെന്ന് ഈ കിറ്റ് ഉപയോഗിച്ച് സ്ഥിരീകരിച്ചിരുന്നു. താനും കാമുകനും വളരെയേറെ സന്തോഷത്തിലായിരുന്നുവെന്നും ഈ വാര്‍ത്ത വന്നതിനെത്തുടര്‍ന്ന് വീണ്ടും പരിശോധിച്ചപ്പോള്‍ ഗര്‍ഭിണിയല്ലെന്ന് തിരിച്ചറിഞ്ഞതായും അവര്‍ പറയുന്നു. ക്ലിയര്‍ ആന്‍ഡ് സിംപിള്‍ ഉപയോഗിച്ച് ഗര്‍ഭം സ്ഥിരീകരിച്ചവരോട് മറ്റു മാര്‍ഗങ്ങളിലൂടെ ഒരിക്കല്‍ക്കൂടി ഗര്‍ഭം സ്ഥിരീകരിക്കാന്‍ എംഎച്ച്ആര്‍എ ആവശ്യപ്പെട്ടിട്ടുണ്ട്.