Latest News

എത്രമാത്രം സ്‌നേഹിച്ചു എന്നിട്ടും എന്റെ മക്കള്‍ എന്നോട് അങ്ങനെ ചെയ്തല്ലോ.? സ്‌നേഹം കുട്ടികള്‍ക്ക് മനസ്സിലാക്കാതെ പോകുന്നത് എന്ത്‌കൊണ്ട്.?

Malayalilife
 എത്രമാത്രം സ്‌നേഹിച്ചു എന്നിട്ടും എന്റെ മക്കള്‍ എന്നോട് അങ്ങനെ ചെയ്തല്ലോ.?  സ്‌നേഹം കുട്ടികള്‍ക്ക് മനസ്സിലാക്കാതെ പോകുന്നത് എന്ത്‌കൊണ്ട്.?

ക്കളെ ശാസിക്കുകയോ ശിക്ഷിക്കുകയോ ചെയ്യുമ്പോള്‍ ഒരിക്കലെങ്കിലും അവരുടെ നാവില്‍ നിന്ന് നാം ഇങ്ങനെയൊന്ന് കേട്ടിരിക്കാന്‍ സാധ്യതയുണ്ട്. ''അമ്മയ്ക്കെന്നെ ഇഷ്ടമില്ലാത്തതുകൊണ്ടല്ലേ'' എനിക്കറിയാം അമ്മയെന്നെ ഒരിക്കലും സ്നേഹിച്ചിട്ടില്ല. അതുകേള്‍ക്കുമ്പോള്‍ എന്തൊരു വേദനയായിരിക്കും മനസ്സിലുണ്ടാവുക. കാരണം മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് നമുക്ക് മാത്രം മനസ്സിലാവുന്ന കാര്യമാണ്. എന്നിട്ടും മക്കള്‍ പറയുന്നത് അവരെ നാം സനേഹിച്ചിട്ടേയില്ല എന്നാണ്. ഇവിടെ യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചത്? നാം നല്‍കിയ സ്നേഹം അവര്‍ക്ക് മനസ്സിലായില്ലെന്നോ. അതോ സ്നേഹം പ്രകടിപ്പിക്കുന്ന കാര്യത്തില്‍ നമുക്ക് വീഴ്ച സംഭവിച്ചുവെന്നോ.സ്നേഹിക്കുന്നു എന്ന് നാം മക്കളോട് പറയണം. എന്നാല്‍ പറയുന്നതുകൊണ്ടുമാത്രം അവര്‍ക്ക് സ്നേഹിക്കപ്പെടുന്നു എന്ന ഫീല്‍ ഉണ്ടാവണം എന്ന് നിര്‍ബന്ധവുമില്ല. അവര്‍ക്കത് അനുഭവിക്കാനാകണം കാരണം വാക്കുകളേക്കാള്‍ പ്രവൃത്തികള്‍ നോക്കുന്ന മക്കളുടെ കാലമാണ് ഇത്. അതുകൊണ്ട് മക്കളെ സ്നേഹിക്കുന്നു എന്ന് അവകാശപ്പെടുന്ന അമ്മമാരെല്ലാം ഇങ്ങനെ ചില കാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കുന്നത് നല്ലതായിരിക്കും. പറയാതെ പറയാം നമുക്ക് നമ്മുടെ മക്കളോട് ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നുവെന്ന്. ഇതാ അതിനുള്ള ചില നിര്‍ദ്ദേശങ്ങള്‍

നമ്മുടെ ആശയവിനിമയത്തിന്റെ അറുപത് ശതമാനവും വ്യക്തമാക്കപ്പെടുന്നത് ശരീരഭാഷയിലൂടെയാണ് എന്നതാണ് സത്യം. അതുകൊണ്ട് മക്കളോടുള്ള നമ്മുടെ സ്നേഹം പ്രകടിപ്പിക്കാന്‍ കഴിയുന്ന ഏറ്റവും എളുപ്പമാര്‍ഗ്ഗങ്ങളിലൊന്നാണ്  അവരെ ആലിംഗനം ചെയ്യുന്നതും അവര്‍ക്ക് ഉമ്മ കൊടുക്കുന്നതും.മിക്ക മാതാപിതാക്കളുടെയും തെറ്റായ ധാരണകളിലൊന്ന് ഒരു നിശ്ചിതപ്രായം കഴിഞ്ഞാല്‍ പിന്നെ മക്കളെ കെട്ടിപ്പിടിക്കുകയോ ഉമ്മ വയ്ക്കുകയോ ചെയ്യേണ്ടതില്ല എന്നാണ്. ഇത് തെറ്റായ വിചാരമാണ്. ഓരോ ആലിംഗനവും സ്നേഹത്തിന്റെ സ്പര്‍ശമാണ്. നമ്മുടെ കണ്ണുകളില്‍ മക്കള്‍ എത്രയോ വിലപ്പെട്ടവരും പ്രധാനപ്പെട്ടവരുമാണ് എന്ന് തിരിച്ചറിയാനുള്ള ഫലപ്രദമായ മാര്‍ഗ്ഗമാണ് നമ്മള്‍ അവര്‍ക്ക് നല്‍കുന്ന ഓരോ ആലിംഗനവും ചുംബനവും. നമ്മുടെ സ്നേഹം അവര്‍ക്ക് അതിലൂടെ അനുഭവിക്കാനും കഴിയും.

പല മാതാപിതാക്കള്‍ക്കും മക്കള്‍ക്കൊപ്പം ചെലവഴിക്കാന്‍ സമയം കിട്ടാറില്ല. ഓഫീസും വീടും മൊബൈലും ചേര്‍ന്ന് അവരുടെ സമയം അപഹരിക്കുമ്പോള്‍ മക്കള്‍ക്ക് നഷ്ടമാകുന്നത്  മാതാപിതാക്കളുടെ സാമീപ്യമാണ്. അതുകൊണ്ട് മക്കള്‍ക്കൊപ്പം ഏതു തിരക്കിലും  മക്കള്‍ക്കൊപ്പം ചെലവഴിക്കാന്‍ ഇത്തിരി സമയം നീക്കിവയ്ക്കുക. ആ സമയം ഒരിക്കലും ജീവിതത്തിലെ നഷ്ടമല്ല മറിച്ച് ഭാവിയിലേക്കുള്ള നിക്ഷേപമാണ്.ഫിസിക്കല്‍ പ്രസന്‍സ് കൊണ്ടുമാത്രമായില്ല മക്കളെ കേള്‍ക്കാനും തയാറാകണം. അവര്‍ക്കുമുണ്ടാകും പറയാന്‍ നൂറുകൂട്ടം കാര്യങ്ങള്‍. അതുപോലെ കുടുംബത്തെ മുഴുവന്‍ സംബന്ധിക്കുന്ന കാര്യങ്ങളില്‍ അവരുടെ അഭിപ്രായവും ചോദിക്കുക. അതും കണക്കിലെടുത്തു വേണം തീരുമാനങ്ങള്‍ നടപ്പില്‍ വരുത്തുവാന്‍. അവരുടെ ആശയങ്ങള്‍ക്കും ചിന്തകള്‍ക്കും  വില കല്‍പ്പിക്കുന്നുവെന്ന് മനസ്സിലാക്കുന്നതിലൂടെ  തങ്ങള്‍ അംഗീകരിക്കപ്പെടുന്നു എന്ന് അവര്‍ തിരിച്ചറിയുന്നു.

മക്കളെ വിശ്വസിക്കുന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. പല മാതാപിതാക്കള്‍ക്കും മക്കളെ വിശ്വസിക്കാന്‍ മടിയാണ്. അവര്‍ തങ്ങളെ കബളിപ്പിക്കുകയാണോ ഫൂളാക്കുകയാണോ എന്ന ചിന്ത മാതാപിതാക്കളെ അലട്ടുന്നുണ്ട്. അതുകൊണ്ട് മക്കള്‍ക്ക് സ്വാതന്ത്ര്യം നല്‍കാനും മടിക്കുന്നു. മക്കള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നത് അവരെ നാം വിശ്വസിക്കുന്നു എന്നതിന്റെ തെളിവാണ്. നാം കൊടുക്കുന്ന താക്കീതുകള്‍ ആരോഗ്യപരമായിരിക്കാനും ശ്രദ്ധിക്കണം. പുതിയ കാര്യങ്ങള്‍ ചെയ്യാനും വിജയം വരിക്കാനും വെല്ലുവിളികള്‍ ഏറ്റെടുക്കാനും മക്കള്‍ക്ക് കരുത്തു ലഭിക്കുന്നത് അവരെ നാം വിശ്വസിക്കുമ്പോഴാണ്.ബഹുമാനം ഏതൊരു ബന്ധത്തിന്റെയും അടിസ്ഥാനമാണ്. മക്കളോടും നമുക്ക് ഇത്തിരിയൊക്കെ ബഹുമാനവും ആദരവും ആകാം. കാരണം മക്കളും വ്യക്തികളാണല്ലോ.. 

മക്കള്‍ നമ്മുടെ അടിമകളാണെന്നും നാം ആണ് അവരെ വളര്‍ത്തുകയും പരിപാലിക്കുകയും ചെയ്യുന്നതെന്നുമുള്ള ഒരുതരത്തിലുള്ള മേല്‍ക്കോയ്മ മനോഭാവമാണ് മക്കളെ ആദരിക്കുന്നതില്‍ നിന്നും നമ്മെ പിന്തിരിപ്പിക്കുന്നത്.  പ്രായപൂര്‍ത്തിയാകുന്നതോടെ മക്കളുംനമുക്കൊപ്പമെത്തിയിരിക്കുന്നുവെന്ന ചിന്ത നല്ലതാണ്.വിജയിക്കുമ്പോള്‍ മാത്രമല്ല മക്കളുടെ പരാജയങ്ങളിലും അവരുടെ കൂടെനില്‍ക്കേണ്ടവരാണ് മാതാപിതാക്കള്‍. പക്ഷേ അങ്ങനെയുള്ള മാതാപിതാക്കള്‍ വളരെ കുറവാണ്. വിജയിക്കുമ്പോള്‍ നാം അതിന്റെ പങ്കുപറ്റാന്‍ ചെല്ലുന്നുവെങ്കില്‍ മക്കളുടെ പരാജയങ്ങളിലും നാം അവരുടെ ഒപ്പം നില്‍ക്കണം. കരുത്തായും താങ്ങായും തണലായും. നേട്ടങ്ങളില്‍ മാത്രമല്ല നീ എനിക്ക് സ്വന്തമെന്നും ഇപ്പോള്‍ പരാജയപ്പെട്ട അവസ്ഥയിലും നീയെന്റേതുതന്നെ എന്ന് നാം നല്‍കുന്ന ഉറപ്പ് മക്കളെ എത്രയധികം ആശ്വസിപ്പിക്കുമെന്നോ? ജീവിതത്തില്‍ തെറ്റുപറ്റുമ്പോഴും മക്കള്‍ക്ക് അത് ഏറ്റുപറയാനും തിരികെ വരാനുമുള്ള ധൈര്യം ലഭിക്കുന്നത് നാം അവരെ ഏതവസ്ഥയിലും സ്നേഹിക്കുകയും സ്വീകരിക്കുകയും ചെയ്യും എന്ന ഉറപ്പുകിട്ടുമ്പോഴാണ്.

മക്കള്‍ക്ക് മതിയായ സുരക്ഷിതത്വബോധം നല്‍കുക. പല കുട്ടികളുടെയും മനസ്സില്‍ അരക്ഷിതാവസ്ഥയുണ്ട്. മാതാപിതാക്കളില്‍ നിന്ന് അവര്‍ക്ക് മതിയായ സംരക്ഷണം കിട്ടാത്തതാണ് ഇതിനുള്ള കാരണം. എന്നാല്‍ അമിതമായ സംരക്ഷണം നല്‍കരുതെന്നും ഓര്‍മ്മിപ്പിക്കട്ടെ. അത് ഗുണത്തെക്കാളേറെ ദോഷം ചെയ്യും.മക്കളോട് ഒരിക്കലും നുണ പറയരുത്. നമ്മള്‍ പറഞ്ഞ ഒരു കാര്യം പിന്നീട് നുണയാണെന്ന് തിരിച്ചറിയുമ്പോള്‍ അത് മക്കളിലേല്‍പ്പിക്കുന്ന ആഘാതം വളരെ വലുതായിരിക്കും. മക്കള്‍ നമ്മെ വിശ്വസിക്കുകയും ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യണമെങ്കില്‍ അവരുടെ മുമ്പില്‍ നാം സത്യസന്ധരും സുതാര്യരുമായിരിക്കണം. ഏതൊരു ബന്ധത്തിലും അടി്സ്ഥാനമായി നില്‍ക്കേണ്ടതും ഉണ്ടായിരിക്കേണ്ടതും സത്യസന്ധത തന്നെയാണല്ലോ അങ്ങനെയെങ്കില്‍ മക്കളുമായുള്ള ബന്ധത്തിലും നാം അത് നിലനിര്‍ത്തേണ്ടിയിരിക്കുന്നു. നുണയാണ് പറഞ്ഞതെന്ന് ബോധ്യപ്പെട്ടാല്‍ മക്കളുടെ വിചാരം  നാം അവരെ സ്നേഹിക്കുന്നില്ല എന്നു തന്നെയാണ്.

Read more topics: # family,# care,# children
family, care, children

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES