വീട് നിര്‍മാണത്തിന്റെ അവസാനഘട്ടമാണ് പെയ്ന്റിങ്.എന്നാല്‍ വീടു പണിയുമ്പോള്‍ ഏറെ ശ്രദ്ധപുലര്‍ത്തേണ്ട മേഖലയും അത് തന്നെ. ഏതൊരു വസ്തുവിന്റെയും ഭംഗി നിര്‍ണയിക്കുന്നത് അതിനു നല്‍കിയിരിക്കുന്ന നിറം തന്നെയാണെന്നുളളതില്‍ യാതൊരു സംശയവുമില്ല.എത്ര മനോഹര നിര്‍മിതിയാണെങ്കിലും കൊടുത്ത നിറങ്ങള്‍ മോശമാണെങ്കില്‍ 'ഇവന്‍ ഈ വീട് നശിപ്പിച്ചുകളഞ്ഞാലോ' എന്നാകും കാണുന്നവര്‍ പറയുന്നത്. എന്നാല്‍ ചെറിയ വീടുകള്‍ പോലും അതിന്റെ നിറങ്ങളുടെ പ്രത്യേകതകൊണ്ട് തലയുയര്‍ത്തി നില്‍ക്കുന്നത് കാണാം.
വീടുകളിലെ വ്യത്യസ്തത നിര്‍ണയിക്കുന്നത് അതിന്റെ നിറങ്ങളാണ്. അതുകൊണ്ട് തന്നെ വീടിന്റെ ഇന്റീരയറിനും എക്സ്റ്റീരിയറിനും പ്രത്യേകം പെയ്ന്റ്ുകള്‍ നല്‍ക്കുന്നത് ഉചിതമാണ്. പുറം ചുവരുകള്‍ക്ക് ഇരുണ്ട് നിറം നല്‍കുന്നത് വീട്ടിന് ചൂട് കൂട്ടുന്നതിന് കാരണമാകുന്നതിനാല്‍ പുറം ചുവരുകള്‍ക്കു പരമാവധി ഇളംനിറങ്ങള്‍ ഉപയോഗിക്കുക. കിടപ്പുമുറി, പഠനമുറി, പൂജാമുറി, അടുക്കള തുടങ്ങി ഓരോ ഭാഗത്തിന്റേയും പ്രാധാന്യം അറിഞ്ഞുള്ള നിറങ്ങള്‍ വേണം തിരഞ്ഞെടുക്കാന്‍. ഓരോ മുറിക്കും അനുയോജ്യമായ ഷെയിഡുകള്‍ കമ്പനികള്‍ പുറത്തിറക്കിയിട്ടുള്ള ഷെയിഡ് കാര്‍ഡില്‍ നിന്നും തിരഞ്ഞെടുക്കാം
സിമന്റ് പെയിന്റുകള്‍ക്കു വില കുറവാണെങ്കിലും ഇമല്‍ഷന്‍ പെയ്ന്റുകള്‍ ഉപയോഗിക്കുന്നതാണ് ചുവരുകള്‍ക്ക് കൂടുതല്‍ ഫിനീഷിങ്ങ് ലഭിക്കുന്നതിനും തിളക്കം നഷ്ടപ്പെടുത്താതെ സീക്ഷിക്കുന്നതിനും ഏറെ സഹായിക്കും.അഴുക്കു പറ്റിയാല്‍ കഴുകി വൃത്തിയാക്കാമെന്ന ഗുണവും ഇതിനുണ്ട്.ചുമരില്‍ കൊടുക്കുന്ന പെയ്ന്റുകളെല്ലാം വെള്ളം ചേര്‍ത്തുവേണം ഉപയോഗിക്കാന്‍. അഴുക്കുപറ്റാന്‍ സാധ്യതയുള സ്ഥലങ്ങളില്‍ ഇളം നിറങ്ങള്‍ക്കു പകരം കടുത്ത നിറങ്ങള്‍ ഉപയോഗിക്കാം. പക്ഷേ ചൂടിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള തരം പെയിന്റുകള്‍ വേണം തിരഞ്ഞെടുക്കാന്‍.
അതുപോല തന്നെ വീടിന്റെ നിര്‍മാണത്തില്‍ ശാസ്ത്രത്തിനും വലിയ പങ്കുണ്ട്. അതായത് പെയ്ന്റുകള്‍ തിരഞ്ഞെടുമ്പോള്‍ കിടപ്പുമുറികളില്‍ ഇരുണ്ട നിറം ഉപയോഗിക്കുന്നത് പ്രഭാതത്തിലെ പ്രസരിപ്പ് ഇല്ലാതാക്കുമെന്നാണ് കണ്ടെത്തല്‍. അതുപോലെ തന്നെ വീടുകളില്‍ ഉപയോഗിക്കുന്ന നിറങ്ങള്‍ക്ക് താമസക്കാരുടെ മാനസികാവസ്ഥയെ ബാധിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാകുന്നുണ്ട്.