കുട്ടി ഒന്നും കഴിക്കുന്നില്ല... മിക്ക അമ്മമാരുടെയും പരാതിയാണിത്. എത്ര നിര്‍ബന്ധിച്ചാലും ഭക്ഷണം കഴിക്കാന്‍ ചിലപ്പോള്‍ മക്കള്‍ തയാറാകില്ല. മക്കളെ ഭക്ഷണം കഴിപ്പിക്കുന്നത് യുദ്ധത്തിന് സമമാണ് പല വീടുകളിലും. കുട്ടിക്കാലത്ത് കൃത്യമായി ഭക്ഷണം കഴിച്ചില്ലെങ്കില്‍ പല ആരോഗ്യപ്രശ്നങ്ങളുമുണ്ടാകും. കുട്ടികളുടെ വിശപ്പില്ലായ്മയും അവ പരിഹരിക്കാനുള്ള മാര്‍ഗങ്ങളും നോക്കാം.
സാധാരണ സംഭവം
രണ്ടു മുതല്‍ എട്ടു വയസുവരെയുള്ള കുട്ടികളില്‍ വിശപ്പില്ലായ്മയും ഭക്ഷണം കഴിക്കാനുള്ള മടിയും സാധാരണ കണ്ടുവരാറുണ്ട്. മുലപ്പാല്‍ കുടിക്കുന്ന കാലത്താണെങ്കില്‍ ഇതു വളരെ സാധാരണവുമാണ്. ആവശ്യമുള്ള പോഷകങ്ങള്‍ മുലപ്പാലിലൂടെ ലഭിക്കുന്നുണ്ട്. ഇതിനാല്‍ വലിയ ടെന്‍ഷന്റെ ആവശ്യമില്ല. പഴങ്ങളും പോഷകസമ്പുഷ്ടമായ ഭക്ഷണങ്ങളും ഈ സമയത്ത് നല്‍കുക. ഭക്ഷണങ്ങള്‍ കുട്ടികള്‍ക്ക് ഇഷ്ടമാകുന്ന തരത്തില്‍ തയാറാക്കി നല്‍കണം. പഴങ്ങളും പച്ചക്കറിലും ചേര്‍ത്ത് തയാറാക്കുന്ന സാലഡ്, ജ്യൂസ് എന്നിവ ഭക്ഷണം കഴിക്കാന്‍ മടിക്കുന്ന കുട്ടികള്‍ക്കു നല്‍കാം.
പല കാരണങ്ങള്‍
ഭക്ഷണം നന്നായി കഴിച്ചില്ലെങ്കിലും ചിലപ്പോള്‍ കുട്ടികള്‍ക്ക് പ്രശ്നങ്ങളൊന്നുമുണ്ടാകില്ല. ആവശ്യത്തിന് വളര്‍ച്ച, തൂക്കം, ഉത്സാഹം എന്നിവയുണ്ടെങ്കില്‍ വിശപ്പില്ലായ്മ ഗൗരവമായി എടുക്കേണ്ടതില്ല. വിളര്‍ച്ച, രക്തക്കുറവ്, വിരശല്യം എന്നിവയുടെ ലക്ഷണമായും വിശപ്പില്ലായ്മയുണ്ടാകാം. ഈ രോഗങ്ങളുടെ ലക്ഷണമുണ്ടെങ്കില്‍ കുട്ടികളെ ഡോക്ടരുടെ അടുത്തെത്തിക്കണം. എന്നാല്‍ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മറ്റു കാരങ്ങള്‍ കൊണ്ടും വിശപ്പില്ലായ്മ അനുഭവപ്പെടാം. പരീക്ഷ, പഠിത്തം ഇവയുടെ ഉത്കണ്ഠ പ്രകടമാകുന്നത് വിശപ്പില്ലായ്മയുടെ രൂപത്തിലാകാം. പെട്ടെന്നുള്ള വിശപ്പില്ലായ്മ അപൂര്‍വ്വമായി ഹൃദയരോഗങ്ങള്‍, ന്യൂമോണിയ, ലുക്കീമിയ തുടങ്ങിയ മാരക രോഗങ്ങളുടെ ലക്ഷണമാകാറുണ്ട്.
ഭക്ഷണം കഴിപ്പിക്കല്‍ തന്ത്രപൂര്‍വം
കഥ പറഞ്ഞാണ് പണ്ടു കാലത്ത് മുത്തശ്ശിമാര്‍ കുട്ടികളെ ഭക്ഷണം കഴിപ്പിച്ചിരുന്നത്.
ആഹാരം കഴിക്കാന്‍ വിമുഖതയുള്ള കുട്ടിക്ക് ആസ്വാദ്യകരമായ രീതിയില്‍ ഭക്ഷണം നല്‍കുകയാണെങ്കില്‍ മിക്കവാറും ഫലം കണ്ടേക്കാം. കഥപറഞ്ഞോ സമപ്രായക്കാരായ കുട്ടികളോടൊപ്പമോ ഭക്ഷണം കഴിക്കുന്നത് മക്കള്‍ക്കും താത്പര്യമായിരിക്കും. അവര്‍ അറിയാതെ തന്നെ ആവശ്യത്തിനു ഭക്ഷണം കഴിക്കാന്‍ ഇത് ഉപകരിക്കും