തെലുങ്ക് സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വിജയ് ദേവരകൊണ്ട-രശ്മിക മന്ദാന വിവാഹത്തിന്റെ ഒരുക്കങ്ങള്‍ രാജസ്ഥാനിലെ ഉദയ്പൂരില്‍ തകൃതിയായി നടക്കുകയാണ്. ഇരുവരും വ്യാഴാഴ്ച ഫെബ്രുവരി 26 വിവാഹിതരാകും. ഉദയ്പൂരിലെ പ്രശസ്തമായ 'മെമെന്റോസ് ബൈ ഐടിസി ഹോട്ടല്‍സ്, ഏക്കായ' റിസോര്‍ട്ടാണ് ഈ സ്വപ്ന വിവാഹത്തിന് വേദിയാകുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ 230 അതിഥികള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുക.
അതീവ രഹസ്യമായി സൂക്ഷിക്കുന്ന വിവാഹച്ചടങ്ങുകളുടെ ദൃശ്യങ്ങള്‍ പുറത്തുപോകാതിരിക്കാന്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിഥികളുടെ മൊബൈല്‍ ക്യാമറകള്‍ക്ക് വേദിയില്‍ വിലക്കുണ്ട്. രാജ്യാന്തര സുരക്ഷാ ഏജന്‍സിയുടെ മേല്‍നോട്ടത്തില്‍ കനത്ത കാവലാണ് റിസോര്‍ട്ടില്‍ ഒരുക്കിയിരിക്കുന്നത്. വിവാഹത്തിനായി റിസോര്‍ട്ടിലെ 117 മുറികളും പൂര്‍ണ്ണമായും ബുക്ക് ചെയ്തിട്ടുണ്ട്.
വിവാഹശേഷം മാര്‍ച്ച് നാലിന് ഹൈദരാബാദില്‍ സിനിമാ മേഖലയിലെ പ്രമുഖര്‍ക്കായി വിപുലമായ വിരുന്നും നടക്കും.
2017-ല്‍ പുറത്തിറങ്ങിയ 'ഗീത ഗോവിന്ദം' എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് വിജയ്-രശ്മിക പ്രണയത്തിന്റെ തുടക്കം. പിന്നീട് 'ഡിയര്‍ കോമ്രേഡ്' എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചെത്തിയതോടെ ഈ ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രി ആരാധകര്‍ ഏറ്റെടുത്തു. വര്‍ഷങ്ങളായി ഇരുവരുടെയും പ്രണയത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ പരന്നിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല. ഒടുവില്‍ എല്ലാ ഗോസിപ്പുകള്‍ക്കും വിരാമമിട്ടാണ് സിനിമാ ലോകത്തെ ഈ പ്രിയ ജോഡികള്‍ ഒന്നാകുന്നത്.
ദമ്പതികള്‍ക്ക് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തി.''2026 ഫെബ്രുവരി 26ന് നടക്കാന്‍ പോകുന്ന വിജയിയുടെയും രശ്മികയുടെയും വിവാഹത്തിന് എന്നെ ക്ഷണിച്ചതില്‍ വലിയ സന്തോഷം. ഈ സന്തോഷകരവും മംഗളകരവുമായ അവസരത്തില്‍ ദേവരകൊണ്ട, മന്ദാന കുടുംബങ്ങള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നു.
വിജയിയുടെയും രശ്മികയുടെയും ജീവിതത്തിലെ പുതിയതും മനോഹരവുമായ ഒരു അധ്യായത്തിന്റെ തുടക്കമാണിത്. 'സഖ സപ്തപദ ഭവ' (ഏഴ് ചുവടുകള്‍ ഒന്നിച്ച് വെച്ച് സുഹൃത്തുക്കളായി മാറുക) എന്ന സങ്കല്പത്തിലൂടെ, അവര്‍ ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന സുഹൃത്തുക്കളായി മാറുന്നു. വിജയിയും രശ്മികയും സിനിമയിലെ തിരക്കഥകള്‍ക്ക് പുതിയവരല്ല. എന്നാല്‍ സ്നേഹവും വാത്സല്യവും നിറഞ്ഞ, ദൈവം നിശ്ചയിച്ച അവരുടെ യഥാര്‍ത്ഥ ജീവിതത്തിലെ ഈ അധ്യായം, വെള്ളിത്തിരയില്‍ അവര്‍ സൃഷ്ടിച്ച മാന്ത്രികതയേക്കാള്‍ തിളക്കമുള്ളതായിരിക്കും.
വരാനിരിക്കുന്ന ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും പങ്കിട്ട സ്വപ്നങ്ങളാലും അവയുടെ പൂര്‍ത്തീകരണത്താലും നിറയട്ടെ. പരസ്പരമുള്ള കരുതലോടും സ്നേഹത്തോടും കൂടി, ഉത്തരവാദിത്തങ്ങള്‍ പങ്കിട്ടും, പരസ്പരമുള്ള പോരായ്മകളെ അംഗീകരിച്ചും, കരുത്തുകളില്‍ നിന്ന് പഠിച്ചും യഥാര്‍ത്ഥ പങ്കാളികളായി അവര്‍ക്ക് ജീവിതയാത്ര തുടരാനാകട്ടെ. ഈ സുപ്രധാന വേളയില്‍ ദമ്പതികള്‍ക്കും കുടുംബങ്ങള്‍ക്കും എന്റെ അനുഗ്രഹങ്ങളും ആശംസകളും നേരുന്നു'', എന്നാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍.