രണ്ടു വയസ്സിന് മുമ്പ് കുട്ടികളെ ശിക്ഷിക്കാത്ത രക്ഷിതാക്കള്‍ വിരളമാണ്. നിസ്സാര കാരണത്തിനുപോലും കൈ കൊണ്ടെങ്കിലും അടിച്ചിരിക്കും. സ്‌കൂള്‍ പഠനകാലമാകുമ്പോള്‍ വായിക്കാത്തതിനും എഴുതാത്തതിനും മാര്‍ക്ക് കുറഞ്ഞതിനും ശകാരവും ശിക്ഷയുമായി കുടുംബാന്തരീക്ഷം മലിനപ്പെടുന്നു. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നുവെന്ന പഠനം രക്ഷിതാക്കള്‍ നടത്തുന്നില്ല. കാരണം രക്ഷിതാവാകാനുള്ള പരിശീലനമോ വിദ്യാഭ്യാസമോ ലഭിക്കാതെയാണ് ഈ റോളിലേക്ക് വരുന്നത്. ഹിറ്റ്ലറിന് പോസിറ്റീവ് സ്ട്രോക്കല്ല, മറിച്ച് നെഗറ്റീവ് സ്ട്രോക്കായിരുന്നു ലഭിച്ചത്. ഒരു വ്യക്തിയുടെ വാക്കിനാലും പ്രവൃത്തിയാലും മറ്റൊരു വ്യക്തിയുടെ മനസ്സിലുണ്ടാകുന്ന മുറിവ് നെഗറ്റീവ് സ്ട്രോക്കാണ്. ഇത് ചിലപ്പോള്‍ വിപരീത ഫലം ഉളവാക്കും. കുഞ്ഞുങ്ങളില്‍ കാണുന്ന തെറ്റിനെ നിശിതമായി വിമര്‍ശിക്കുന്നതിനു പകരം ലളിത ശൈലിയില്‍ ബോധ്യപ്പെടുത്തികൊടുത്താല്‍ നന്നായിരിക്കും. ശപിക്കുന്നതും മറ്റും ഒരിക്കലും യോജിച്ചതല്ല.
കുട്ടികള്‍ക്ക് കിട്ടുന്ന അവഗണനകള്‍, നെഗറ്റീവ് സ്ട്രോക്കുകള്‍ നിരവധിയാണ്. മണ്ടന്‍, പൊട്ടന്‍, എന്തിനാണ് നീ സ്‌കൂളില്‍ പോവുന്നത്? പോത്തുപോലെ കയറിവരുന്നു, എന്താടോ പഠിച്ചാല്? വല്ല ഹോട്ടല്‍ ജോലിക്കും പോയിക്കൂടായിരുന്നോ? പൊട്ടനെപ്പോലെ ഇരിക്കും, മനുഷ്യന്റെ സൈ്വര്യം കെടുത്തുന്നു, പറഞ്ഞാല്‍ തിരിയാത്ത ജന്തു, നീയൊന്നും പഠിച്ചിട്ട് കാര്യമില്ല, നിന്നെക്കൊണ്ടൊന്നും ആവില്ല, തിന്നാന്‍ മാത്രം അറിയാം! പത്താം ക്ലാസില്‍ എത്തുന്നതിനു മുമ്പ് പലപ്പോഴും കുട്ടികള്‍ക്ക് ലഭിക്കുന്ന നെഗറ്റീവ് സ്ട്രോക്കുകളാണിവ. ഇത് അവരുടെ ഉപബോധ മനസ്സിലേക്ക് തള്ളിവിടുന്നു. അതുപോലെ ആവാന്‍ ശ്രമിക്കുന്നു. അവരുടെ മനസ്സ് സ്‌കാന്‍ ചെയ്യാന്‍ രക്ഷിതാക്കള്‍ തയ്യാറാവുന്നുവെങ്കില്‍ വായിച്ചെടുക്കാന്‍ ചില വാചകങ്ങളുണ്ടാകുമായിരുന്നു. ഇവരെയൊക്കെ ഒരു പാഠം പഠിപ്പിക്കണം, എനിക്ക് എന്തിനാണ് ഇവര്‍ ജന്മം നല്‍കിയത്? മരിച്ചാല്‍ മതിയായിരുന്നു! നാട് വിട്ട് പോയാല്‍ കൊള്ളാം. തുടങ്ങിയവ അവരുടെ മനസ്സില്‍ തിളച്ചു മറിയുന്നുണ്ടാകും.
ഭക്ഷണവും വസ്ത്രവും മറ്റു കാര്യങ്ങളും കുഞ്ഞുങ്ങള്‍ക്ക് ലഭിക്കുന്നു. അതേ സ്ഥാനത്ത്, നെറ്റിയില്‍ ഒരു ചുംബനം മാതാപിതാക്കളില്‍ നിന്നു ലഭിക്കുന്നില്ല. പരീക്ഷയില്‍ പാസായ വിവരം വന്നുപറയുമ്പോള്‍ ഒരു ഷൈക്ഹാന്‍ഡ് കിട്ടുന്നില്ല. സ്ലേറ്റില്‍ 'വലിയ ശരി' വാങ്ങി വരുന്ന കുഞ്ഞിനു 'വളരെ നന്നായിട്ടുണ്ട് മോനേ' എന്ന അംഗീകാരത്തിന്റെ വചനം ലഭിക്കുന്നില്ല. സ്റ്റേജില്‍ കയറി ഗാനമാലപിച്ചു കഴിഞ്ഞ് ഇറങ്ങിവരുമ്പോള്‍ തോളില്‍ തട്ടി 'ഇനിയും ഉഷാറാവണം, പാട്ട് ഞാന്‍ ആസ്വദിച്ചു' എന്ന അഭിനന്ദനം കുട്ടികളെ തേടിയെത്തുന്നില്ല. സ്നേഹ സ്പര്‍ശനവും നോട്ടവും ആലിംഗനവും തലോടലും പഞ്ചേന്ദ്രിയം ആഗ്രഹിക്കുന്നു. സ്നേഹത്തിന് ഓരോരുത്തരും ദാഹിക്കുന്നു. അതു ലഭിക്കാതിരിക്കുമ്പോള്‍ വികൃതിയിലൂടെ നെഗറ്റീവ് സ്ട്രോക്ക് ചോദിച്ചുവാങ്ങുന്നു.