'ചിക്‌നി ചമേലി' എന്ന ഗാനം ലൈവായി ആലപിച്ചതിനെ തുടര്‍ന്നുണ്ടായ വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും വിശദീകരണവുമായി ഗായിക ഗായിക ശ്രേയ ഘോഷാല്‍. ഇത്തരം ഗാനങ്ങള്‍ ഇനി റെക്കോര്‍ഡ് ചെയ്യില്ലെന്ന് മുന്‍പ് പ്രസ്താവിച്ചിട്ടും, ഒരു ലൈവ് പ്രകടനത്തില്‍ ഗായിക ഈ ഗാനം ആലപിച്ചതാണ് സമൂഹമാധ്യമങ്ങളില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്.
ഗാനം തനിക്ക് ഏറെ ഇഷ്ടമുള്ളതുകൊണ്ടാണ് താന്‍ അത് പാടിയതെന്നും, എന്നാല്‍ ഭാവിയില്‍ സമാനമായ അര്‍ത്ഥങ്ങളുള്ള ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്യില്ലെന്ന ഉറച്ച നിലപാടില്‍ മാറ്റമില്ലെന്നും ശ്രേയ വ്യക്തമാക്കി. ഈ വിഷയത്തില്‍ തനിക്ക് യാതൊരു നാണക്കേടും തോന്നുന്നില്ലെന്നും, ചില ഗാനങ്ങള്‍ ഒരു കലാകാരന്റെ ജീവിതത്തിന്റെ ഭാഗമായി മാറുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 'സദസ്സിലുള്ള കുട്ടികള്‍ പോലും ആ പാട്ടിന് നൃത്തം ചെയ്‌തേക്കാം. ചിലപ്പോള്‍ ഞാന്‍ കണ്ണുകള്‍ അടയ്ക്കും. പക്ഷേ എനിക്ക് ആ പാട്ടിനെ നിഷേധിക്കാന്‍ കഴിയില്ല. അത് എന്റെ പാട്ടാണ്,' ശ്രേയ പറഞ്ഞു.
2025-ല്‍ ഒരു പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് ശ്രേയ 'ചിക്‌നി ചമേലി'യുടെ വരികളെക്കുറിച്ച് തന്റെ ആശങ്ക പങ്കുവെച്ചത്. പാട്ടിലെ വരികള്‍ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നുവെന്നും, കുട്ടികള്‍ അര്‍ത്ഥം മനസ്സിലാക്കാതെ ഇത് പാടുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും അന്ന് അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. 'ചിക്‌നി ചമേലി'ക്ക് ശേഷം സമാനമായ അര്‍ത്ഥതലങ്ങളുള്ള നിരവധി ഗാനങ്ങള്‍ പാടാന്‍ അവസരങ്ങള്‍ ലഭിച്ചെങ്കിലും, അവയെല്ലാം താന്‍ ഒഴിവാക്കുകയായിരുന്നു എന്നും, ഇനി ഇത്തരം പാട്ടുകള്‍ പാടില്ലെന്നും അന്ന് ശ്രേയ വ്യക്തമാക്കിയിരുന്നു.
താന്‍ ഒരു അമ്മയായതിന് ശേഷമല്ല ഈ തിരിച്ചറിവുണ്ടായതെന്നും, തന്റെ മകന്‍ എന്ത് കേള്‍ക്കുന്നു എന്നതിലല്ല, മറിച്ച് എല്ലാ കുട്ടികളും എന്ത് കേള്‍ക്കുന്നു എന്നതിലാണ് തന്റെ യഥാര്‍ത്ഥ ആശങ്കയെന്നും ശ്രേയ ഊന്നിപ്പറഞ്ഞു. 'കുട്ടികളോട് പോലും ബഹുമാനത്തോടെ സംസാരിക്കുന്ന ഒരു സംസ്‌കാരത്തിലാണ് ഞാന്‍ വളര്‍ന്നത്. അവര്‍ക്ക് എന്താണ് അനുയോജ്യമെന്ന് നമ്മള്‍ അറിഞ്ഞിരിക്കണം,' രാജസ്ഥാനിലെ തന്റെ വളര്‍ച്ചാ സാഹചര്യവും അവര്‍ ഓര്‍മ്മിപ്പിച്ചു.