കുട്ടികള്‍ക്ക് എപ്പോഴും ഭക്ഷണം കൊടുക്കേണ്ടത് വളരെ ശ്രദ്ധിച്ച് ആയിരിക്കണം. ജനിച്ച് വീഴുന്ന കുഞ്ഞിന് മുലപ്പാല്‍ കൊടുക്കുന്നിടത്ത് നിന്നും തുടങ്ങുന്നു അത്. കുഞ്ഞിന്റെ ആദ്യത്തെ പോഷകം അമ്മയുടെ മുലപ്പാലാണ്. കുഞ്ഞിന് ആവശ്യമായ എല്ലാ പോഷകങ്ങളും മുലപ്പാലില്‍ നിന്നും ലഭിക്കും. നിര്‍ബദ്ധമായും ആറുമാസം വരെ കുഞ്ഞിന് മുലപ്പാല്‍ മാത്രമേ കൊടുക്കാന്‍ പാടുള്ളു. ആറ് മാസത്തിന് ശേഷം മറ്റ് ആഹാരങ്ങള്‍ കൊടുത്ത് തുടങ്ങാം.
നാല് മുതല്‍ ആറ് മാസത്തിനുള്ളില്‍ കുഞ്ഞിന് മുലപ്പാല്‍ പോരാതെ വരുമ്പോള്‍ പാല് കുടിച്ചാലും കുഞ്ഞുങ്ങള്‍ കരഞ്ഞ് തുടങ്ങും. അപ്പോള്‍ മുതല്‍ കുഞ്ഞിന് കുറുക്ക് പോലുള്ള ആഹാരങ്ങള്‍ കൊടുത്ത് തുടങ്ങാം. ആറ് മാസത്തിന് ശേഷം കുഞ്ഞിന് പച്ചക്കറികളും പഴങ്ങളും നന്നായി വേവിച്ച് നല്‍കി തുടങ്ങാവുന്നതാണ്. കട്ടിയാഹാരങ്ങള്‍ സാവധാനം കൊടുത്ത് തുങ്ങുന്നതാണ് നല്ലത്. മാത്രമല്ല പിന്നീട് കുഞ്ഞിന്റെ ഇഷ്ടങ്ങള്‍ മനസിലാക്കി ആഹാരം കൊടുക്കാവുന്നതുമാണ് .
എന്നാല്‍ കുട്ടികള്‍ക്ക് ഒരു വയസ് തികയുമ്പോള്‍ മുതല്‍ അമ്മമാര്‍ നിര്‍ബന്ധിച്ച് അമിത ഭക്ഷണം കൊടുക്കുന്നത് കാണാം. ഇത് പൊതുവായ കാര്യമാണ്. എന്നാല്‍ അമിത ആഹാരം കുട്ടികള്‍ക്ക് ഗുണത്തേക്കാളേറെ ദോഷം മാത്രമേ ചെയ്യുകയുള്ളു.കുറച്ച് ആഹാരം കൊടുത്താലും അത് കുട്ടികള്‍ക്ക് ഗുണം ലഭിക്കുന്നതായിരിക്കണം. അമിതമായി ഭക്ഷണം കൊടുക്കുന്നത് കുഞ്ഞിന് അമിത ഭാരമുണ്ടാക്കാനേ സഹായിക്കൂ. അതുകൊണ്ട് തന്നെ എപ്പോഴും കുട്ടികള്‍ക്ക് ആരോഗ്യം നല്‍കുന്നതും ഗുണം നല്‍കുന്നതുമായ ഭക്ഷണം മാത്രം നല്‍കാന്‍ ശ്രദ്ധിക്കുക.