ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രൗണ്‍-അപ്പ്‌സ് തിയേറ്ററുകളില്‍ എത്തുന്നതിന് മുമ്പ് തന്നെ പാന്‍-ഇന്ത്യന്‍ സിനിമയുടെ ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണ്. ചലച്ചിത്ര മേഖലയെ അമ്പരപ്പിച്ചുകൊണ്ട്, ദില്‍ രാജുവിന്റെ നേതൃത്വത്തിലുള്ള ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സ് (SVC), ചിത്രത്തിന്റെ ആന്ധ്രാപ്രദേശ്, തെലങ്കാന വിതരണാവകാശം 120 കോടി രൂപയ്ക്ക് (അഡ്വാന്‍സ് ഓണ്‍ കമ്മീഷന്‍ അടിസ്ഥാനത്തില്‍) സ്വന്തമാക്കി. തെലുങ്ക് ഇതര ഭാഷാ ചിത്രങ്ങളില്‍ ഒരു സിനിമയ്ക്ക് ലഭിക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണിത്.
ടോക്‌സിക്കിന്റെ അണിയറപ്രവര്‍ത്തകരായ കെവിഎന്‍ പ്രൊഡക്ഷന്‍സും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും, എസ്വിസിയും തമ്മിലുള്ള ഈ കരാര്‍, സിനിമയുടെ വലിപ്പത്തിലും ബോക്‌സ് ഓഫീസ് സാധ്യതകളിലും വിപണിക്കുള്ള ശക്തമായ വിശ്വാസത്തെ അടിവരയിടുന്നു. ആന്ധ്ര-തെലങ്കാന വിതരണാവകാശത്തിനായി മൂന്ന് പ്രമുഖ കമ്പനികള്‍ രംഗത്തുണ്ടായിരുന്നെങ്കിലും, ഒടുവില്‍ എസ്വിസി ഈ കരാര്‍ ഉറപ്പിക്കുകയായിരുന്നു.
റോക്കിംഗ് സ്റ്റാര്‍ യഷിന്റെ 'ടോക്‌സിക്', യഥാര്‍ത്ഥ താരമൂല്യവും സിനിമയെക്കു റിച്ചുള്ള വീക്ഷണവും കാഴ്ചപ്പാടും എങ്ങനെ ഭാഷയുടെ അതിര്‍വരമ്പുകള്‍ മായ്ക്കാന്‍ കഴിയുമെന്നതിന്റെ പ്രതീകമായാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്തിനകത്തും പുറത്തും ആരാധകര്‍ക്കിടയിലുള്ള ആവേശം ചിത്രത്തിന്റെ പ്രീ-റിലീസ് ഹൈപ്പ് വര്‍ദ്ധിപ്പിക്കുന്നു. കെജിഎഫ് ചാപ്റ്റര്‍ 2-ന് ശേഷം തെലുങ്ക് സംസ്ഥാനങ്ങളില്‍ യാഷിന് ലഭിക്കുന്ന സ്വീകാര്യതയും ഈ വലിയ ബിസിനസ്സ് തുകയില്‍ പ്രതിഫലിക്കുന്നുണ്ട്.
'ഇന്ത്യന്‍ സിനിമയിലെ ശക്തമായ ഒരു താരമാണ് യാഷ്. കെജിഎഫ് 2-ന് ശേഷം ലോകമെമ്പാടും അദ്ദേഹത്തിന്റെ മാര്‍ക്കറ്റ് ഗണ്യമായി വളര്‍ന്നു. നാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം പുറത്തുവരുന്ന സിനിമയായതിനാല്‍ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ വളരെ വലുതാണ്. ഈ അഭിമാനകരമായ പ്രോജക്റ്റ് അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ അതീവ സന്തുഷ്ടരാണ്.' എന്ന് എന്ന് ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിലെ ദില്‍ രാജു അഭിപ്രായപ്പെട്ടു. 'ഭാവിയിലും യഷുമായി കൂടുതല്‍ സഹകരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദേശീയ അവാര്‍ഡുകളും നിരവധി ബ്ലോക്ക്ബസ്റ്ററുകളും സമ്മാനിച്ച എസ്വിസിയുടെ സാന്നിധ്യം ടോക്‌സിക്കിന്റെ മാറ്റുക്കൂട്ടുന്നു. സിനിമയോട് അഗാധമായ താല്പര്യമുള്ള ആന്ധ്ര, തെലങ്കാന വിപണികളില്‍ ചിത്രത്തിനുള്ള വലിയ സാധ്യതയാണ് ഈ കൂട്ടുകെട്ട് വിരല്‍ ചൂണ്ടുന്നത്.
യാഷും ഗീതു മോഹന്‍ദാസും ചേര്‍ന്ന് എഴുതി, ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന 'ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രൗണ്‍-അപ്പ്‌സ്' ഒരേസമയം കന്നഡയിലും ഇംഗ്ലീഷിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം തുടങ്ങി നിരവധി ഭാഷകളില്‍ മൊഴിമാറ്റം ചെയ്ത് ചിത്രം ആഗോളതലത്തില്‍ റിലീസ് ചെയ്യും.
ദേശീയ അവാര്‍ഡ് ജേതാവ് രാജീവ് രവി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് രവി ബസ്റൂര്‍ സംഗീതം നല്‍കുന്നു. ഉജ്ജ്വല്‍ കുല്‍ക്കര്‍ണിയാണ് എഡിറ്റര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ ടി.പി. ആബിദ്. ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ ജെ.ജെ. പെറി (ജോണ്‍ വിക്ക്), ദേശീയ അവാര്‍ഡ് ജേതാക്കളായ അന്‍ബറിവ്, കെച്ച ഖംഫക്ടി എന്നിവര്‍ ചേര്‍ന്നാണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്.
കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെയും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സിന്റെയും ബാനറില്‍ വെങ്കട്ട് കെ. നാരായണനും യാഷും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ടോക്‌സിക്, 2026 മാര്‍ച്ച് 19-ന് ഈദ്, ഉഗാദി, ഗുഡി പദ്വ ആഘോഷങ്ങളോടനുബന്ധിച്ച് ലോകമെമ്പാടും റിലീസ് ചെയ്യും.