കുട്ടികളില്‍ പല കാരണങ്ങള്‍ കൊണ്ട് വയറു വേദന ഉണ്ടാകാം. പ്രായത്തിനനുസരിച്ചും വയറു വേദനയുടെ സ്വഭാവമനുസരിച്ചുമെല്ലാം കാരണങ്ങള്‍ വ്യത്യാസപ്പെടുന്നു. മഞ്ഞപ്പിത്തം മുതല്‍ ഡെങ്കിപ്പനി വരെ വയറു വേദനയോടെ ആരംഭിക്കാം. അതുകൊണ്ട് വയറു വേദനയെ അത്ര നിസാരമായി തള്ളിക്കളയാനാവില്ല. പ്രത്യേകിച്ച് കുട്ടികളില്‍. വയറു വേദനയ്ക്ക് ചില വകഭേദങ്ങളുണ്ട്. പെട്ടെന്ന് വരുന്ന വയറു വേദന, സ്ഥിരമായിട്ടുള്ള വയറുവേദന അതികഠിനമായ വയറുവേദന ഇങ്ങനെയെല്ലാം വയറുവേദന വ്യത്യാസപ്പെട്ടിരിക്കുന്നു.
ദഹനക്കേട്, വയറിളക്കം, ഛര്‍ദി, അതിസാരം, ബികോംപ്ലസിന്റെ കുറവ് ഇവയെല്ലാം സാധാരണയായി കണ്ടുവരുന്ന വയറു വേദനയുടെ കാരണങ്ങളാണ്. നവജാതശിശുക്കളിലും വയറു വേദന സാധാരണമാണ്. എന്നാല്‍ എല്ലാ വയറു വേദനയെയും ഒരിക്കലും നിസാരമായി കാണരുത്. പ്രത്യേകിച്ച് കുഞ്ഞുങ്ങളില്‍ ഉണ്ടാകുന്ന വയറുവേദന. തീരെ ചെറിയ കുഞ്ഞുങ്ങളില്‍ മുലപ്പാല്‍ കുടിച്ചതിനു ശേഷം ഗ്യാസ് തട്ടി കളയാതിരുന്നാല്‍ വയറുവേദനയും ഛര്‍ദിയും ഉണ്ടാകാം. എന്നാല്‍ പരിശോധന കൂടാതെ രോഗനിര്‍ണയം നടത്തരുത്. പരിശോധിച്ചതിന് ശേഷം മാത്രം രോഗത്തിനുള്ള ചികിത്സ നല്‍കുക.
ഒരു വയസില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങളില്‍ കുടല്‍ മറിച്ചില്‍ കുടല്‍ കുരുക്കം അല്ലെങ്കില്‍ കുടലു മറിച്ചില്‍ ഉണ്ടാകാം. കുടലു മറിച്ചില്‍ ഉണ്ടാകുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് അസഹ്യമായ വേദന അനുഭവപ്പെടുന്നു. ചില കുഞ്ഞുങ്ങള്‍ നിര്‍ത്താതെ കരയുന്നതും കാണാം.കുഞ്ഞുങ്ങള്‍ ഭയന്നുകരയുന്നതു പോലെ ഉച്ചത്തില്‍ കരയുന്നത് കുടലു കുരുക്കം മൂലമാകാം. ഈ ഭാഗത്തെ രക്തയോട്ടം നിലയ്ക്കുന്നതാണ് ഇതിലെ അപകടാവസ്ഥ. സ്‌കാനിങ്ങിലൂടെ ഇത് കണ്ടെത്താനാ കഴിയും. എന്നാല്‍ ചില കേസില്‍ സര്‍ജറി വേണ്ടി വരുന്നു. ഇതിന് പുറമേ മറ്റ് ചികിത്സകളും കുടല്‍ കുരുക്കത്തിനുണ്ട്.