കേരളത്തിലെ ഒരു ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ച് മദ്യപിച്ചെത്തിയ ആരാധകനെയും പിന്നീട് അയാള്‍ കൂട്ടിക്കൊണ്ടുവന്ന ഏഴംഗ സംഘത്തെയും താന്‍ നേരിട്ട ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി തമിഴ് നടി സായ് ധന്‍ഷിക. അപ്രതീക്ഷിതമായ ഈ ആക്രമണങ്ങളെ നേരിടാന്‍ താന്‍ പഠിച്ച ആയോധനകലകള്‍ പ്രയോഗിക്കേണ്ടി വന്നുവെന്നും നടി വ്യക്തമാക്കി.
ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് സായ് ധന്‍ഷിക ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഒരു ഷൂട്ട് ബ്രേക്കിനിടെ കാരവാനിലേക്ക് പോകുമ്പോള്‍ മദ്യപിച്ച ഒരാള്‍ ഫോട്ടോയെടുക്കാന്‍ സമീപിക്കുകയായിരുന്നു. മദ്യപിച്ചിരിക്കുന്നതിനാല്‍ ഫോട്ടോയെടുക്കാന്‍ കഴിയില്ലെന്ന് താന്‍ പറഞ്ഞപ്പോള്‍ അയാള്‍ തര്‍ക്കമുണ്ടാക്കി. തുടര്‍ന്ന് താന്‍ അയാള്‍ക്ക് നല്ല മര്‍ദ്ദനം നല്‍കി പറഞ്ഞുവിട്ടുവെന്നും നടി വിശദീകരിച്ചു.
ഈ സംഭവം കഴിഞ്ഞ് അധികം വൈകാതെ, അയാള്‍ ഏഴ് പേരുള്ള ഒരു സംഘവുമായി ലൊക്കേഷനിലേക്ക് തിരിച്ചെത്തി. ഇതോടെ അവിടെ വലിയ സംഘര്‍ഷമുണ്ടായി. പ്രശ്‌നത്തില്‍ തന്റെ കെയര്‍ടേക്കറെ ഉപദ്രവിക്കാന്‍ ശ്രമിച്ചതാണ് ദേഷ്യം വര്‍ദ്ധിപ്പിച്ചതെന്നും നോക്കിനില്‍ക്കാന്‍ തനിക്ക് കഴിഞ്ഞില്ലെന്നും സായ് ധന്‍ഷിക കൂട്ടിച്ചേര്‍ത്തു. ഈ സാഹചര്യത്തില്‍ താന്‍ ആയോധനകലകള്‍ ഉപയോഗിച്ച് ഇവരെ പ്രതിരോധിച്ചു.
സംഘര്‍ഷം നിയന്ത്രണാതീതമായപ്പോള്‍, സംവിധായകനും നായകനും ചേര്‍ന്ന് തന്നെ പിടിച്ചുമാറ്റേണ്ടി വന്നുവെന്നും ദേഷ്യം അടക്കാന്‍ കഴിഞ്ഞില്ലെന്നും അവര്‍ പറഞ്ഞു. അതേസമയം, തമിഴ് നടന്‍ വിശാലുമായി സായ് ധന്‍ഷികയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. തമിഴ് സിനിമ സംഘടനയായ നടികര്‍ സംഘത്തിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായാലുടന്‍ വിവാഹം നടക്കുമെന്നും സായ് ധന്‍ഷിക അടുത്തിടെ അറിയിച്ചിരുന്നു.