കുഞ്ഞുങ്ങളെ സംബന്ധിച്ച് അവര്‍ക്ക് പെട്ടെന്ന് അസുഖങ്ങള്‍ പിടിപെടാം. അങ്ങനെ പിടിപെടുന്ന അസുഖങ്ങളില്‍ ഒന്നാണ് ചെവിയില്‍ ഉണ്ടാകുന്ന അണുബാധ. കുഞ്ഞുങ്ങളുടെ ചെവിയില്‍ അണുബാധ പെട്ടെന്ന് പിടിപെടാം. പലപ്പോഴും മുലപ്പാല്‍ മധ്യകര്‍ണ്ണത്തിലെത്തി പഴുപ്പുണ്ടാവാനിടയുണ്ട്. ചെവിയുടെ ഉള്ളിലേക്കുള്ള നാളിയില്‍ ഉണ്ടാവുന്ന തടസ്സം മൂലം കര്‍ണ്ണപടത്തിന് പിറകില്‍ ദ്രവം കെട്ടിനില്‍ക്കുന്നു. ഇതില്‍ ബാക്ടീരിയ വളരുന്നതാണ് ചെവി പഴുക്കാന്‍ പ്രധാന കാരണം.
ജലദോഷം പിടിപെടുമ്പോഴും ചെവിവേദന വരാം. കിടന്നുകൊണ്ട് കുഞ്ഞിനെ മുലയൂട്ടുമ്പോള്‍ പാല്‍ ശ്വാസകോശത്തിലേക്ക് കയറിപ്പോവാം. ഇത് അണുബാധയ്ക്ക് ഇടയാക്കുന്നു. ചെവിയൊലിപ്പ് ആണ് ഇതിന്റെ പ്രധാന ലക്ഷണം. ചെവിയുടെ പുറത്തുണ്ടാകുന്ന കുരുക്കള്‍ കാരണവും ചെവിവേദന വരാറുണ്ട്. കുട്ടികള്‍ ചെവിയില്‍ എന്തെങ്കിലും എടുത്തിടുന്നത് പിന്നീട് അണുബാധയ്ക്കിടയാക്കാറുണ്ട്. ചെവിയുടെ ഉള്ളിലേക്ക് കടക്കുന്ന പ്രാണിയോ മറ്റെന്തെങ്കിലും വസ്തുക്കളും ചെവിക്കായത്തില്‍ ഉറച്ച് വേദനയുണ്ടാക്കാന്‍ തുടങ്ങും. ഇയര്‍ ബഡ്സിട്ട് ഒരിക്കലും ചെവി വൃത്തിയാക്കാന്‍ ശ്രമിക്കരുത്. ബഡ്സിടുമ്പോള്‍ ചെവിക്കുള്ളിലെ ചെവിക്കായം വീണ്ടും ഉള്ളിലേക്ക് നീങ്ങിപ്പോവുന്നു. ചെവിക്കായം ചെവിയുടെ സുരക്ഷയ്ക്ക് വേണ്ടിയുള്ളതാണ്.
അതേസമയം ചെവിവേദന വരുമ്പോള്‍ എണ്ണ ഇറ്റിക്കുക, ഉള്ളിനീര് വീഴ്ത്തുക പോലുള്ളതൊന്നും ചെയ്യരുത്. മാത്രമല്ല ചെവിക്കായം കളയാന്‍ ഇയര്‍ ബഡ്സ് ഉപയോഗിക്കരുത്.