കുട്ടികൾക്ക് ആസ്മ വരുന്നത് പതിവുള്ള കാര്യമാണ്. കൈകുഞ്ഞുങ്ങൾ കൂടുതൽ കരയുമ്പോൾ സാധാരണയായി അവർക്ക് ആസ്മ ഉണ്ടാകുന്നു. ശ്വാസനാളത്തിൽ ഉണ്ടാകുന്ന സ്ഥായിയായ കോശജ്വലനത്താൽ ശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധസംവിധാനം അമിതമായി പ്രതികരിക്കുകയും തന്മൂലം വലിവും ശ്വാസം മുട്ടലും ചുമയും കഫക്കെട്ടും ഉണ്ടാകുകയും ചെയ്യുന്ന ഒരു കാസ രോഗമാണ് ആസ്മ. ശ്വാസകോശത്തിൽ സൂക്ഷ്മവും സ്ഥൂലവുമായ പല മാറ്റങ്ങളും ആസ്മയിൽ കാണാം. പൊടിയും പുകയും പൂമ്പൊടിയും പോലുള്ള അലർജനുകൾ അടങ്ങിയ ചുറ്റുപാടുകൾ കുട്ടികളിലെ ആസ്മയെ ഉണർത്തുകയാണ് ചെയ്യുന്നത്.
കഫമുള്ളതോ അല്ലാത്തതോ ആയ ചുമ ആസ്മയിൽ കാണാറുണ്ട്. പലപ്പോഴും ആസ്മ ആരംഭിക്കുന്നതു തന്നെ തൊണ്ടയിൽ കാറിച്ചയോടു കൂടിയുള്ള ചുമയായിട്ടാണെങ്കിലും ചെറിയൊരു ശതമാനം രോഗികളിൽ ആസ്മയിൽ ചുമ മാത്രമേ ലക്ഷണമായി കാണാറുള്ളൂ. പൊടി അടിക്കുമ്പോൾ കുട്ടികൾ ചുമച്ചു തുടങ്ങുന്നു, അല്ലെങ്കിൽ കുഞ്ഞ് കുട്ടികൾ കരയുമ്പോൾ സാധാരണയായി ചുമ വരുന്നു. പട്ടണചുറ്റുപാടുകളിലുള്ളവരെ അപേക്ഷിച്ച് നാട്ടിൻപുറങ്ങളിൽ വളരുന്ന കുട്ടികളിൽ ആസ്മയുടെ സാന്നിധ്യം കുറവാണെന്ന് കണ്ടിട്ടുണ്ട്. മാത്രമല്ല അന്തരീക്ഷ മലിനീകരണം കൂടുതലുള്ള സ്ഥലങ്ങളിൽ വസിക്കുന്ന കുട്ടികളിൽ ശ്വസന ശേഷി ചുരുങ്ങുന്നതായും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പുകവലിക്കുന്ന ആളുകളുടെ അടുത്ത് നിൽക്കുന്ന കുട്ടികൾക്കും ഇത് കാണപെടുന്നുണ്ട്. അത് പോലെ തന്നെ പാരമ്പര്യമായും കുട്ടികളിലേക്ക് ഈ അസുഖം വരുന്നു.
ഇതു ചികിത്സിച്ച് മാറ്റാവുന്ന ഒരു രോഗമല്ല, എന്നാൽ ലക്ഷണങ്ങളെ പൂർണമായും നിയന്ത്രിച്ചു നിർത്താനാവും. ശ്വാസനാളസങ്കോചത്തിനു കാരണമാകുന്ന ജൈവപ്രക്രിയകളെയും രോഗപ്രതിരോധവ്യൂഹത്തിന്റെ അമിതപ്രതികരണങ്ങളെയും നിയന്ത്രിക്കാനുള്ള മരുന്നുകളാണു മുഖ്യമായും ആസ്മയ്ക്കുള്ള ചികിത്സയിൽ ഉപയോഗിച്ചുവരുന്നത്. കൌമാരപ്രായമെത്തും വരെയുള്ള കാലം നോക്കിയാൽ ആസ്മ കൂടുതലും ആൺകുട്ടികളിലാണു കാണാറ്. എന്നാൽ അതിനുശേഷമുള്ള പ്രായവിഭാഗത്തിലെ ആസ്മക്കാരിൽ പെൺകുട്ടികളാണു മുന്നിൽ.