സംവിധായകന്‍ പത്മരാജന്റെ ഓര്‍മ ദിവസത്തില്‍ വൈകാരിക കുറിപ്പുമായി ഗായകന്‍ ജി വേണുഗോപാല്‍. പത്മരാജന്റെ വിയോഗ വാര്‍ത്ത അറിഞ്ഞതിനെക്കുറിച്ചും വേണുഗോപാല്‍ കുറിപ്പില്‍ പറയുന്നുണ്ട്. മരിക്കുന്നതിന് തൊട്ടു മുമ്പത്തെ ആഴ്ചയും അദ്ദേഹത്തെ കണ്ട് സംസാരിച്ചതിന്റെ ഓര്‍മകളും അദ്ദേഹം പങ്കിടുന്നുണ്ട്.
'ആകാശവാണിയുടെ പടികള്‍ എന്റെ വല്യമ്മയുടെ കൈകളില്‍ തൂങ്ങി കയറിയ നാളുകളില്‍ അവിടെ പരിചയപ്പെട്ട രണ്ട് നക്ഷത്ര രാജകുമാരന്മാരായിരുന്നു എം.ജി. രാധാകൃഷ്ണന്‍ ചേട്ടനും പത്മരാജന്‍ സാറും. രാധാകൃഷ്ണന്‍ ചേട്ടനായിരുന്നു സിനിമാ പിന്നണിയില്‍ എന്നെക്കൊണ്ട് ആദ്യ നാലു വരികള്‍ പാടിച്ചത്. പത്മരാജന്‍ സാറിന്റെ തൂവാനത്തുമ്പികളും മൂന്നാം പക്കവും ആയിരുന്നു എന്റെ ആദ്യകാല എവര്‍ ഗ്രീന്‍ ഹിറ്റ്സ് നല്‍കിയത്.
ഇതുപോലൊരു ജനുവരി 23 ന് മുപ്പത്തിയഞ്ച് വര്‍ഷങ്ങള്‍ മുന്‍പ് തിരുവനന്തപുരം ആകാശവാണിയില്‍ പ്രോഗ്രാം എക്സിക്യൂട്ടീവായി ജോലി നോക്കുമ്പോള്‍ പ്യൂണ്‍ മനോഹരന്‍ ഓടി വന്ന് പറഞ്ഞു. 'സാര്‍ ന്യൂസ് സെക്ഷനിലേക്ക് അത്യാവശ്യമായ് വിളിയ്ക്കുന്നു'. അവിടെ വാര്‍ത്തകള്‍ വായിക്കുന്ന പ്രതാപന്‍ ചേട്ടനും ന്യൂസ് എഡിറ്റിറ്റും വിറയ്ക്കുന്ന കരങ്ങളിലേന്തിയ ടെലി പ്രിന്റര്‍ ന്യൂസിലെ കടും നീല ഇംഗ്ലീഷ് അക്ഷരങ്ങള്‍ ' noted cine director and literateur p padmarajan found dead at hotel room in Calicut' കണ്ട് ഞാന്‍ ശബ്ദിക്കാനാകാതെ നിന്നു.
തൊട്ടു മുന്‍പത്തെ ആഴ്ച, ചെന്നൈ രഞ്ജിത് ഹോട്ടലിന്റെ തീന്‍ മുറിയിലെ ഇരുണ്ട വെളിച്ചത്തില്‍ ഭക്ഷണം കഴിഞ്ഞ് രശ്മിയുമായി പുറത്തിറങ്ങുമ്പോള്‍ ഒരു വിളി പുറകില്‍ നിന്ന്. 'എടാ വേണൂ'. അടുത്തു ചെന്നപ്പോള്‍ പത്മരാജന്‍ സാര്‍, ഭരതേട്ടന്‍, അന്ന് സാറിന്റെ സംവിധാന സഹായിയായിരുന്ന ജോഷി മാത്യു. എന്റെ ചെവിയില്‍ ആ ശബ്ദം മുഴങ്ങുന്നത് പോലെ!
അന്ന് ഞങ്ങള്‍ മൂന്ന് പേര്‍, ഞാന്‍, പെരുമ്പാവൂര്‍ രവീന്ദ്രനാഥ്, നെയ്യാറ്റിന്‍കര വാസുദേവന്‍, മുതുകുളത്തെ ഞവരയ്ക്കല്‍ തറവാട്ടിലെത്തി. കഥ പറഞ്ഞ് പറഞ്ഞ്, അമ്മ കഥാകാരനാക്കിയ പി. പത്മരാജന്‍ അദ്ദേഹത്തിന്റെ ഞവരയ്ക്കല്‍ തറവാട്ടില്‍ ശാന്തനായ് ഉറങ്ങുന്നു. കൃത്യം നാല്‍പ്പത്തഞ്ച് വയസ്സില്‍ നിത്യതയില്‍ വിലയം പ്രാപിച്ച മറ്റ് രണ്ട് സഹോദരങ്ങളെപ്പോലെ, അദ്ദേഹവും യാത്ര മതിയാക്കി മടങ്ങുന്നു. എത്രയോ കഥകളും കാലാകാലങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട സിനിമകളും അന്ന് അദ്ദേഹത്തിന്റെ ചിതയില്‍ എരിഞ്ഞമര്‍ന്നു' ജി വേണുഗോപാല്‍ കുറിച്ചു.