രണ്ടര മാസം മുമ്പാണ് നടന്‍ അപ്പാനി ശരത്ത് ഭാര്യ രേഷ്മയുടെ വളക്കാപ്പ് ആഘോഷം നടത്തിയത്. ബിഗ്ബോസ് താരങ്ങള്‍ അടക്കം എത്തി ആഘോഷമാക്കിയ ചടങ്ങിന്റെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, രേഷ്മ ഇവരുടെ മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കിയിരിക്കുകയാണെന്ന വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്. അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ ശരത് കുമാര്‍ എന്ന അപ്പാനി ശരത് ആദ്യ സിനിമയിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതിന് തൊട്ട് പിന്നാലെയാണ് വിവാഹിതനാകുന്നത്.
കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ ഒരുമിച്ച് പഠിച്ച ഇരുവരും തമ്മിലുള്ള പ്രണയമാണ് വിവാഹത്തിലേക്ക് എത്തിയത്. 2017ലാണ് ശരത്തും രേഷ്മയും വിവാഹിതരാവുന്നത്. വര്‍ഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഈ താരവിവാഹം. പിന്നാലെ 2018ല്‍ തന്നെ ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് ജനിച്ചു. തുടര്‍ന്ന് മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഒരു മകനും ജന്മം നല്‍കിയത്. ഇപ്പോഴിതാ, നാലു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരാണ്‍ കുഞ്ഞിന് കൂടി രേഷ്മ ജന്മം നല്‍കിയിരിക്കുന്നത്. ഇരുവരുടേയും സുഹൃത്തുക്കള്‍ തന്നെയാണ് ഈ വിശേഷം അറിയിച്ചതും.
ഇന്നു രാവിലെയായിരുന്നു പ്രസവം. മകള്‍ക്കും മകനും കൂട്ടായി ഒരാള്‍ കൂടി എത്തിയതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ ഇരുവരും. അങ്കമാലി ഡയറീസിലൂടെ സിനിമയില്‍ അരങ്ങേറിയ അപ്പാനി ശരത് ഇന്ന് മലയാളത്തിലും തമിഴിലും സുപരിചിതനാണ്. മാത്രമല്ല, താരം ഇത്തവണത്തെ ബിഗ് ബോസ് മലയാളത്തിലും മാറ്റുരച്ചിരുന്നു.
35 ദിവസങ്ങള്‍ക്കു ശേഷം അപ്പാനി എവിക്ട് ആകുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഭാര്യയുടെ വിശേഷവും പുറത്തു വന്നത്. ബിഗ്ബോസിനു ശേഷം സഹമല്‍സരാര്‍ത്ഥികളുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്നയാള്‍ കൂടിയാണ് അപ്പാനി ശരത്. ശരത്തിന്റെ ഭാര്യ രേഷ്മയുടെ വളകാപ്പ് ചടങ്ങ് ആഘോഷമാക്കാനെത്തിയവരില്‍ ബിഗ്ബോസ് താരങ്ങളും ഉണ്ടായിരുന്നു.
ആദില, നൂറ, ബിന്നി, സാബുമാന്‍, ഒനീല്‍ സാബു, അക്ബര്‍ തുടങ്ങിയ താരങ്ങളെല്ലാം വളകാപ്പ് ചടങ്ങിനായി എത്തിയിരുന്നു. കേരളാസാരി അണിഞ്ഞാണ് ആദിലയും നൂറയും ചടങ്ങില്‍ പങ്കെടുക്കാന്‍ വന്നത്. ''എന്റെ പ്രിയപ്പെട്ട സഹോദരിമാര്‍ക്കൊപ്പം ഒരു സ്പെഷ്യല്‍ ഡേ'' എന്നായിരുന്നു നൂറയ്ക്കും ആദിലയ്ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത് ശരത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ''വീണ്ടും എല്ലാവര്‍ക്കും ഒത്തുകൂടാന്‍ അവസരം ഒരുക്കിയതിന് നന്ദി'' എന്ന് പറഞ്ഞാണ് ഒനീല്‍ വളകാപ്പ് ചടങ്ങിന്റെ റീല്‍ പങ്കുവെച്ചത്. അക്ബറും വളകാപ്പ് ചടങ്ങില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. അപ്പാനിയുമൊത്തുള്ള രസകരമായ വിഡിയോയാണ് അക്ബര്‍ പങ്കുവെച്ചത്.
കാലടി ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ അവതരിപ്പിച്ച സൈക്കിളിസ്റ്റ് എന്ന നാടകം ഹിറ്റായതാണ് ശരത്തിന്റെ കലാജീവിതത്തില്‍ വഴിത്തിരിവായത്. തുടര്‍ന്ന് കാലടി സര്‍വകലാശാലയില്‍ നാടകത്തില്‍ ബിരുദാനന്തര ബിരുദത്തിന് ചേര്‍ന്നു. പിജി പഠിക്കുന്നതിനിടെ പങ്കെടുത്ത ഒരു ഓഡിഷനിലൂടെയാണ് ശരത്തിന് സിനിമയിലേക്കുള്ള വഴി തെളിയുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലെ അപ്പാനി രവി എന്ന കഥാപാത്രമാണ് വെള്ളിത്തിരയിലെ അരങ്ങേറ്റ വേഷം. കഥാപാത്രത്തിന്റെ പേര് സ്വന്തമായി സ്വീകരിച്ച് പിന്നീട് അപ്പാനി ശരത് എന്ന പേരിലാണ് താരം അറിയപ്പെടുന്നത്.