അമ്മതൻ ചിന്മുദ്രയാണീ എഴുത്തുകൾ
തൻ മകനായ് പകർന്ന പാൽമുത്തുകൾ
ഇന്നു നാം വീടിന് മോടികൂട്ടും നേരം
ഒന്നായ് അടുക്കി ഒതുക്കി വെയ്ക്കട്ടെ ഞാൻ
അമ്മതൻ ചിന്മുദ്രയാണീ എഴുത്തുകൾ
തൻ മകനായ് പകർന്ന പാൽമുത്തുകൾ
ഇന്നു നാം വീടിന് മോടികൂട്ടും നേരം
ഒന്നായ് അടുക്കി ഒതുക്കി വെയ്ക്കട്ടെ ഞാൻ
പട്ടണകോപ്പു നിറയ്ക്കയാൽ
ഈ ചില്ലുപെട്ടികൾ തിങ്ങി
പട്ടണകോപ്പു നിറയ്ക്കയാൽ
ഈ ചില്ലുപെട്ടികൾ തിങ്ങി
നിൻ ഇഷ്ടമാണെന്റെയും
കാല്പെട്ടിയിൽ വെച്ച് താഴിട്ട്
പിന്നിലെ ചായ്പ്പിലൊളിച്ചാൽ
അറിയില്ല കുട്ടികൾ
എത്ര കൗതൂഹലം നോക്കിയാൽ മിണ്ടും
ഈ ചിത്രലേഖത്തിന്റെ താളുകൾ
എത്ര കൗതൂഹലം നോക്കിയാൽ മിണ്ടും
ഈ ചിത്രലേഖത്തിന്റെ താളുകൾ
അമ്മതൻ വാത്സല്യം, ഉത്കണ്ഠ,
സാരോപദേശങ്ങൾ, വേദന,
പ്രാർത്ഥന, നാമ സങ്കീർത്തനം,
നാട്ടുപുരാണങ്ങൾ, വീട്ടുവഴക്കുകൾ,
കൂട്ടുത്സവങ്ങൾ, വിതപ്പൊലിപാടുകൾ,
നാവേറുമന്ത്രം, നറുക്കില പൂവുകൾ,
നീർവീഴ്ചയാറ്റാൻ മരുന്നു കുറിപ്പുകൾ.
അമ്മതൻ വാത്സല്യം, ഉത്കണ്ഠ,
സാരോപദേശങ്ങൾ, വേദന,
പ്രാർത്ഥന, നാമ സങ്കീർത്തനം,
നാട്ടുപുരാണങ്ങൾ, വീട്ടുവഴക്കുകൾ,
കൂട്ടുത്സവങ്ങൾ, വിതപ്പൊലിപാടുകൾ,
നാവേറുമന്ത്രം, നറുക്കില പൂവുകൾ,
നീർവീഴ്ചയാറ്റാൻ മരുന്നു കുറിപ്പുകൾ.
നാദമായ് വന്നു എന്റെ നാവിലെ തേനായ്
നാഭിയിൽ സ്ഫന്ദിച്ചതീ ഉള്ളെഴുത്തുകൾ
നാദമായ് വന്നു എന്റെ നാവിലെ തേനായ്
നാഭിയിൽ സ്ഫന്ദിച്ചതീ ഉള്ളെഴുത്തുകൾ
ഈ ഉള്ളെഴുത്തുകൾ ഓരോന്നിനോരോ മൊഴിചന്തം
അമ്മയാം നേരിന്റെ ഈണവും, താളവും, ഇമ്പവും
അമ്മയ്ക്ക് മാത്രം തരാൻ കഴിയുന്ന വെന്മയും
ഞാനാകും ഓർമ്മതൻ ഭൂമിയും
ഭദ്രമായ് തന്നെയിരിയ്ക്കട്ടെ
കുട്ടികൾ തൊട്ടുവായിച്ചാൽ
അശുദ്ധമെന്നോതി നീ
എന്തു നവീനം, കുലീനം
പ്രിയേ; നിന്റെ സുന്ദരദൃഷ്ടി
നിൻ ഇഷ്ടമാണെന്റെയും.
അമ്മയുടേതാം എഴുത്തുകളൊക്കെയും
അമ്മയായ് തന്നെ ഒതുങ്ങിയിരിയ്ക്കട്ടെ.
നമ്മൾ വിദേശത്ത് നിർമ്മിച്ചൊരമ്മതൻ ബിംബം
ഈ ആദിത്യശാലയിൽ ശോഭനം!
പൊക്കിളിൻ വള്ളി അടർത്തിക്കളഞ്ഞു-
നിൻ പൊൽക്കരൾ കൂട്ടിന്റെ ഉള്ളിൽ വന്നപ്പോഴെ
പോയകാലത്തിൻ മധുരങ്ങളിൽ
കൊതിയൂറുന്ന ശീലം മറന്നുതുടങ്ങി ഞാൻ
എങ്കിലും അമ്മ ഒരോർമ്മയായ്
ആദിമസംഗീതമായ് വന്നു മൂളുന്നിടയ്ക്കിടെ
അമ്മയൊരോർമ്മ ഈ പുത്തൻ പ്രകാശങ്ങൾ
ജന്മമാടും വനപ്രാചീന നീലയിൽ
മങ്ങിയമർന്നതാ ഓർമ്മ
വല്ലപ്പോഴും നമ്മളോർത്താലും
ഇല്ലെങ്കിലും കാവലായ്
പിമ്പേ പറക്കും കുളിർമ്മ
രക്തത്തിലെ ചൂടായ് നിൽക്കുന്ന
തന്മയും താളവും.
അമ്മയുടേതാം എഴുത്തുകളൊക്കെയും
അമ്മയായ് തന്നെയിരിയ്ക്കട്ടെ എപ്പോഴും
ആരുവായിയ്ക്കും ഈ മായുമെഴുത്തുകൾ?
ആരുടെ നാവിലുയിർക്കുമീ ചൊല്ലുകൾ?
നാളെയീ കുട്ടികൾ ചോദിയ്ക്കുമോ.?
നമ്മളാരുടെ കുട്ടികൾ? ആരുടെ നോവുകൾ?
തായ്മൊഴിതൻ ഈണമെങ്ങിനെ?
നാവെടെത്തോടുന്നതെങ്ങിനെ?
ഓർക്കുന്നതെങ്ങിനെ?
തായ്മനസ്സിന്റെ തുടിപ്പുകളെങ്ങിനെ?
തായ്ചൊല്ലിലൂറിയ താളങ്ങളെങ്ങിനെ?
താരാട്ടിലോലുന്ന മാധുര്യമെങ്ങിനെ?
താൻ തന്നെ വന്നു പിറന്നതുമെങ്ങിനെ?
ആരു തേടും നാളെ കുട്ടികളോർക്കാനും
അമ്മയെ വേണ്ടായിരിയ്ക്കുമോ.?
കടപ്പാട്: മധുസൂദനൻ നായർ