മലയാളം ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയതാരവും നര്‍ത്തകിയുമായ സൗമ്യ ഭാഗ്യനാഥന്‍ പിള്ള, മകനോടൊപ്പം വേദിയില്‍ നൃത്തം അവതരിപ്പിച്ച് തന്റെ ചിരകാല സ്വപ്നം യാഥാര്‍ത്ഥ്യമാക്കി. അപ്രതീക്ഷിതമായി ലഭിച്ച ഈ സുവര്‍ണ്ണാവസരത്തെ ക്കുറിച്ചും മകനൊപ്പമുള്ള പ്രകടനത്തെക്കുറിച്ചുമുള്ള സന്തോഷം താരം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചു.
മകനൊപ്പമുള്ള നൃത്തവീഡിയോ പങ്കുവെച്ചുകൊണ്ട് സൗമ്യ കുറിച്ചത് ഇങ്ങനെയാണ്: 'നാലാമത്തെ വയസ്സില്‍ അരങ്ങേറ്റം കുറിച്ച നാള്‍ മുതല്‍ നൃത്തം എന്റെ ജീവിതത്തില്‍ ഉടനീളം കൂടെ ഉണ്ട്. എനിക്കൊരു മോള്‍ ആയിരുന്നെങ്കില്‍ അവളെ ഡാന്‍സ് പഠിപ്പിച്ച് എന്റെ ഒപ്പം കളിപ്പിക്കാമായിരുന്നു എന്ന് ഓര്‍ത്തിട്ടുണ്ട്.' കഴിഞ്ഞ ദിവസം താന്‍ നൃത്തം പരിശീലിച്ചുകൊണ്ടിരിക്കുമ്പോള്‍ മകന്‍, അമ്മയോടൊപ്പം ഡാന്‍സ് ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു.
മകന്റെ താല്പര്യം കണ്ടപ്പോള്‍ അടുത്ത ദിവസത്തെ പരിപാടിക്കായി അരമണിക്കൂറിനുള്ളില്‍ ഒരു ചെറിയ നൃത്തം ഗുരു ചിട്ടപ്പെടുത്തി നല്‍കി. യാതൊരു മുന്നൊരുക്കവുമില്ലാതെ പഠിപ്പിച്ച എല്ലാ ചുവടുകളും കൃത്യമായി ഓര്‍മ്മവെച്ച് മകന്‍ തന്റെ കൂടെ പാട്ടുകുളം അമ്പലത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചെന്നും, അത് തന്റെ പ്രതീക്ഷകള്‍ക്കും അപ്പുറമായിരുന്നെന്നും സൗമ്യ കൂട്ടിച്ചേര്‍ത്തു. 'ഒരുപാട് സന്തോഷവും അഭിമാനവും തോന്നിയ നിമിഷങ്ങളായിരുന്നു അത്,' അവര്‍ പറഞ്ഞു. തങ്ങള്‍ക്ക് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും സൗമ്യ നന്ദി അറിയിച്ചു.
'അളിയന്‍സ്' എന്ന പരമ്പരയിലെ ലില്ലിക്കുട്ടി എന്ന കഥാപാത്രത്തിലൂടെയാണ് സൗമ്യ ഭാഗ്യനാഥന്‍ കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. ഒരു മികച്ച നര്‍ത്തകി കൂടിയായ സൗമ്യ പഠനകാലത്ത് നൃത്തത്തിന് നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. സ്‌കിറ്റുകളിലൂടെയാണ് താരം ശ്രദ്ധേയയായത്. സോഷ്യല്‍ മീഡിയയിലും സജീവമായ സൗമ്യക്ക് ഈ നൃത്തപ്രകടനം ഒരു അമ്മയുടെയും കലാകാരിയുടെയും ആഗ്രഹങ്ങളുടെ മനോഹരമായ പൂര്‍ത്തീകരണമായി മാറി.